ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 28 APR 2020 6:32PM by PIB Thiruvananthpuram


രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

ബയോ ടെക്നോളജി വകുപ്പും അതിനു കീഴിലുള്ള 18 സ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നടത്തിയ കോവിഡ് 19 അനുബന്ധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അവലോകനം ചെയ്തു. ഡയറക്ടര്‍മാരുമായും വകുപ്പു തലവന്മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്കു കീഴില്‍ ആന്റിബോഡി പരിശോധനാ കിറ്റുകള്‍, പിസിആര്‍ അടിസ്ഥാനമാക്കിയുള്ള റിയല്‍ടൈം പരിശോധനാ കിറ്റുകള്‍, കോവിഡ് 19 നുള്ള വാക്സിനുകള്‍ എന്നിവ വികസിപ്പിക്കാനുള്ള പ്രക്രിയ വേഗത്തിലാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. അനില്‍ ബൈജാല്‍, ഡല്‍ഹി ആരോഗ്യമന്ത്രി ശ്രീ. സത്യേന്ദര്‍ ജെയിന്‍, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍മാര്‍, ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മജിസ്ട്രേട്ടുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, കേന്ദ്ര - സംസ്ഥാന - ജില്ലാതല നിരീക്ഷണ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ആശുപത്രി മേധാവികള്‍ എന്നിവര്‍ക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡല്‍ഹിയിലെ കോവിഡ് -19 നിരീക്ഷണത്തിന്റെ നിലവിലെ സ്ഥിതിയും കേന്ദ്ര ആരോഗ്യമന്ത്രി അവലോകനം ചെയ്തു. അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ. രാജേഷ് ഭൂഷണ്‍, ആരോഗ്യ മേഖല ഡയറക്ടര്‍ ജനറല്‍ ഡോ.രജീവ് ഗാര്‍ഗ്,  നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ് കെ സിംഗ് എന്നിവര്‍ പങ്കെടുത്തു.

രോഗലക്ഷണങ്ങള്‍ വളരെ കുറഞ്ഞതോതിലുള്ള രോഗികളെ വീട്ടില്‍ ഐസൊലേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്വയം ക്വാറന്റൈന്‍ ചെയ്യുന്നതിന് അവരവരുടെ വസതിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമായ രോഗികള്‍ക്ക് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍ക്കാനുള്ള അവസരം നല്‍കും. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2020 ഏപ്രില്‍ 7 ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നല്‍കിയ കോവിഡ് 19 മായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് പുറമേയാണ്. ഈ ലിങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ് : https://www.mohfw.gov.in/pdf/GuidelinesforHomeIsolationofverymildpresymptomaticCOVID19cases.pdf.

പ്ലാസ്മ ചികിത്സ ഉള്‍പ്പെടെ നിലവില്‍ കോവിഡ് 19 നായി അംഗീകൃത ചികിത്സകള്‍ ഒന്നുമില്ലെന്ന് ഐ സി എം ആര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷിച്ചു കൊണ്ടിരിക്കുന്ന നിരവധി ചികിത്സകളില്‍ ഒന്നാണിത്. എങ്കിലും കോവിഡ് ചികിത്സയായി ഇതു കണക്കാക്കുന്നതിന് നിലവില്‍ തെളിവുകള്‍ ലഭ്യമല്ല. പ്ലാസ്മ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ഐ സി എം ആര്‍ ദേശീയ തലത്തില്‍ പഠനവും ആരംഭിച്ചു. എങ്കിലും ഈ പഠനം പൂര്‍ത്തിയാകും വരെയും ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകുകയും വരെയും ഗവേഷണ, പരീക്ഷണ ആവശ്യങ്ങള്‍ക്കല്ലാതെ ഇത് ഉപയോഗിക്കാന്‍ പാടില്ല. പ്ലാസ്മ ചികിത്സ നടത്തുന്നത് ജീവന്‍ വരെ അപകടപ്പെടുത്താമെന്ന വസ്തുത കണക്കിലെടുത്താണ് ഇത്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ പ്ലാസ്മ ചികിത്സയുടെ ഉപയോഗത്തിന് ഐ സി എം ആര്‍ ഇതിനകം വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


ഇന്നത്തെ കണക്കനുസരിച്ച്, കഴിഞ്ഞ 28 ദിവസമായി രാജ്യത്തെ 17 ജില്ലകളില്‍ പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ജില്ലകളുടെ എണ്ണത്തില്‍ ഒന്നിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. (രണ്ട് പുതിയ ജില്ലകള്‍ ചേര്‍ക്കുകയും നേരത്തെ ഉണ്ടായിരുന്ന ഒരു ജില്ല ഒഴിവാക്കുകയും ചെയ്തു.) കേരളത്തിലെ വയനാട്, പശ്ചിമ ബംഗാളിലെ കാലിംപോങ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലകള്‍. ഈ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് ബിഹാറിലെ ലഖിസാരായി ജില്ലയാണ്.

നിലവില്‍ രാജ്യത്ത് 6868 പേരാണ് രോഗമുക്തരായത്. 23.3 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത്  കോവിഡ് 19 ബാധ സ്ഥിരീകരിച്ചത് ആകെ 29,435 പേര്‍ക്കാണ്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.mohfw.gov.in/.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക്  technicalquery.covid19@gov.in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***(Release ID: 1619058) Visitor Counter : 49