ആഭ്യന്തരകാര്യ മന്ത്രാലയം

കൊറോണ യോദ്ധാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

Posted On: 03 MAY 2020 3:08PM by PIB Thiruvananthpuram

 

കോവിഡ് 19 നെതിരെ പോരാടുന്നതില്‍ തുല്യതയില്ലാത്ത സംഭാവനകള്‍ നല്‍കുകയും ത്യാഗമര്‍പ്പിക്കുകയും ചെയ്യുന്ന കൊറോണ യോദ്ധാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ അഭിവാദ്യമര്‍പ്പിച്ചു.

 

വീരോചിത പോരാട്ടം നടത്തുന്ന കൊറോണ യോദ്ധാക്കളെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നുവെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ ശ്രീ. അമിത് ഷാ പറഞ്ഞു. 'മോദി ഗവണ്‍മെന്റും രാജ്യം മുഴുവനും നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റി, ആരോഗ്യപൂര്‍ണവും അഭിവൃദ്ധിയാര്‍ന്നതും ശക്തവുമായ ഇന്ത്യയെ സൃഷ്ടിച്ച് ലോകത്തിനു മാതൃകയായി, കൊറോണയെ നമ്മുടെ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യണം. ജയ് ഹിന്ദ്!' - ട്വിറ്റര്‍ സന്ദേശത്തില്‍ അമിത് ഷാ കുറിച്ചു.

 

കൊറോണ പോരാളികളെ ഇന്ത്യയുടെ സായുധ സേന ഇന്ന് വിവിധ രീതികളില്‍ ആദരിച്ചിരുന്നു. ഈ നടപടിയെ ആഭ്യന്തര മന്ത്രി പ്രശംസിക്കുകയും ചെയ്തു. ''കൊറോണയുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ രാവും പകലും കഷ്ടപ്പെടുന്ന ഡോക്ടര്‍മാര്‍, പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, മറ്റു യോദ്ധാക്കള്‍ എന്നിവരെ ആദരിക്കാനായി ഇന്ത്യയുടെ സായുധ സേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഈ യോദ്ധാക്കള്‍ കാട്ടുന്ന ധൈര്യം ആദരവുളവാക്കുന്നു'' - ആഭ്യന്തര മന്ത്രി പറഞ്ഞു.

 

കൊറോണയെ നേരിടുന്ന ധീര യോദ്ധാക്കള്‍ക്ക് ദേശീയ പൊലീസ് സ്മാരകത്തില്‍ ഇന്ത്യന്‍ സായുധ സേന പുഷ്പാര്‍ച്ചന നടത്തി. 'കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം സ്തുത്യര്‍ഹമാണ്. സായുധ സേനയുടെ മൂന്നു വിഭാഗങ്ങളും കൊറോണയ്ക്കെതിരായ യുദ്ധം നയിക്കുന്ന പോരാളികള്‍ക്കായി ദേശീയ പൊലീസ് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഈ പ്രയാസമേറിയ സമയത്ത് രാജ്യം മുഴുവന്‍ നിര്‍ഭയരായ ഈ പോരാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം നിലകൊള്ളുന്നു''  - അമിത് ഷാ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു



(Release ID: 1620625) Visitor Counter : 207