പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും ഫോണില്‍ സംസാരിച്ചു

Posted On: 05 MAY 2020 7:02PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും ടെലിഫോണില്‍ സംസാരിച്ചു. 
ഫെബ്രുവരിയില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മാര്‍സെലോ റെബെലോ ഡിസൂസ നടത്തിയ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു. 
കോവിഡ്- 19 മഹാവ്യാധിയെ കുറിച്ചു ചര്‍ച്ച ചെയ്ത നേതാക്കള്‍ അതുണ്ടാക്കുന്ന ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി കൈക്കൊള്ളുന്ന നടപടികള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്തു. പ്രതിസന്ധി ഫലപ്രദമായി കൈകാര്യംചെയ്തതിനു പ്രധാനമന്ത്രി കോസ്റ്റയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 
വൈറസ് വ്യാപിക്കുന്നതു തടയുന്നതില്‍ ദേശീയ തലത്തില്‍ കൈക്കൊണ്ട പ്രതികരണാത്മകമായ നടപടികള്‍ സഹായകമായിരുന്നു എന്നു നേതാക്കള്‍ വിലയിരുത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനംചെയ്ത അവര്‍ കോവിഡ്- 19നെതിരെ പോരാടുന്നതിനുള്ള ഗവേഷണത്തിലും നൂതനാശയങ്ങളിലും സഹകരിക്കാമെന്നു പരസ്പരം സമ്മതിച്ചു. 
ലോക്ഡൗണ്‍ നിമിത്തം മടങ്ങാന്‍ സാധിക്കാതെ പോര്‍ച്ചുഗലില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വീസ കാലാവധി നീട്ടിക്കൊടുത്തത്തിനു പ്രധാനമന്ത്രി കോസ്റ്റയെ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യയിലുള്ള പോര്‍ച്ചുഗീസ് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ അധികൃതര്‍ ഒരുക്കിയ സൗകര്യത്തിനു പ്രധാനമന്ത്രി കോസ്റ്റ അഭിനന്ദനം അറിയിച്ചു. 
പ്രതിസന്ധിയുടെ ഉരുത്തിരിഞ്ഞുവരുന്ന ഘട്ടങ്ങളിലും കോവിഡ് അനന്തര കാലഘട്ടത്തിലും പരസ്പര ബന്ധം തുടരാന്‍ ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. 

(Release ID: 1621326) Visitor Counter : 211