നിതി ആയോഗ്‌

സാമൂഹ്യ അകലം പാലിക്കലാണ്, ഇപ്പോള്‍ ലഭ്യമായ ഫലപ്രദമായ വാക്‌സിന്‍: ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ് വര്‍ദ്ധന്‍

Posted On: 30 APR 2020 5:07PM by PIB Thiruvananthpuram

 

നീതി ആയോഗ് ഇന്ന്, കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍, ഗവണ്‍മെന്റിതര സംഘടനകള്‍, പൗരസംഘടനകള്‍ എന്നിവരുമായി തല്‍സമയ സംവാദം സംഘടിപ്പിച്ചു. നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് ആയിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍.

നീതി ആയോഗിന്റെ ദര്‍പ്പണ്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ എന്‍.ജി.ഒ. കളും സംവാദത്തില്‍ പങ്കെടുത്തു. ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഹെല്‍പ്പ് ഏജ് ഇന്ത്യ, ടാറ്റ ട്രസ്റ്റ്‌സ്, റെഡ് ക്രോസ്, സേവ, സുലഭ് ഇന്റര്‍നാഷണല്‍, കെയര്‍ ഇന്ത്യ തുടങ്ങി നിരവധി സംഘടനകളാണ് സംവാദത്തില്‍ പങ്കാളികളായത്.

കോവിഡ് 19 രോഗികളും മുന്‍നിര പ്രവര്‍ത്തകരും നേരിടുന്ന ബുദ്ധിമുട്ടുകളും വിവേചനവും, ഗ്രാമീണ മേഖലയിലെ മരുന്നുകളുടെ അപര്യാപ്തത, ഇ - പാസ്സ് ലഭ്യമാക്കാനുള്ള സഹായം, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍, ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ ലഭ്യമാക്കല്‍, ലോക്ക് ഡൗണ്‍ പിന്‍വലിച്ചശേഷം അനൗദ്യോഗിക സംരംഭകര്‍ക്ക് നയപരവും സാമ്പത്തികപരവുമായ സഹായം, കൂടുതല്‍ വികേന്ദ്രീകൃതമായ  സാമൂഹിക നിരീക്ഷണ സംവിധാനങ്ങളുടെ ആവശ്യകത, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ സംഘടനകള്‍ സംവാദത്തില്‍ ഉന്നയിച്ചു.

എല്ലാ പ്രശ്‌നങ്ങളും നിയമംകൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയില്ലെന്നും, കോവിഡുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനത്തിനെതിരെ പോരാടാന്‍ എന്‍.ജി.ഒ. കളുടെയും പൗരസംഘടനകളുടെയും സഹായം ആവശ്യമാണെന്നും ഡോ ഹര്‍ഷ വര്‍ദ്ധന് പറഞ്ഞു. തങ്ങളുടെ പ്രദേശത്തുള്ള അതിഥി തൊഴിലാളി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകളുടെ സഹായം മന്ത്രി അഭ്യര്‍ത്ഥിച്ചു.

നിലവില്‍ പി.പി.ഇ. സുരക്ഷാ കിറ്റുകളുടെയും മാസ്‌കുകളുടെയും നിര്‍മാണത്തിനായി 108 നിര്‍മ്മാതാക്കള്‍
 രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം ഒരു ലക്ഷത്തോളം പി.പി.ഇ. കിറ്റുകളും ഒരു ലക്ഷത്തിലധികം N95 മാസ്‌കുകളും ഈ കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്നുണ്ട്. ഈ അവശ്യ സുരക്ഷാ വസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമാണെന്നും
 സംസ്ഥാനങ്ങള്‍ക്ക് അവ വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആരോഗ്യസേതു ആപ്പിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ ഹര്‍ഷ് വര്‍ധന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ട്വിറ്റര്‍ ഇന്ത്യയുമായി ചേര്‍ന്ന് @CovidIndiaSeva എന്ന ട്വിറ്റര്‍ ഹാന്റില്‍ ഗവണ്‍മെന്റ് ആരംഭിച്ചതായും പൊതുജനങ്ങള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിനും സംശയത്തിനും ഇതിലൂടെ പരിഹാരം തേടാനാവുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് വളരെ വേഗം പരിഹാരം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

വാക്‌സിന്‍ കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലവും ദേശീയ തലത്തിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കലുമാണ് കോവിഡ് മഹാമാരിക്കെതിരായ ഫലപ്രദമായ വാക്‌സിനെന്ന് ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. അതുവരെ എല്ലാവരും വീട്ടിലിരിക്കാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.


***



(Release ID: 1619680) Visitor Counter : 185