രാസവസ്തു, രാസവളം മന്ത്രാലയം

അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ വാട്സ്ആപ്പിലും ഇ മെയിലിലും ഓര്‍ഡര്‍ സ്വീകരിച്ച് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍

Posted On: 05 MAY 2020 12:59PM by PIB Thiruvananthpuram



ലോക്ക് ഡൗണ്‍ കാലത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍. ആവശ്യക്കാരില്‍ നിന്ന് വാട്സ്ആപ്പിലൂടെയും ഇ മെയിലുകളിലൂടെയും ഓര്‍ഡര്‍ സ്വീകരിക്കാനാണ് കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിനു കീഴിലുള്ള ജന്‍ ഔഷധി കേന്ദ്രങ്ങളുടെ തീരുമാനം. അയച്ചുകൊടുക്കുന്ന പ്രിസ്‌ക്രിപ്ഷനനുസരിച്ച് രോഗബാധിതര്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ മരുന്നുകള്‍ എത്തിച്ചു നല്‍കും.

നിരവധി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വാട്സ്ആപ്പ് പോലുള്ള നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് സഹായകമാകുമെന്നും മികച്ച സേവനം ഉറപ്പാക്കുന്നുവെന്നും കേന്ദ്ര രാസവസ്തു, രാസവളം മന്ത്രി ശ്രീ. ഡി വി സദാനന്ദ ഗൗഡ പറഞ്ഞു.

ഉള്‍ പ്രദേശങ്ങളിലുള്ള സ്റ്റോറുകളിലേയ്ക്ക് തപാല്‍ വകുപ്പിന്റെ സഹായത്തോടെ മരുന്നുകള്‍ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് ഫാര്‍മ പി.എസ്.യുസ് ഓഫ് ഇന്ത്യ (ബി പി പി ഐ) വില്‍പ്പനക്കാര്‍ക്ക് വിഭവശേഖരണത്തിലും വിതരണത്തിലുമുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നടപടികളും പൂര്‍ത്തിയാക്കി. വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഉപഭോക്താക്കളുയെും സ്റ്റോര്‍ ഉടമകളുടെയും പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സജ്ജമാക്കി.

ലോക്ക് ഡൗണ്‍ കാലത്ത് മരുന്നു വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഏറെ ആവശ്യക്കാരുള്ള 178 മരുന്നുകള്‍ക്കായി 186.52 കോടി രൂപയുടെ ഓര്‍ഡര്‍ ബി.പി.പി.ഐ നല്‍കിക്കഴിഞ്ഞു.
***



(Release ID: 1621169) Visitor Counter : 213