റെയില്‍വേ മന്ത്രാലയം
കോവിഡ് കാലത്ത് ആശ്വാസമായി ഇന്ത്യൻ റയിൽവെയുടെ കോവിഡ് എമർജൻസി സെൽ; ഇതുവരെ ദിനംപ്രതി ഉത്തരം നൽകിയത് 13,000 ഓളം അന്വേഷണങ്ങൾ, അപേക്ഷകൾ, നിർദേശങ്ങൾ എന്നിവയ്ക്ക്
Posted On:
27 APR 2020 2:30PM by PIB Thiruvananthpuram
*************
ന്യൂഡൽഹി, ഏപ്രിൽ 27, 2020
കോവിഡിനെ തുടർന്നുള്ള ഈ പ്രതിസന്ധിഘട്ടത്തിൽ, യാത്രക്കാരുടെയും വാണിജ്യ ഉപഭോക്താക്കളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനും, രാജ്യത്തെ വിതരണശൃംഖല സുഗമമായി കൊണ്ടുപോകാനും പഴുതടച്ച നടപടികളാണ് ഇന്ത്യൻ റെയിൽവേ സ്വീകരിച്ചുവരുന്നത്.
ലോക് ഡൗൺ കാലയളവിൽ, ജനങ്ങളുടെ ആശങ്കകൾക്ക് ചെവികൊടുക്കാനും അവയ്ക്ക് ഉടനടി പരിഹാരം നൽകാനുമായി ഒരു സംവിധാനം വേണമെന്നുള്ള ചിന്തയിൽ നിന്നാണ്, കോവിഡിനായുള്ള പ്രത്യേക റെയിൽവേ എമർജൻസി സെല്ലിനു രൂപം നൽകിയത്.
400 ഓളം ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾക്കൊള്ളുന്ന, രാജ്യമെമ്പാടും പരന്നുകിടക്കുന്ന ഒരു സമഗ്ര സംവിധാനമാണിത്. 139, 138 എന്നീ ഹെല്പ് ലൈൻ നമ്പറുകൾ, ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ, railmadad@rb.railnet.gov.in എന്ന ഇമെയിൽ ഐഡി ,CPGRAMS എന്നിങ്ങനെ അഞ്ചു സംവിധാനങ്ങളിലൂടെയാണ് എമർജൻസി സെൽ പ്രവർത്തിക്കുന്നത്. ഈ അഞ്ചു വഴികളിലൂടെയും പ്രതിദിനം ലഭിക്കുന്ന 13,000 ഓളം അന്വേഷണങ്ങൾ, അപേക്ഷകൾ, നിർദേശങ്ങൾ എന്നിവയ്ക്ക് റെയിൽവേ എമർജൻസി സെൽ പ്രതികരണം നൽകുന്നുമുണ്ട്. ലഭിക്കുന്ന 90 ശതമാനത്തിലേറെ അന്വേഷണങ്ങളോട് നേരിട്ടാണ് പ്രതികരണം നൽകുന്നത്. ടെലഫോണിലൂടെ ബന്ധപ്പെടുന്നവർക്ക്, അവരുടെ പ്രാദേശികഭാഷയിൽ തന്നെ മറുപടി നൽകാനും ശ്രദ്ധിക്കുന്നു.
ലോക് ഡൗണിന്റെ ആദ്യ നാലാഴ്ചകൾക്കുള്ളിൽ തന്നെ 2,30,000 ലേറെ അന്വേഷണങ്ങൾക്കാണ് റെയിൽമദദ് ഹെല്പ്ലൈനായ 139 ലൂടെ നേരിട്ട് മറുപടി നൽകിയത്. IVRS സംവിധാനത്തിലൂടെ മറുപടി നൽകിയ അന്വേഷണങ്ങൾക്ക് പുറമെയാണിത്.
ഇതേകാലയളവിൽത്തന്നെ ഹെല്പ്ലൈൻ നമ്പറായ 138 ലൂടെ ലഭിച്ച 1,10,000 ലേറെ ഫോൺ കോളുകൾ, വിളിക്കുന്നയാളിന്റെ തൊട്ടടുത്തുള്ള റെയിൽവേ പ്രാദേശിക നിയന്ത്രണ കാര്യാലയത്തിലേക്ക് കൈമാറുകയും ചെയ്തു. പ്രാദേശിക ഭാഷയിലും, വിഷയങ്ങളിലും പരിജ്ഞാനമുള്ള റെയിൽവേ ജീവനക്കാർ ഇത്തരം കാര്യാലയങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഫോണിലൂടെ ബന്ധപ്പെടുന്ന വ്യക്തിക്ക്, തന്റെ ഭാഷയിൽ തന്നെ വിവരങ്ങളും നിർദേശങ്ങളും ലഭിക്കുന്നുണ്ട് എന്ന് ഈ ക്രമീകരണം ഉറപ്പാക്കുന്നു.
ഏതാണ്ട് ഇതേ സമയത്താണ്, രാജ്യത്ത് വൈദ്യോപകരണങ്ങൾ അടക്കമുള്ള മെഡിക്കൽ സംവിധാനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വലിയ തോതിലുള്ള ദ്രുത വിതരണം ഉറപ്പാക്കേണ്ട ആവശ്യം ഉയർന്നുവന്നത്. ഇതിനോടും ഉടനടി പ്രതികരിക്കാൻ റെയിൽവേയ്ക്ക് സാധിച്ചു. ജീവൻരക്ഷാമരുന്നുകൾ അടക്കമുള്ള അവശ്യസാധനങ്ങളുടെ സമയബന്ധിതമായ വിതരണം ഉറപ്പാക്കാനായി, കൃത്യമായ ഇടവേളകളിലുള്ള പാർസൽ തീവണ്ടി സേവനങ്ങൾക്ക് റെയിൽവേ മന്ത്രാലയം, തുടക്കമിട്ടു. റെയിൽവേ മെയിൽ സർവീസ് അടക്കം, രാജ്യത്ത് കുടുങ്ങിപ്പോയ നിരവധി ചരക്കുനീക്കങ്ങൾ പുനഃസ്ഥാപിക്കാനും ഈ തീവണ്ടികളിലൂടെ സാധിച്ചു.
(Release ID: 1618692)
Visitor Counter : 229
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada