പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2020 മേയ് 12ന് രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ മലയാള പരിഭാഷ

Posted On: 12 MAY 2020 10:14PM by PIB Thiruvananthpuram


സഹപൗരന്മാര്‍ക്ക് ആശംസകള്‍, കഴിഞ്ഞ നാലു മാസത്തിലേറെയായി ആഗോള സമൂഹമാകെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്.
ഈ കാലയളവില്‍ ലോകത്ത് അങ്ങോളമിങ്ങോളമായി 42 ലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ ബാധയുണ്ടായി.
2.75 ലക്ഷത്തിലധികം ആളുകള്‍ ദാരുണമായി മരണപ്പെട്ടു. ഇന്ത്യയിലും ജനങ്ങള്‍ക്ക് അവരുടെ ഉറ്റവരെയും ഉടയവരേയും വേണ്ടപ്പെട്ടവരെയും നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആദരാഞ്ജലികള്‍ ഞാന്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളെ, ഒരു വൈറസ് ലോകത്തെയാകെ നശിപ്പിച്ചിരിക്കുകയാണ്. ലോകത്താകമാനമുള്ള കോടിക്കണക്കിന് ആളുകള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
വിലപ്പെട്ട ജീവനുകളെ രക്ഷിക്കുന്നതിനുള്ള യുദ്ധത്തിലാണ് ലോകമാകെ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി നമ്മള്‍ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. മാനവകുലത്തിന് ഈ പ്രതിസന്ധി ചിന്തിക്കാനാകാത്തതും അതുപോലെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുമാണ്.
എന്നാല്‍ പ്രകോപിതരാകുന്നതും മനോബലം നഷ്ടപ്പെടുന്നതും തകര്‍ന്നുപോകുന്നതും മനുഷ്യകുലത്തിന് സ്വീകാര്യമല്ല. നമ്മള്‍ ശ്രദ്ധാലുക്കളായിരിക്കണം, വളരെ അടുത്ത് ഇതിനെ നിരീക്ഷിക്കണം, ഇത്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴുള്ള നിയമങ്ങള്‍ പിന്തുടരണം., നമ്മെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു നീങ്ങണം. ഇന്ന് ലോകം ഒരു പ്രതിസന്ധിയിലരിക്കുമ്പോള്‍ നാം നമ്മുടെ നിശ്ചയദാര്‍ഢ്യം പുതുക്കണം. നമ്മുടെ മഹത്തായ നിശ്ചയദാര്‍ഢ്യം ഈ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കും.
സുഹൃത്തുക്കളെ, കഴിഞ്ഞ നൂറ്റാണ്ടുമുതല്‍ നാം കേള്‍ക്കുന്നതാണ് 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നത്.
കൊറോണയ്ക്ക് മുമ്പ് ലോകം എങ്ങനെയായിരുന്നുവെന്നും ആഗോള സംവിധാനം വിശദമായി എങ്ങനെയായിരുന്നുവെന്നും നാം കണ്ടതാണ്.
കൊറോണ രോഗബാധയുടെ പ്രതിസന്ധിക്ക് ശേഷവും, ആഗോളതലത്തിലങ്ങോളമിങ്ങോളം ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യത്തെ നാം നിരന്തരം വീക്ഷിക്കുന്നുണ്ട്.
ഈ രണ്ടു കാലഘട്ടങ്ങളും ഇന്ത്യയുടെ പരിപ്രേക്ഷ്യത്തില്‍നിന്നു നോക്കുമ്പോള്‍, 21-ാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണെന്നാണ് കാണുന്നത്. ഇത് നമ്മുടെ സ്വപനമല്ല, അതിനേക്കാള്‍ നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
എന്നാല്‍ എന്തായിരിക്കണം ഇതിന്റെ സഞ്ചാരപഥം?
ലോകത്തിന്റെ അവസ്ഥ ഇന്ന് നമ്മെ പഠിപ്പിക്കുന്നത് (ആത്മനിര്‍ഭര്‍ ഭാരത്) '' സ്വയം പര്യാപ്ത ഇന്ത്യ'' എന്നത് മാത്രമാണ് ഏക വഴിയെന്നതാണ്. നമ്മുടെ വേദങ്ങളില്‍ പറയുന്നത്-ഈശാ പന്താഹ് എന്നാണ്. അതായത് സ്വയം പര്യാപ്ത ഇന്ത്യ.
സുഹൃത്തുക്കളെ,
ഒരു രാജ്യമെന്ന നിലയില്‍ നാം ഇന്ന് ഒരു വളരെ നിര്‍ണ്ണായക ഘട്ടത്തിലാണ്.
ഇത്തരത്തിലുള്ള ഒരു വലിയ ദുരന്തം ഇന്ത്യക്കുള്ള ഒരു മുന്നറിയിപ്പാണ്, ഇത് സന്ദേശത്തോടൊപ്പം ഒരു അവസരവും കൊണ്ടുവന്നിട്ടുണ്ട്. ഒരു ഉദാഹരണത്തിലൂടെ എന്റെ വീക്ഷണം പങ്കുവയ്ക്കാം. കൊറോണ  പ്രതിസന്ധി തുടങ്ങിയപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഒറ്റ പി.പി.ഇ കിറ്റുപോലുമുണ്ടായിരുന്നില്ല. എന്‍ 95 മുഖാവരണങ്ങള്‍ ചെറിയതോതിലാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍, പ്രതിദിനം 2 ലക്ഷം പി.പി.ഇ കിറ്റുകളും 2 ലക്ഷം എന്‍-95 മുഖാവരണങ്ങളും നിര്‍മ്മിക്കാന്‍ കഴിയുന്ന സ്ഥിതിയിലാണ് ഇന്ന് നമ്മള്‍. ഈ പ്രതിസന്ധിയെ ഇന്ത്യ ഒരു അവസരമാക്കി മാറ്റിയതുകൊണ്ടാണ് നമുക്ക് ഇത് ചെയ്യാന്‍ കഴിയുന്നത്.
പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്ന ഇന്ത്യയുടെ വീക്ഷണം സ്വയം പര്യാപ്ത ഇന്ത്യ എന്ന നമ്മുടെ നിശ്ചയദാര്‍ഢ്യത്തിനു തുല്യം പ്രധാനമാണെന്നു തെളിയും.
സുഹൃത്തുക്കളെ,
സ്വയം പര്യാപ്തത എന്ന വാക്കിന്റെ അര്‍ത്ഥം ഇന്ന് ആഗോളതലത്തില്‍ തന്നെ മാറിയിരിക്കുകയാണ്.
മനുഷ്യകേന്ദ്രീകൃത ആഗോളവല്‍ക്കരണത്തെയും സമ്പദ്ഘടന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അടിസ്ഥാനപരമായ ചിന്ത ലോകത്തിന് പ്രതീക്ഷയുടെ ഒരു കിരണം നല്‍കുന്നുണ്ട്. ഇന്ത്യയുടെ സംസ്‌ക്കാരവും പാരമ്പര്യവും സ്വയം പര്യാപ്തതയെക്കുറിച്ച് പറയുകയും അതിന്റെ ആത്മാവ് വസുധൈവകുടുംബകവുമാണ്.
സ്വയം പര്യാപ്തയെക്കുറിച്ച് വരുമ്പോള്‍ ഇന്ത്യ ഒരിക്കലും സ്വയം കേന്ദ്രീകുൃത സംവിധാനത്തെക്കുറിച്ച് വാദിക്കാറില്ല. ഇന്ത്യയുടെ സ്വയം പര്യാപ്ത എന്നത് ലോകത്തിന്റെ സന്തോഷത്തിലും സഹകരണത്തിനും സമാധാനത്തിലും രൂഢമൂലമായതാണ്.
ലോകത്തിന്റെയാകെയും എല്ലാ ജീവജാലങ്ങള്‍ക്കുവേണ്ടിയുമുള്ള ക്ഷേമത്തില്‍ വിശ്വസിക്കുകയും ലോകത്തെയാകെ ഒരു കുടുംബമായി കാണുകയും ചെയ്യുന്ന ഒരു സംസ്‌ക്കാരമാണിത്, അത് വിവരിക്കുന്നത്  'माता भूमिः पुत्रो अहम् पृथिव्यः' ഭൂമിയെ മാതാവായി പരിഗണിക്കുന്ന ഒരു സംസ്‌ക്കാരം. എപ്പോഴാണോ ഭാരത് ഭൂമി സ്വയം പര്യാപ്തമാകുന്നത്, അത് ഒരു സമ്പല്‍സമൃദ്ധമായ ലോകത്തിന്റെ സാദ്ധ്യത ഉറപ്പാക്കുന്നു. ഇന്ത്യയുടെ പുരോഗതി എന്നത് ലോകത്തിന്റെ പുരോഗതിയുടെ അഭിവാജ്യ ഘടകമാണ്.
ഇന്ത്യയുടെ ലക്ഷ്യങ്ങളും കര്‍മ്മപദ്ധതികളും എന്നും ആഗോളക്ഷേമത്തില്‍ ശക്തമായ സ്വാധീനമുണ്ടാക്കാറുണ്ട്. ഇന്ത്യ വെളിയിട വിസര്‍ജ്ജനമുക്തമായപ്പോള്‍ ലോകത്തിന്റെ പ്രതിച്ഛായയില്‍ അതിന്റെ സ്വാധീനമുണ്ടായി. അത് ക്ഷയമായിക്കോട്ടെ, പോഷക കുറവാകട്ടെ, പോളിയോ ആകട്ടെ, ഇന്ത്യയുടെ പ്രചാരണങ്ങള്‍ ലോകത്തിനെ സ്വാധീനിച്ചിട്ടുണ്ട്.
ആഗോള താപനത്തിനെതിരായുള്ള ഇന്ത്യയുടെ സമ്മാനമാണ് അന്താരാഷ്ട്ര സൗരോര്‍ജ കൂട്ടായ്മ.
അന്താരാഷ്ട്ര യോഗ ദിനത്തിനു വേണ്ടിയുള്ള മുന്‍കൈ സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ സമ്മാനമാണ്. ഇന്ത്യന്‍ മരുന്നുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്കു പുതു ജീവനാണ് നല്‍കിയത്.
ഈ നടപടികള്‍ ഇന്ത്യക്ക് പ്രശംസ നേടിത്തരികയും അത് ഓരോ ഇന്ത്യക്കാരനെയും അഭിമാനിതനാക്കുകയും ചെയ്തു. ഇന്ത്യ്ക്ക് മാനവ കുലത്തിന്റെ ക്ഷേമത്തിന് വേണ്ടത്ര വളരെ നന്നായി ചെയ്യാന്‍ കഴിയുമെന്ന് ലോകം വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എങ്ങനെയാണ് എന്നതാണ് ചോദ്യം.
ഈ ചോദ്യത്തിനുള്ള ഉത്തരം സ്വയം പര്യാപ്ത ഇന്ത്യക്ക് വേണ്ടിയുള്ള 130 കോടി പൗരന്മാരുടെ സംയുക്തമായ നിശ്ചയദാര്‍ഢ്യം എന്നതാണ്.
സുഹൃത്തുക്കളെ,
നമുക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഭിമാനകരമായ ചരിത്രമുണ്ട്.
ഇന്ത്യ സമ്പല്‍സമൃദ്ധമാകുമ്പോള്‍, അതിനെ സ്വര്‍ണ്ണ താറാവ് എന്നാണ് വിളിക്കാറുള്ളത്, അത് സമ്പല്‍സമൃദ്ധമായിരുന്നപ്പോഴൊക്കെ ലോകത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലായ്പ്പോഴും ശക്തമായി നിലകൊണ്ടു.
കാലം മാറി, രാജ്യത്തിനെ അടിമത്തത്തിന്റെ ചങ്ങലകള്‍ പിടികൂടി, നമ്മള്‍ വികസനത്തിനായി കാത്തിരുന്നു. ഇന്ന് ഇന്ത്യ പുരോഗതിയില്‍ അതിവേഗ കാല്‍വെപ്പുകള്‍ വെക്കുമ്പോഴും ആഗോള ക്ഷേമം എന്ന ലക്ഷ്യത്തില്‍ പ്രതിജ്ഞാബദ്ധമാണ്. നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായിരുന്ന വൈ2കെ പ്രതിസന്ധിയെക്കുറിച്ച് ഓര്‍ക്കുക. ഇന്ത്യയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധരാണ് ലോകത്തെ ഈ പ്രശ്നത്തില്‍ നിന്നും പുറത്തുകൊണ്ടുവന്നത്. ഇന്ന് നമുക്ക് വിഭവങ്ങളുണ്ട്, നമുക്ക് ശക്തിയുണ്ട്, ലോകത്തെ ഏറ്റവും മികച്ച പ്രതിഭകള്‍ നമുക്കുണ്ട്.
നമ്മള്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും, നമ്മുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തും, വിതരണശൃംഖല കൂടുതല്‍ ആധുനികമാക്കും, നമുക്ക് ഇത് ചെയ്യാന്‍ കഴിയും. നമ്മള്‍ നിര്‍ബന്ധമായും ഇത് ചെയ്തിരിക്കും.
സുഹൃത്തുക്കളെ,
ഞാന്‍ കച്ചിലെ ഭൂകമ്പത്തിന് സാക്ഷിയായിരുന്നു. എല്ലായിടത്തും അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു. എല്ലാം നശിച്ചുപോയി. മരണത്തിന്റെ ആവരണം അണിഞ്ഞുകൊണ്ട് കച്ച് ഉറങ്ങുകയാണെന്ന് തോന്നിപ്പോയി. അന്നത്തെ സാഹചര്യത്തില്‍ അവിടത്തെ സ്ഥിതിവിശേഷം മാറുമെന്ന് ആരും ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നിരിക്കില്ല. എന്നാല്‍ കച്ച് എഴുന്നേറ്റു, കച്ച് സഞ്ചരിക്കാന്‍ തുടങ്ങി, കച്ച് സഞ്ചരിച്ചു. ഇതാണ് നമ്മള്‍ ഇന്ത്യക്കാരുടെ മനക്കരുത്തും ആത്മവിശ്വാവും.
നമ്മള്‍ നിശ്ചയിച്ചുറച്ചാല്‍ നമുക്ക് നമ്മുടെ ലക്ഷ്യത്തിലെത്താം. ഒരു പാതയും ദുര്‍ഘടം നിറഞ്ഞതായിരിക്കില്ല. ഇന്ന് ഇവിടെ ഇച്ഛാശക്തിയുണ്ട്, ഇവിടെ ഒരു വഴിയുമുണ്ട്. ഇത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്നതാണ്. നമ്മുടെ സംയുക്തമായ നിശ്ചയദാര്‍ഢ്യം ഇന്ത്യയെ സ്വയംപര്യാപ്തമാക്കി മാറ്റാനാകുന്നത്ര ശക്തമാണ്.
സുഹൃത്തുക്കളെ, സ്വയം പര്യപ്ത ഇന്ത്യയുടെ ഈ പ്രൗഢമായ കെട്ടിടം അഞ്ചു സ്തംഭങ്ങളിലാണ് നില്‍ക്കുന്നത്.
ആദ്യ സ്തംഭം സമ്പദ്ഘടനയാണ്, പതുക്കെപ്പതുക്കെയുള്ള വര്‍ധനവിനെക്കാള്‍ വലിയ കുതിച്ചുചാട്ടമാണ് ഒരു സമ്പദ്ഘടന കൊണ്ടുവരുന്നത്.
രണ്ടാമത്തെ സ്തംഭം അടിസ്ഥാനസൗകര്യം, അടിസ്ഥാനസൗകര്യം എന്നത് ആധുനിക ഇന്ത്യയുടെ സ്വത്വമായി മാറിക്കഴിഞ്ഞു.
മൂന്നാമത്തെ സ്തംഭം നമ്മുടെ സംവിധാനമാണ്. 21-ാം നൂറ്റാണ്ടിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ നയിക്കുന്ന ഒരു സംവിധാനം; കഴിഞ്ഞ നൂറ്റാണ്ടിന്റെ നയങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത ഒരു സംവിധാനം.
നാലാമത്തെ സ്തംഭം നമ്മുടെ ജനസംഖ്യയാണ്. നമ്മുടെ ഊര്‍ജ്ജസ്വലമായ ജനസംഖ്യയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നമ്മുടെ ശക്തി, സ്വയം പര്യാപ്ത ഇന്ത്യയ്ക്കുള്ള നമ്മുടെ ഊര്‍ജ്ജത്തിന്റെ സ്രോതസ്.
അഞ്ചാമത്തെ സ്തംഭം ആവശ്യകതയാണ്. നമ്മുടെ സമ്പദ്ഘടനയിലെ ആവശ്യത്തിന്റെയും വിതരണത്തിന്റെയും ശൃംഖലയാണ് നമ്മുടെ ശക്തി, അതിനെ നാം അതിന്റെ പൂര്‍ണ്ണശേഷിയില്‍ കൊയ്തെടുക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ രാജ്യത്തെ ആവശ്യകതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായും ഈ ആവശ്യകത നിറവേറ്റുന്നതിനുമായി വിതരണശൃംഖലയിലെ ഓരോ ഓഹരിപങ്കാളിയെയും ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. നമ്മള്‍ നമ്മുടെ വിതരണശൃംഖല ശക്തിപ്പെടുത്തും. മണ്ണിന്റെ മണത്തോടെയും നമ്മുടെ തൊഴിലാളികളുടെ വിയര്‍പ്പും കൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതാണ് നമ്മുടെ വിതരണ സംവിധാനം.
സുഹൃത്തുക്കളെ, കൊറോണ പ്രതിസന്ധിക്കിടയില്‍ ഞാന്‍ ഇന്നു പുതിയ ദൃഢനിശ്ചയത്തോടെ ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാനെ(സ്വയം പര്യാപ്ത ഇന്ത്യ പ്രചരണം) ബന്ധിപ്പിക്കുന്ന സുപ്രധാന ഘടകമായിരിക്കും ഈ സാമ്പത്തിക പാക്കേജ് .
സുഹൃത്തുക്കളെ, കൊറോണ വൈറസുമായി ബന്ധപ്പെട്ട് അടുത്തിടെ ഗവണ്‍മെന്റ് നടത്തിയ സാമ്പത്തിക പ്രഖ്യാപനം റിസര്‍വ് ബാങ്കിന്റെ തീരുമാനമായിരുന്നു. ഈ, പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജ്, കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ഏകദേശം 20 ലക്ഷം കോടി വരും. ഈ പാക്കേജ് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 10%മാണ്. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സംവിധാനവുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ക്കും 20 ലക്ഷം കോടി രൂപയുടെ സഹായവും കരുത്തും ലഭിക്കും. ഈ പാക്കേജ് രാജ്യത്തിന്റെ 2020ലെ വികസനത്തിനും സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് വേണ്ടിയുള്ള സംഘടിത പ്രയത്നങ്ങള്‍ക്കും പുതിയ പ്രചോദനം നല്‍കും. സ്വയം പര്യാപ്ത ഇന്ത്യക്കുവേണ്ടിയുള്ള നിശ്ചയദാര്‍ഢ്യം തെളിയിക്കുന്നതിനായി ഭൂമി, തൊഴില്‍, വസ്തു പണമാക്കി മാറ്റല്‍, നിയമം എന്നിവയ്ക്കെല്ലാം ഈ പാക്കേജില്‍ ഊന്നല്‍ നല്‍കും.
ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ നമ്മുടെ കുടില്‍ വ്യവസായം, വീട്ടുവ്യവസായം, നമ്മുടെ ചെറുകിട വ്യവസായങ്ങള്‍, എം.എസ്.എം.ഇ എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് ഈ സാമ്പത്തിക പാക്കേജ്, സ്വയം പര്യാപ്ത ഇന്ത്യ എന്ന നമ്മുടെ നിശ്ചയദാര്‍ഢ്യത്തിനുള്ള ശക്തമായ അടിത്തറയിടല്‍കൂടിയാണ് ഇത്. തങ്ങളുടെ രാജ്യവാസികള്‍ക്ക് വേണ്ടി രാവെന്നും പകലെന്നുമില്ലാതെ എല്ലാ സാഹചര്യത്തിലും എല്ലാ കാലാവസ്ഥകളിലും പണിയെടുക്കുന്ന നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ളതാണ് ഈ പാക്കേജ്. സത്യസന്ധമായി നികുതി അടയ്ക്കുകയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവന നല്‍കുകയുംചെയ്യുന്ന നമ്മുടെ രാജ്യത്തെ ഇടത്തരക്കാര്‍ക്കുള്ളതാണ് ഈ സാമ്പത്തിക പാക്കേജ്. സാമ്പത്തിക ശേഷിക്ക് വലിയ വളര്‍ച്ച നല്‍കാന്‍ ദൃഢദനിശ്ചയം എടുത്തിട്ടുള്ള ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കാണ് ഈ സാമ്പത്തിക പാക്കേജ്. സ്വയം പര്യാപ്ത ഇന്ത്യ എന്ന സംഘടിത പ്രയത്നത്തില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ട ഈ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ധനമന്ത്രി നാളെ തുടങ്ങി, അടുത്ത കുറച്ചു ദിവസങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് നല്‍കും.
സുഹൃത്തുക്കളെ, സ്വയം പര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുന്നതിനായി ധീരമായ പരിഷ്‌ക്കരണങ്ങള്‍ക്കുള്ള പ്രതിജ്ഞാബദ്ധതയുമായി മുന്നോട്ടുനിങ്ങേണ്ടത് ഇപ്പോള്‍ അനിവാര്യമാണ്. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി നടക്കുന്ന പരിവര്‍ത്തനങ്ങളുടെ ഫലമായി ഇന്ന് ഈ പ്രതിസന്ധിയുടെ സമയത്തുപോലും ഇന്ത്യയുടെ സംവിധാനം കൂടുതല്‍ കാര്യക്ഷമമാണെന്ന് കാണുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരിക്കും. അല്ലെങ്കില്‍ ഗവണ്‍മെന്റ് അയക്കുന്ന പണം നേരിട്ട് പാവപ്പെട്ട കര്‍ഷകന്റെ കീശയില്‍ വീഴുമെന്ന് ആര്‍ക്ക് ചിന്തിക്കാന്‍ കഴിയും! എന്നാല്‍ അത് സംഭവിച്ചു. എല്ലാ ഗവണ്‍മെന്റ് ഓഫീസുകളും അടച്ചിരുന്നപ്പോഴും അത് സംഭവിച്ചു. ജന്‍ധന്‍-ആധാര്‍- മൊബൈല്‍-ജാംസ് ത്രിശക്തിയുമായി ബന്ധപ്പെട്ട ഒരു പരിഷ്‌ക്കരണത്തിന്റെ പ്രതിഫലനമാണ് നമ്മള്‍ ഇപ്പോള്‍ കണ്ടത്. ഇന്ന് പുതിയ ഉയരങ്ങള്‍ നല്‍കികൊണ്ട് പരിഷ്‌ക്കരണത്തിന്റെ വ്യാപ്തിയും വിശാലമായിട്ടുണ്ട്, കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിതരണശൃംഖലകളിലും ഈ പരിഷ്‌ക്കാരങ്ങളുണ്ട്. അതുകൊണ്ട് കര്‍ഷകര്‍ ശാക്തീകരിക്കപ്പെടും. കൊറോണ പോലെ ഇനി ഭാവിയില്‍ ഏതൊരു പ്രതിസന്ധിയുണ്ടായാലും ഏറ്റവും പരിമിതമായ പ്രത്യാഘാതം മാത്രമേ അതിന് കാര്‍ഷികമേഖലയില്‍ ഉണ്ടാക്കാന്‍ കഴിയുകയുമുള്ളു. യുക്തിസഹമായ നികുതി സമ്പ്രദായം, ലളിതവും വ്യക്തവുമായ നിയമവാഴ്ച, നല്ല അടിസ്ഥാനസൗകര്യം, കാര്യശേഷിയും കാര്യക്ഷമതയുമുള്ള മാനുഷികവിഭവങ്ങള്‍, ശക്തമായ ധനകാര്യ സമ്പ്രദായം നിര്‍മ്മിക്കല്‍ എന്നതിനൊക്കെ വേണ്ടിയാണ് ഈ പരിഷ്‌ക്കരണങ്ങള്‍. ഈ പരിഷ്‌ക്കരണങ്ങള്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപത്തെ ആകര്‍ഷിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യക്കായുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യം ശക്തിപ്പെടുത്തുകയും ചെയ്യും.
സുഹൃത്തുക്കളെ, ആന്തരിക ശക്തിയിലൂടെയും ആത്മവിശ്വാസത്തിലൂടെയും മാത്രമേ സ്വാശ്രയത്വം സാധ്യമാകുകയുള്ളു. ആഗോള വിതരണശൃംഖലയില്‍ ഒരു കടുത്ത മത്സരത്തിനും സ്വയം പര്യാപ്തത രാജ്യത്തെ തയാറാക്കും. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യ ഒരു വലിയ പങ്കുവഹിക്കുകയെന്നത് ഇന്ന് കാലത്തിന്റെ ആവശ്യമാണ്. ഇത് അംഗീകരിച്ചുകൊണ്ട് സാമ്പത്തികപാക്കേജില്‍ നിരവധി വ്യവസ്ഥകളുമുണ്ടാക്കിയിട്ടുണ്ട്. ഇത് നമ്മുടെ എല്ലാ മേഖലയുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയുംചെയ്യും.
സുഹൃത്തുക്കളെ, ഏറ്റവും വലിയ സംവിധാനങ്ങളെപ്പോലും പിടിച്ചുകുലുക്കുന്ന തരത്തില്‍ ഈ പ്രതിസന്ധി വളരെ വലുതാണ്. എന്നാലും ഈ സാഹചര്യത്തിലും നമ്മുടെ പാവപ്പെട്ട സഹോദരി സഹോദരന്മാരുടെ നിശ്ചയദാര്‍ഢ്യവും സംയമനവും നമ്മള്‍ കണ്ടതാണ്. പ്രത്യേകിച്ച് തെരുവ് കച്ചവടക്കാര്‍, വഴിവാണിഭക്കാര്‍, തൊഴിലാളികള്‍, വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍. അവര്‍ വലിയ തോതില്‍ ശരീരദണ്ഡനം ചെയ്തു, അവര്‍ വലിയ ത്യാഗം ചെയ്തു. ആര്‍ക്കാണ് അവരുടെ അഭാവത്തെ തിരിച്ചറിയാന്‍ കഴിയാതിരിക്കുക? ഇപ്പോള്‍ അവരെ ശാക്തീകരിക്കുകയെന്നത് നമ്മുടെ കടമയാണ്, അവരുടെ സാമ്പത്തിക ആവശ്യത്തിന് വേണ്ടി ചില വലിയ ചുവടുകള്‍ എടുക്കുകയെന്നതും. ഇത് മനസില്‍ സൂക്ഷിച്ചുകൊണ്ട്, അത് പാവപ്പെട്ടവരാകട്ടെ, തൊഴിലാളികളാകട്ടെ, കുടിയേറ്റ തൊഴിലാളികളാകട്ടെ, കന്നുകാലികളെ വളര്‍ത്തുന്നവരാകട്ടെ, നമ്മുടെ മത്സ്യതൊഴിലാളിയാകട്ടെ, സംഘടിതമേഖലയോ അസംഘടിതമേഖലയോ ആയിക്കോട്ടെ, ഈ സാമ്പത്തിക പാക്കേജില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ചില സുപ്രധാനമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
സുഹൃത്തുക്കളെ, ഈ കൊറോണാ പ്രതിസന്ധി, പ്രാദേശിക ഉല്‍പ്പാദനം, പ്രാദേശിക വിപണനം, പ്രാദേശിക വിതരണ ശൃംഖല, എന്നിവയുടെ പ്രാധാന്യം നമുക്ക് വിശദീകരിച്ചുനല്‍കുകയാണ്. പ്രതിസന്ധിയുടെ സമയത്ത് ഈ പ്രാദേശികത നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റി, ഈ പ്രാദേശികതയാണ് നമ്മെ രക്ഷപ്പെടുത്തിയത്. പ്രാദേശികത എന്നത് വെറും ആവശ്യകത മാത്രമല്ല, അത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. പ്രാദേശികത്വം എന്നത് ഒരു മന്ത്രമാക്കി മാറ്റണമെന്ന് കാലം നമ്മെ പഠിപ്പിച്ചു. നിങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ആഗോള ബ്രാന്‍ഡുകള്‍ ഒരുകാലത്ത് ഇതുപോലെ വളരെ പ്രാദേശികമായിരുന്നു. എന്നാല്‍ എപ്പോഴാണോ ആളുകള്‍ അവ ഉപയോഗിക്കാന്‍ തുടങ്ങുന്നത്, അവയെ പ്രോത്സാഹിപ്പിക്കുന്നത്, അവയെ ബ്രാന്‍ഡ് ചെയ്യുന്നത്, അവയില്‍ അഭിമാനിക്കുന്നത്, അപ്പോള്‍ അവ പ്രാദേശിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് ആഗോളമായി മാറും. അതുകൊണ്ട് ഇന്നുമുതല്‍ എല്ലാ ഇന്ത്യക്കാരും അവരുടെ പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദമാകണം. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് വേണ്ടി മാത്രമല്ല, അവയെ അഭിമാനത്തോടെ പ്രോത്സാഹിപ്പിക്കുന്നതിനും. നമ്മുടെ രാജ്യത്തിന് ഇത് ചെയ്യാന്‍ കഴിയുമെന്നതില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. നിങ്ങളുടെ പ്രയത്നം ഓരോ സമയത്തും എനിക്ക് നിങ്ങളോടുള്ള ആദരവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരുകാര്യം അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുകയാണ്. നിങ്ങളോടും രാജ്യത്തിനോടും ഖാദി വാങ്ങാന്‍ ഞാന്‍ അഭ്യര്‍ഥിച്ചു. അത് നമ്മുടെ ഹാന്‍ഡ്ലൂം തൊഴിലാളികള്‍ക്ക് വലിയ പിന്തുണയായിരിക്കും. ഇന്ന് ചെറിയ ഒരു കാലയളവുകൊണ്ട് ഖാദിയുടെയും കൈത്തറിയുടെയും ആവശ്യകത റെര്‍ക്കാഡ് തലത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. അത് മാത്രമല്ല, നിങ്ങള്‍ അതിനെ ഒരു വലിയ ബ്രാന്‍ഡായി മാറ്റുകയും ചെയ്തു. അത് ചെറിയ ഒരു പരിശ്രമമായിരുന്നു, എന്നാല്‍ അതിന്റെ ഫലം വളരെ നല്ലതായിരുന്നു.
സുഹൃത്തുക്കളെ, കൊറോണ ദീര്‍ഘകാലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് വിദഗ്ധരും ശാസ്ത്രജ്ഞരും പറയുന്നത്. അതേസമയം ഇങ്ങനെ സംഭവിക്കുന്നത് അനുവദിക്കാന്‍ നമുക്ക് കഴിയുകയുമില്ല, നമ്മുടെ ജീവിതം കൊറോണയ്ക്ക് ചുറ്റും മാത്രം ഒതുക്കി കൊണ്ടുപോകാനും കഴിയില്ല. നമ്മള്‍ മുഖാവരണം ധരിക്കണം, രണ്ടടി ദൂരം പാലിക്കുകയും നമ്മുടെ ലക്ഷ്യത്തെ പിന്തുടരുകയും ചെയ്യുക. അതുകൊണ്ട് നാലാംഘട്ട അടച്ചിടല്‍, അടച്ചിടല്‍ 4 പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കി രൂപകല്‍പ്പന ചെയ്യും. സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അടച്ചിടല്‍ 4 മായി ബന്ധപ്പെട്ട വിവരങ്ങള്‍ നിങ്ങള്‍ക്ക് മേയ് 18ന് മുമ്പ് നല്‍കും. നിയമങ്ങള്‍ പാലിച്ചുകൊണ്ട് നമ്മള്‍ കൊറോണയ്ക്ക് എതിരെ പോരാടുമെന്നും മുന്നോട്ടുപോകുമെന്നും എനിക്ക് വിശ്വാസമുണ്ട്.
സുഹൃത്തുക്കളെ, നമ്മുടെ സംസ്‌ക്കാരത്തില്‍ 'सर्वम् आत्म वशं सुखम्' എന്നാണ് പറയുന്നത് അതായത് എന്താണോ നമ്മുടെ നിയന്ത്രണത്തിലുള്ളത് അത് സന്തോഷമാണ്. സ്വയം പര്യാപ്ത സന്തോഷം, സംതൃപ്തി, ശാക്തീകരണം എന്നിവയിലേക്കാണ് നയിക്കുന്നത്. 21-ാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റുകയെന്ന നമ്മുടെ ഉത്തരവാദിത്തം സ്വയം പര്യാപ്തതയുടെ പ്രതിജ്ഞയിലൂടെ നമുക്ക് നിറവേറ്റാന്‍ കഴിയും. 130 കോടി ഇന്ത്യക്കാരുടെ ജീവിത ശക്തിയില്‍ നിന്ന് മാത്രമേ ഈ ഉത്തരവാദിത്തത്തിന് ഊര്‍ജ്ജം ലഭിക്കുകയുള്ളു. സ്വയംപര്യാപ്തതയുടെ ഈ കാലഘട്ടം ഓരോ ഇന്ത്യക്കാരനും പുതിയ വ്രതവും ഒപ്പം പുതിയ ഉത്സവവുമാണ്. ഇനി നമുക്ക് പുതിയൊരതു പ്രതിജ്ഞയും നിശ്ചയദാര്‍ഢ്യവുമായി മുന്നോട്ടുപോകണം. കടമയില്‍ ധാര്‍മികത നിറയുകയും ഉത്സാഹത്തിന്റെ പരമാവസ്ഥയിലെത്തുകയും, വൈദഗ്ധ്യ മൂലധനമുണ്ടാവുകയും ചെയ്യുമ്പോള്‍ ഇന്ത്യയെ സ്വയം പര്യാപ്തയിലെത്തുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കു സാധിക്കും? നമുക്ക് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാം. ഈ പ്രതിജ്ഞയോടെ, ഈ വിശ്വാസത്തോടെ ഞാന്‍ നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു.

(Release ID: 1623462) Visitor Counter : 511