ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിതല സമിതിയോഗം ചേര്‍ന്നു;  നിലവിലെ സാഹചര്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി

Posted On: 15 MAY 2020 3:29PM by PIB Thiruvananthpuram

 

കോവിഡ് പശ്ചാത്തലത്തില്‍, കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ 15-ാമത് യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ വ്യോമയാന വകുപ്പ് മന്ത്രി ശ്രീ ഹര്‍ദീപ് സിങ് പുരി, വിദേശകാര്യ മന്ത്രി ഡോ എസ്. ജയശങ്കര്‍, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ റായ്, ഷിപ്പിങ് സഹമന്ത്രി ശ്രീ മന്‍സുഖ് ലാല്‍ മാണ്ഡവ്യ, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബേ, പ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്ത് എന്നിവര്‍ പങ്കെടുത്തു.

ആഗോളതലത്തിലും ഇന്ത്യയ്ക്കകത്തുമുള്ള കോവിഡ് 19 സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. ഇന്ത്യയില്‍, 81,970 പേര്‍ക്ക് രോഗം ബാധിക്കുകയും 2,649 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മരണനിരക്ക് 3.23% ആണ്. 27,920 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 1,685 പേര്‍ രോഗമുക്തി നേടി. ഇതോടെ, രോഗമുക്തി നിരക്ക് 34.06% ആയി.
രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് ലോക്ക്ഡൗണിന് മുന്‍പുള്ള ആഴ്ചയില്‍ 3.4 ദിവസമായിരുന്നത് കഴിഞ്ഞ ആഴ്ചയില്‍ 12.9 ദിവസം എന്ന തോതിലേയ്ക്ക് ഉയര്‍ന്നതായി യോഗം വിലയിരുത്തി. ലോക്ക്ഡൗണിന്റെ നേട്ടമാണിതെന്ന് യോഗം നിരീക്ഷിച്ചു.

ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗം സന്തുഷ്ടി രേഖപ്പെടുത്തി. 919 കോവിഡ് ആശുപത്രികള്‍, 2036 കോവിഡ് ഹെല്‍ത്ത് സെന്ററുകള്‍, 5,739 കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിങ്ങനെ 8,694 കോവിഡ് കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്. 84.22 ലക്ഷം എന്‍ 95 മാസ്‌കുകളും, 47.98 ലക്ഷം പി.പി.ഇ. കിറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കി.

രാജ്യത്തെ ഗവണ്‍മെന്റ്, സ്വകാര്യമേഖലയിലെ 509 ലബോറട്ടറികളിലൂടെ പ്രതിദിനം ഒരു ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുന്നതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ, മന്ത്രിതല സമിതിയെ അറിയിച്ചു. ഇതുവരെ ഏകദേശം 20 ലക്ഷം ടെസ്റ്റുകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 

വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം എന്നിവ സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായത്തോടെ, വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന വിമാന സര്‍വീസുകളെപ്പറ്റിയും യോഗം വിലയിരുത്തി. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍, ഏതാണ്ട് 12,000 ത്തോളം ഇന്ത്യക്കാരെ തിരികെയെത്തിച്ച്, അതത് സംസ്ഥാനങ്ങളില്‍ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്കും www.mohfw.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ technicalquery.covid19[at]gov[dot]inഎന്ന മെയിലിലേയ്ക്കും മറ്റു സംശയങ്ങള്‍ ncov2019[at]gov[dot]in എന്ന ഇ-മെയിലിലേയ്ക്കും അയയ്‌ക്കേണ്ടതാണ്. @CovidIndiaSeva എന്ന ട്വിറ്റര്‍ ഹാന്റിലിലും സംശയനിവാരണം തേടാവുന്നതാണ്. ഇതിനുപുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ +91-11-2397 8046 അല്ലെങ്കില്‍ 1075 (ടോള്‍ഫ്രീ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മറ്റു ഹെല്‍പ്പലൈന്‍ നമ്പറുകള്‍
www.mohfw.gov.in/coronavirushelplinennumber.pdfഎന്ന ലിങ്കിലും ലഭ്യമാണ്.
***


(Release ID: 1624165) Visitor Counter : 349