ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിന്‍കീഴില്‍ എട്ട് കോടി കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കും

Posted On: 16 MAY 2020 5:20PM by PIB Thiruvananthpuram



രാജ്യത്ത് ഒരാളും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ കൃഷി ഭവനില്‍, വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനായി എട്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. ഇവയുടെ വിതരണം, ചരക്കുനീക്കം, ഡീലറുടെ ലാഭം തുടങ്ങി എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 ധാന്യ വിതരണം പൂര്‍ത്തിയാക്കിയതിനുശേഷം ഇതു സംബന്ധിച്ച് വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ജൂലൈ 15 നു മുമ്പായി വിതരണം ചെയ്ത ധാന്യത്തിന്റെ അളവ്, മിച്ചമുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിമാരുമായി അടുത്ത ആഴ്ച യോഗം ചേരുമെന്നും ശ്രീ പാസ്വാന്‍ പറഞ്ഞു.

2020 -  മെയ് 1 വരെ 17 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ ചേര്‍ന്നതായി മന്ത്രി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങള്‍ കൂടി ജൂണ്‍ - ഓഗസ്റ്റ് മാസങ്ങളിലായി ചേരുമെന്നും അതോടെ 23 സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാകുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. 2021 മാര്‍ച്ചോടുകൂടി, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ഭക്ഷ്യ വിതരണ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും ശ്രീ. രാം വിലാസ് പസ്വാന്‍ കൂടിച്ചേര്‍ത്തു.

 

***



(Release ID: 1624504) Visitor Counter : 299