ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 പുതിയ വിവരങ്ങള്‍

Posted On: 29 APR 2020 6:25PM by PIB Thiruvananthpuram


കോവിഡ് -19 ന്റെ പ്രതിരോധം, നിയന്ത്രണം എന്നിവയ്ക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാറുകളുമായി ചേര്‍ന്ന് പഴുതടച്ച നടപടികള്‍ സ്വീകരിച്ഛ് വരികയാണ്. ഉന്നതതലത്തില്‍ ഇവ കൃത്യമായി വിലയിരുത്തി വരികയും ചെയ്യുന്നുണ്ട്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ രാജ്യത്തെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ അംഗങ്ങളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തി. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 9.1 കോടി രൂപയും വിവിധ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസഫണ്ടിലേക്ക് 12.5 കോടി രൂപയും സംഭാവന ചെയ്തതിന് ലയണ്‍സ് ക്ലബ് അംഗങ്ങളെ അദ്ദേഹം നന്ദി അറിയിച്ചു. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും ആവശ്യമായ മെഡിക്കല്‍-സംരക്ഷണ ഉപകരണങ്ങളും നല്‍കുന്നതിനും അദ്ദേഹം ലയന്‍സ് ക്ലബിനെ അഭിനന്ദിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ സൗകര്യങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം പകരുന്നതിന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് അവര്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഹൃദ്‌രോഗം, ഡയാലിസിസ്, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഇതുവരെ 7695 പേരാണ് കോവിഡ് മുക്തി നേടിയത്. രോഗമുക്തരാകുന്നവരുടെ നിരക്ക് 24.5% ആണ്. ഇതുവരെ 31,332 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കോവിഡ് 19 നെ കുറിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, എന്നിവയെക്കുറിച്ചുള്ള ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/.എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന വിലാസത്തിലും മറ്റ് സംശയങ്ങള്‍ക്ക് ncov2019[at]gov[dot]in ലും ഇമെയില്‍ ചെയ്യാവുന്നതാണ്. @CovidIndiaSeva ലേക്ക് ട്വീറ്റും ചെയ്യാവുന്നതാണ്.

കോവിഡ് 19 നെക്കുറിച്ചുള്ള സംശയങ്ങള്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +91-11-23978046 ലും അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്.

***


(Release ID: 1619356)