വിദ്യാഭ്യാസ മന്ത്രാലയം

ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള ബദല്‍ അക്കാദിക് കലണ്ടര്‍ കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് പ്രകാശനം ചെയ്തു

Posted On: 02 MAY 2020 6:39PM by PIB Thiruvananthpuram

 

ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള ബദല്‍ അക്കാദിക് കലണ്ടര്‍ ന്യൂഡല്‍ഹിയില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് പ്രകാശനം ചെയ്തു.


അധ്യാപകര്‍ക്ക് രസകരമായ രീതിയില്‍ പഠിപ്പിക്കുന്നതിനുള്ള വ്യത്യസ്ത സാങ്കേതിക ഉപകരണങ്ങളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് കലണ്ടറിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായകമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വീടുകളിലിരുന്ന് അധ്യാപകര്‍ക്കും, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

11, 12 ക്ലാസുകള്‍ക്കുള്ള ബദല്‍ അക്കാദമിക് കലണ്ടറും ഉടന്‍ പുറത്തിറക്കും. ഭിന്ന ശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാ കുട്ടികള്‍ക്കും ഈ കലണ്ടര്‍ ഫലപ്രദമാണ്. ശബ്ദലേഖനങ്ങള്‍, റേഡിയോ പ്രോഗ്രാമുകള്‍, ദൃശ്യപരിപാടികള്‍ എന്നിവയിലേക്കുള്ള ലിങ്കും ഉള്‍പ്പെടുത്തും.

സിലബസില്‍ നിന്നുള്ളതോ പാഠപുസ്തകങ്ങളില്‍ നിന്നുള്ളതോ ആയ ആശയങ്ങളോ അധ്യായങ്ങളോ ഉപയോഗപ്പെടുത്തി വെല്ലുവിളി നിറഞ്ഞതും രസകരവുമായതും ആഴ്ച തിരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ഇതിലുണ്ട്. കുട്ടികളുടെ പഠനപുരോഗതി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിലയിരുത്താനും കഴിയുന്നു എന്നതും ഈ കലണ്ടറിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

കലകൾ, ശാരീരിക വ്യായാമങ്ങള്‍, യോഗ മുതലായ പ്രായോഗിക പരിശീലനം ആവശ്യമുള്ള പഠന പ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി മന്ത്രി അറിയിച്ചു. ക്ലാസ് അടിസ്ഥാനത്തിലുള്ളതും വിഷയാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളും കോളങ്ങളായി കലണ്ടറില്‍ ക്രമീകരിച്ചിട്ടുണ്ട്.  ഇ-പാഠശാല, എന്‍.ആര്‍.ഒ.ഇ.ആര് (NROER) ‍, ദിക്ഷ തുടങ്ങിയവയിലെ പാഠഭാഗങ്ങള്‍ ലഭിക്കുന്നതിനുള്ള ലിങ്കും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായി എന്‍.സി. ഈ.ആര്‍.ടിയുടെ തത്സമയ ആശയവിനിമയ ക്ലാസുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സ്വയം പ്രഭ ടിവി ചാനല്‍, പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്ന കിഷോര്‍ മഞ്ച് ആപ്പ്, യൂട്യൂബ് ലൈവ് (എന്‍.സി. ഈ.ആര്‍.ടിയുടെ ഔദ്യോഗിക ചാനൽ) എന്നിവയിലൂടെയാണ് ക്ലാസുകള്‍ നടത്തുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11  മുതല്‍ ഉച്ചക്ക് ഒന്നു വരെ പ്രൈമറി ക്ലാസുകള്‍ക്കും, ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലു വരെ അപ്പര്‍ പ്രൈമറി ക്ലാസുകള്‍ക്കും രാവിലെ ഒമ്പത് മുതല്‍ 11 വരെ സെക്കന്‍ഡറി ക്ലാസുകള്‍ക്കും വേണ്ട തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും.

ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കും ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള അപ്പര്‍ പ്രൈമറി കുട്ടികള്‍ക്കും വേണ്ടിയുള്ള ബദല്‍ അക്കാദമിക് കലണ്ടര്‍ കേന്ദ്ര മന്ത്രി നേരത്തെ പ്രകാശനം ചെയ്തിരുന്നു.

കലണ്ടര്‍ ലഭിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://pibcms.nic.in/WriteReadData/ebooklat/Academic%20Calender%20-%20Secondary%20-%20Eng..PDF



(Release ID: 1620507) Visitor Counter : 160