ധനകാര്യ മന്ത്രാലയം

കോവിഡിനെതിരായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പോരാട്ടത്തിന് പിന്തുണ നൽകുന്നത് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി കേന്ദ്രധനമന്ത്രി




രാജ്യത്തെ വ്യവസായ സംരഭങ്ങൾക്ക്, വിശിഷ്യാ MSME ൾക്ക് വായ്പലഭ്യത ഉറപ്പാക്കുന്നതടക്കം നിരവധി ആശ്വാസനടപടികൾ

Posted On: 13 MAY 2020 6:39PM by PIB Thiruvananthpuram



ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം - 20 ലക്ഷം കോടി രൂപ - വരുന്ന ഒരു പ്രത്യേക സാമ്പത്തിക സമഗ്ര പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം "ആത്മനിർഭർ ഭാരത് അഭിയാൻ" അഥവാ സ്വാശ്രയ ഭാരത് പ്രസ്ഥാനത്തിലേക്ക് നാം ചുവടുമാറ്റണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇത് സാക്ഷാത്കരിക്കുന്നതിനു ആവശ്യമായ അഞ്ചു തൂണുകളെ - സമ്പദ്വ്യവസ്ഥ, അടിസ്ഥാനസൗകര്യങ്ങൾ, സംവിധാനക്രമങ്ങൾ, ഊർജ്വസ്വലമായ മാനവിഭവശേഷി, ഡിമാൻഡ് എന്നിവയെപ്പറ്റിയും അദ്ദേഹം ഇന്നലെ എടുത്തുപറയുകയുണ്ടായി.

വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും നല്ല വശങ്ങളെല്ലാം കൂട്ടിച്ചേർത്താണ് കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായുള്ള സാമ്പത്തിക പാക്കേജ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ധന-കോർപറേറ്റ്കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ഇതുറപ്പാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ഒരു സ്വാശ്രയഭാരതത്തിനു രൂപം നൽകുക എന്നത് ലക്ഷ്യമിട്ടുള്ളതാണ് പാക്കേജ്. അതുകൊണ്ടു തന്നെയാണ് ഇതിനെ "ആത്മനിർഭർ ഭാരത് അഭിയാൻ" എന്ന് വിളിക്കുന്നതും. സ്വാശ്രയഭാരതം കെട്ടിപ്പടുക്കാനുള്ള തൂണുകളെപ്പറ്റി സംസാരിക്കവെ, ഭൂമി, തൊഴിൽ, പണലഭ്യത, നിയമം എന്നിവയിലായിരിക്കും നാം ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളിലേക്കുള്ള മടക്കം കേന്ദ്രീകരിച്ചുള്ള നടപടികളാണ് ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്. തൊഴിൽദാതാക്കൾ, തൊഴിലാളികൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങൾ അടക്കമുള്ള വ്യവസായ സംരഭങ്ങൾ തുടങ്ങിയവരെ ഉത്പാദനപ്രക്രിയകളിലേക്കും, ജോലിക്കാരെ ഗുണപ്രദമായ തൊഴിലുകളിലേക്കും മടക്കികൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ളതാണ് നടപടികൾ.

ഇന്ന് പ്രഖ്യാപിച്ച നടപടികൾ താഴെപ്പറയുന്നു:
**************************************
1 ) രാജ്യത്തെ MSME അടക്കമുള്ള വ്യവസായ സംരഭങ്ങൾക്ക് അടിയന്തിര പ്രവർത്തന മൂലധന സൗകര്യമായി മൂന്ന് ലക്ഷം കോടി രൂപ

രാജ്യത്തെ വ്യവസായസംരഭങ്ങൾക്ക് ആശ്വാസം പകരുന്നതിന്റെ ഭാഗമായി നിശ്ചിതകാലം കൊണ്ട് അടച്ചു തീർത്താൽ മതിയാകുന്ന, കുറഞ്ഞ പലിശനിരക്കിലുള്ള ഒരു വായ്പാപദ്ധതി ലഭ്യമാക്കും. ഫെബ്രുവരി 29 വരെയുള്ള വായ്പയുടെ 20 ശതമാനം വരെ ഇത്തരത്തിൽ അധിക പ്രവർത്തന മൂലധനമായി അനുവദിക്കും. 100 കോടി രൂപ വരെ വിറ്റുവരവുള്ള (25 കോടി രൂപ വരെ വായ്പാബാധ്യതയുള്ള) സംരഭങ്ങൾക്കാകും സൗകര്യം ലഭ്യമാക്കുക. ഇതിനായി സംരഭങ്ങൾ ഏതങ്കിലും തരത്തിലുള്ള ഈടോ, ഉറപ്പുകളോ ഹാജരാക്കേണ്ടതില്ല. മാത്രമല്ല കേന്ദ്രസർക്കാരിന്റെ ഉറപ്പിന്മേൽ നൽകുന്ന തുക രാജ്യത്തെ 45 ലക്ഷത്തിലേറെ MSME കൾക്കായി ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

2) സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന രാജ്യത്തെ MSME കൾക്ക് 20,000 കോടിയുടെ "സബോർഡിനേറ്റ് വായ്പ '

നിഷ്ക്രിയ ആസ്തികളായതോ, സാമ്പത്തിക പ്രതിസന്ധി നേരിടുന്നതോ ആയ രാജ്യത്തെ രണ്ടു ലക്ഷത്തോളം MSME കൾക്കായി ഇരുപതിനായിരം കോടി രൂപയുടെ സബോർഡിനേറ്റ് വായ്പയ്ക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി, സൂക്ഷ്മ-ചെറുകിട സംരഭങ്ങൾക്കായുള്ള വായ്പാ വാഗ്ദാന ട്രസ്റ്റി (CGTMSE) നു കേന്ദ്രസർക്കാർ നാലായിരം കോടിരൂപ ലഭ്യമാക്കും. പദ്ധതിയുടെ ഗുണഭോക്താക്കളായ MSME കളുടെ പ്രമോട്ടർമാർക്ക് ബാങ്കുകൾ സബോർഡിനേറ്റ് വായ്പ ലഭ്യമാക്കണം. സംരംഭത്തിൽ ഇവർക്കുള്ള ഓഹരിമൂല്യത്തിന്റെ 15 ശതമാനം വരെ വരുന്ന തുകയാവും ഇത്തരത്തിൽ ലഭ്യമാക്കുക. പരമാവധി 75 ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ അനുവദിക്കും.

3) MSME നിധികളുടെ നിധി (FoF) സംവിധാനത്തിലൂടെ അമ്പതിനായിരം കോടി രൂപയുടെ ഓഹരിനിക്ഷേപം

10,000 കോടി മുതൽ മുടക്കിൽ ഒരു പ്രത്യേക "നിധികളുടെ നിധി" (FoF) ക്ക് സർക്കാർ രൂപം നൽകും. MSME കൾക്കാവശ്യമായ ഓഹരിനിക്ഷേപങ്ങൾക്ക് വേണ്ട സഹായം ഇവ ഉറപ്പാക്കും. പ്രത്യേക മദർ-ഡോട്ടർ ഫണ്ടുകളിലൂടെയാകും FoF പ്രവർത്തിക്കുക. അമ്പതിനായിരം കോടി രൂപയുടെ ഓഹരിനിക്ഷേപത്തിനു രൂപം നല്കാൻ FoFനു കഴിയുമെന്നാണ് കരുതുന്നത്.

4) MSME ക്ക് പുതിയ നിർവചനം

സ്വീകരിക്കാവുന്ന നിക്ഷേപത്തിലെ വർധനയിലൂടെ MSMEകളുടെ നിർവചനത്തിൽ മാറ്റം വരുത്തും. ഇതിനുപുറമെ വിറ്റുവരവ് എന്നതും തരംതിരിക്കലിന് ഒരു മാനദണ്ഡമായി സ്വീകരിക്കും. കൂടാതെ, ഉത്പാദന-സേവന മേഖലകൾ തമ്മിലുള്ള വേർതിരിവും നീക്കം ചെയ്യും

5) MSME കൾക്കായുള്ള മറ്റു നടപടികൾ

MSME കളെ ഇലക്ട്രോണിക് വിപണികളുമായി ബന്ധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകും. നിലവിലുള്ള വ്യാപാരമേളകൾ, പ്രദർശനങ്ങൾ എന്നിവയ്ക്ക് പകരമായാകും ഇത് നടപ്പാക്കുക. കേന്ദ്രസർക്കാർ, സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിനിന്നും MSME കൾക്ക് കിട്ടാനുള്ള തുകകൾ 45 ദിവസത്തിനുള്ളിൽ ലഭ്യമാക്കും.

6) പൊതുമേഖലയിൽ 200 കോടി രൂപ വരെ, ആഗോളടെണ്ടറുകൾ അനുവദിക്കില്ല

200 കോടി രൂപ വരെയുള്ള സാധനങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കായി ഇനി മുതൽ ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇതിനായി പൊതു സാമ്പത്തിക ചട്ടങ്ങ (GFR) ളിൽ ഭേദഗതി വരുത്തും.

7) രാജ്യത്തെ സംരഭങ്ങൾ, സംഘടിത തൊഴിലാളികൾ എന്നിവർക്കായുള്ള EPF സഹായം

രാജ്യത്തെ തൊഴിൽദാതാക്കളുടെയും തൊഴിലാളികളുടെയും EPF വിഹിതം കേന്ദ്രസർക്കാർ അടയ്ക്കുന്നത് മൂന്നു മാസത്തേക്ക് കൂടി തുടരും. ജൂൺ, ജൂലൈ, ആഗസ്ത് എന്നീ മാസങ്ങളിലും ശമ്പളത്തിന്റെ 12 ശതമാനം വീതം കേന്ദ്രസർക്കാർ തന്നെ നിധിയിലേക്ക് അടയ്ക്കുന്നതാണ്. ഇതിലൂടെ 72.22 ലക്ഷം തൊഴിലാളികൾക്ക് 2500 കോടി രൂപയുടെ പ്രയോജനം ലഭിക്കും. PMGKP യുടെ ഭാഗമായാണ് ഇളവ് ഏർപ്പെടുത്തിയത്.

8) തൊഴിൽദാതാക്കളും തൊഴിലാളികളും നൽകേണ്ട EPF വിഹിതത്തിൽ കുറവ് വരുത്തും

EPFO യ്ക്ക് കീഴിലെ എല്ലാ സംരംഭങ്ങളിലും അടുത്ത മൂന്നു മാസത്തേയ്ക്ക്, തൊഴിൽദാതാക്കളും തൊഴിലാളികളും നൽകേണ്ട പി എഫ് വിഹിതത്തിൽ കുറവ് വരുത്തി. 12 ശതമാനത്തിൽനിന്നും 10 ശതമാനമായാണ് വിഹിതം കുറച്ചത്. പ്രതിമാസം 2250 കോടി രൂപയുടെ പണലഭ്യതയ്ക്ക് ഇത് വഴിതുറക്കും.

9) NBFC/HFC/MFI എന്നിവയ്ക്കായി മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക പണലഭ്യത പദ്ധതി

മുപ്പതിനായിരം കോടിയുടെ പ്രത്യേക പണലഭ്യത (ലിക്യുഡിറ്റി) പദ്ധതി ആർബിഐ വഴി കേന്ദ്രസർക്കാർ നടപ്പാക്കും. ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് - മൈക്രോഫിനാൻസ് കമ്പനികൾ എന്നിവയ്ക്കാകും ഇതിന്റെ പ്രയോജനം ലഭിക്കുക. മുഴുവൻ തുകയും കേന്ദ്രസർക്കാർ ഉറപ്പിന്മേലാണ് ലഭ്യമാക്കുക.

10) ബാങ്കിങ് ഇതര സ്ഥാപനങ്ങൾ, മൈക്രോഫിനാൻസ് കമ്പനികൾ എന്നിവയ്ക്കായി 45,000 കോടിയുടെ പാർഷ്യൽ ക്രെഡിറ്റ് ഗ്യാരന്റീ സ്കീം

ഇതിനായി നിലവിലുള്ള പദ്ധതിയിൽ മാറ്റം വരുത്തും. പാർഷ്യൽ ക്രെഡിറ്റ് ഗ്യാരന്റീ സ്കീം 2.0 കുറഞ്ഞ റേറ്റിങ്ങുള്ള NBFCs, HFCs, MFIs എന്നിവയുടെ വായ്പകളും ഉൾപ്പെടും. കൂടാതെ പൊതുമേഖലാ ബാങ്കുകൾക്ക് 20 ശതമാനം "ഫസ്റ്റ് ലോസ് സോവറിൻ ഗ്യാരന്റീ" യും കേന്ദ്രസർക്കാർ നൽകും

11) രാജ്യത്തെ ഊർജ വിതരണ കമ്പനി (DISCOMs) കൾക്ക് 90,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കും

പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലെക്ട്രിഫിക്കേഷൻ കോർപ്പറേഷൻ എന്നിവ വഴി രാജ്യത്തെ DISCOMS കൾക്ക് 90,000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കും. രണ്ടു തുല്യ തവണകളിലൂടെയാണ് ഇത് നടപ്പാക്കുക. ഊർജ ഉത്പാദന-വിതരണ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശികകൾക്കായി DISCOMS കൾ തുക ഉപയോഗപ്പെടുത്തും. ഇതിനു പുറമെ, CPSE, GENCOs എന്നിവ DISCOMS കൾക്ക് റിബേറ്റും നൽകും. ഉപഭോക്താക്കളുടെ നിശ്ചിത (ഫിക്സഡ്) നിരക്കുകളിൽ റിബേറ്റ് ഇളവായി നൽകണം എന്ന വ്യവസ്ഥയിന്മേലാണ് ഇത് ലഭ്യമാക്കുക.

12) കരാറുകാർക്കുള്ള ആശ്വാസനടപടികൾ

കരാറുകൾ പൂർത്തീകരിക്കുന്നതിന് ആറുമാസം സാവകാശം നൽകും. റെയിൽവെ, ഉപരിതലഗതാഗത മന്ത്രാലയങ്ങൾ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, CPWD എന്നിവയാണ് സൗകര്യം ലഭ്യമാക്കുക. EPC കൾ അടക്കമുള്ളവയ്ക്കും ഇത് ബാധകമാണ്.

13) റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കുള്ള ആശ്വാസനടപടികൾ

റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ടിന് (RERA) കീഴിൽ, താത്കാലിക ഇളവ് നൽകാനുള്ള വ്യവസ്ഥ (Force Majeure clause) ഉപയോഗപ്പെടുത്താൻ സംസ്ഥാനഭരണകൂടങ്ങൾക്ക് നിർദേശം നൽകും. രജിസ്റ്റർ ചെയ്തിരിക്കുന്ന പദ്ധതികളുടെ നിർമ്മാണപൂർത്തീകരണ-രജിസ്ട്രേഷൻ തീയതികളിൽ ആറുമാസം കൂടി സാവകാശം നൽകും. അതാത് സംസ്ഥാനങ്ങളുടെ അവസ്ഥ പരിഗണിച്ച് ആവശ്യമെങ്കിൽ മൂന്നു മാസം സാവകാശം കൂടി അധികമായി അനുവദിക്കും. RERA യ്ക്ക് കീഴിൽ പാലിക്കേണ്ട നിബന്ധനകളിലും ഇളവ് അനുവദിക്കും.

14) വ്യവസായങ്ങൾക്കുള്ള ആശ്വാസനടപടികൾ

ചാരിറ്റബിൾ ട്രസ്റ്റുകൾ, കോർപ്പറേറ്റ് ഇതര വ്യവസായങ്ങൾ, പ്രോപ്പറേറ്റർഷിപ്പുകൾ, പങ്കാളിത്തങ്ങൾ, LLP കൾ ,സഹകരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകാനുള്ള ആദായനികുതി റീഫണ്ടുകൾ ഉടൻ ലഭ്യമാക്കും.

15) നികുതി സംബന്ധിച്ച ആശ്വാസനടപടികൾ

* വ്യക്തിയുടെ വരുമാനത്തിൽ നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകൾ കുറച്ചു. 25 ശതമാനത്തോളമാണ് കുറവ് വരുത്തിയിരിക്കുന്നത്. നടപ്പ് സാമ്പത്തികവര്ഷത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് ഇത് ബാധകം. ഇതിലൂടെ അമ്പതിനായിരം കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കാനാകും.

 

*ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതി നവംബർ 30 ലേക്ക് നീട്ടി. ടാക്സ് ഓഡിറ്റുകൾ ഒക്ടോബർ 31 നകം സമർപ്പിച്ചാൽ മതിയാകും.

 

*വിവാദ് സേ വിശ്വാസ് പദ്ധതിക്ക് കീഴിൽ, അധിക തുക നൽകാതെ പണമടയ്ക്കാനുള്ള തീയതി ഡിസംബർ 31, 2020 വരെ ദീർഘിപ്പിക്കും.



(Release ID: 1623754) Visitor Counter : 338