ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

അന്താരാഷ്ട്ര നേഴ്‌സസ്  ദിനം ആചരിച്ചു

Posted On: 12 MAY 2020 3:13PM by PIB Thiruvananthpuram

 

''നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ, മഹാമാരികള്‍ക്കെതിരായ പോരാട്ടത്തില്‍ നാം വിജയിക്കില്ല'': ഡോ. ഹര്‍ഷ് വര്‍ധന്‍

അന്താരാഷ്ട്ര  
നേഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. 


ഫ്‌ളോറെൻസ്  നൈറ്റിംഗേലിന്റെ 200-ാം ജന്മവാര്‍ഷികം കൂടിയാണ് ഇത്തവണ.  ഈ വര്‍ഷം 'നേഴ്‌സുമാരുടെയും പ്രസവശുശ്രൂഷകരുടെയും വര്‍ഷ'മായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ആചരിക്കുന്നു എന്നതിനാല്‍ ഇത്തവണത്തെ നേഴ്‌സ് ദിനത്തിന് പ്രാധാന്യം ഏറെയാണ്. ലക്ഷക്കണക്കിനു നേഴ്‌സുമാരാണ് ഓണ്‍ലൈനിലൂടെ ദിനാചരണ പരിപാടികളില്‍ പങ്കെടുത്തത്.

നേഴ്‌സുമാരുടെ പ്രവര്‍ത്തനത്തെയും നിസ്വാര്‍ത്ഥമായ അര്‍പ്പണബോധത്തെയും കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിക്കുകയും ആരോഗ്യ സംരക്ഷണ വിതരണ സംവിധാനത്തിന്റെ ശക്തവും നിര്‍ണായകവുമായ സ്തംഭങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ''നിങ്ങളുടെ ജോലിയുടെ ആഴവും ആത്മാര്‍ത്ഥതയും നിര്‍വചിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്; നിങ്ങളുടെ പ്രതിബദ്ധതയും. നിങ്ങളുടെ ദയാവായ്പിനും അര്‍പ്പണബോധത്തിനും, സൗഖ്യസ്പര്‍ശത്തിനും നന്ദി. നിങ്ങളുടെ ദിവസം എത്ര പ്രയാസമേറിയതാണെങ്കിലും രോഗബാധിതര്‍ക്കു പ്രാധാന്യം നല്‍കുന്ന മനസ്സിനും നന്ദി.'' ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഈ മഹാമാരിയുടെ കാരലത്ത് നേഴ്‌സുമാര്‍ നടത്തുന്ന തിളക്കമാര്‍ന്ന, തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ''നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ മഹാമാരിക്കെതിരായ പോരാട്ടം നാം വിജയിക്കില്ല; സുസ്ഥിര വികസന ലക്ഷ്യങ്ങളോ സാര്‍വത്രിക ആരോഗ്യ പരിരക്ഷയോ നാം കൈവരിക്കില്ല.'' - അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്തെ വലിയ വെല്ലുവിളി നേരിടുന്നതിനായുള്ള നേഴ്‌സുമാരുടെ മനശ്ശക്തിയെ ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രശംസിച്ചു. ''അടുത്തിടെ നമ്മെ വേര്‍പിരിഞ്ഞ പുണെയിലെ സ്റ്റാഫ് നേഴ്‌സ് ശ്രീമതി ജ്യോതി വിത്തല്‍, അസിസ്റ്റന്റ് മേട്രണ്‍ ശ്രീമതി അനിത ഗോവിന്ദ് റാവു റാത്തോഡ്, ഝില്‍മില്‍ ഇ എസ് ഐ ആശുപത്രിയിലെ നേഴ്‌സിങ് ഓഫീസര്‍ കുമാരി മാര്‍ഗരറ്റ് എന്നീ ധീരവനിതകളെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുകയാണ്. അവരുടെ കുടുംബങ്ങളെ ഞാന്‍ അനുശോചനം അറിയിക്കുന്നു.  നിങ്ങള്‍ക്കൊപ്പം നിലകൊണ്ട് ഈ രോഗത്തിനെതിരായ പോരാട്ടം നാം തുടരും, നമ്മുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കും, മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സ്വരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകളും പരിശീലനങ്ങളും ഉറപ്പാക്കും.''- അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി, പ്രത്യേക ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങള്‍ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായാണ് കണക്കാക്കുക. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. അത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ 2,00,000 രൂപ വരെ പിഴയും ചുമത്തും. ഗുരുതരമായ ആക്രമണങ്ങള്‍ക്ക് ആറുമാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 1,00,000 രൂപ  മുതല്‍ 5,00,000 രൂപ വരെ പിഴയും നല്‍കും. ഇതുകൂടാതെ, ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വസ്തുവകകള്‍ നശിപ്പിച്ചാല്‍ അതിന്റെ മൂല്യത്തിന്റെ ഇരട്ടി നല്‍കാനും പ്രതിയെ ബാധ്യസ്ഥനാക്കും. ഇതിനുപുറമെ, 'പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്: കോവിഡ് - 19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി' സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമുണ്ട്. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് 22.12 ലക്ഷം പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്കു ലഭ്യമാക്കുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, അണുബാധ വ്യാപനം തടയല്‍ എന്നിവയെക്കുറിച്ച് നേഴ്‌സുമാര്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. അതിലൂടെ മറ്റുള്ളവര്‍ക്കും അവബോധം സൃഷ്ടിക്കാന്‍ നേഴ്‌സുമാര്‍ക്കു കഴിയും. ഡല്‍ഹി എയിംസ്, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ എന്നിവ സംഘടിപ്പിക്കുന്ന വിവിധ വെബിനാറുകളില്‍ നിന്നുള്ള പ്രയോജനങ്ങളും നേഴ്സുമാര്‍ നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


(Release ID: 1623282) Visitor Counter : 195