റെയില്‍വേ മന്ത്രാലയം

ഇന്ത്യൻ റെയിൽ‌വേ കോവിഡ് കെയർ സെന്ററുകൾ സംസ്ഥാന അധികൃതർക്കു കൈമാറും

Posted On: 07 MAY 2020 3:18PM by PIB Thiruvananthpuram

 

റെയിൽ‌വേ മന്ത്രാലയം 5231 റെയിൽ കോച്ചുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്‌. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് കെയർ സെന്ററുകളിൽ ചികിത്സിക്കാനാവുന്ന വളരെ ചെറിയ കേസുകൾക്ക് ഈ കോച്ചുകൾ ഉപയോഗിക്കാൻ കഴിയും. കോവിഡ് സംശയിക്കുന്നതും സ്ഥിരീകരിക്കപ്പെട്ടതുമായ കേസുകളിൽ അവരെ ഐസൊലേഷനിൽ പാർപ്പിക്കുവാൻ സംസ്ഥാനങ്ങൾക്ക്‌ ഈ കോച്ചുകൾ ഉപയോഗിക്കാൻ കഴിയും.

കോവിഡ് കെയർ സെന്ററുകൾക്ക് പുറമെ ഇന്ത്യൻ റെയിൽ‌വേ 2500 ൽ അധികം ഡോക്ടർമാരെയും 35000 പാരാമെഡിക്കൽ ജീവനക്കാരെയും വിന്യസിക്കും. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും വിവിധ സോണുകൾ താൽക്കാലിക അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യുന്നുണ്ട്‌. 17 ആശുപത്രികളിലായി അയ്യായിരത്തോളം കിടക്കകളും റെയിൽ‌വേ ആശുപത്രികളിലെ 33 ബ്ലോക്കുകളും അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാന സർക്കാരുകൾ റെയിൽ‌വേക്ക് അഭ്യർത്ഥനകൾ അയക്കുന്നതിനനുസരിച്ച്‌ റെയിൽ‌വേ ഈ കോച്ചുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അനുവദിക്കും. അനുവദിച്ചതിനുശേഷം, ആവശ്യമായ സ്ഥലത്ത്‌ അടിസ്ഥാന സൗകര്യങ്ങളുള്ള സ്റ്റേഷനിൽ, ട്രെയിൻ സ്ഥാപിക്കുകയും ജില്ലാ കളക്ടർക്ക്‌ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയ വ്യക്തികൾക്ക് കൈമാറുകയും ചെയ്യും. വെള്ളം, വൈദ്യുതി, അറ്റകുറ്റപ്പണികൾ, ഭക്ഷണ വിതരണം, സുരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ചുമതല റെയിൽ‌വേ തന്നെ ഏറ്റെടുക്കും.

**


(Release ID: 1621868) Visitor Counter : 210