പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ഇന്ത്യയുടെ കോവിഡ് -19ന് എതിരായ പോരാട്ടത്തെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രമന്ത്രി ഡോ: ജിതേന്ദ്ര സിംഗ് മുന്‍ ഉദ്യോഗസ്ഥരുമായി   കൂടിക്കാഴ്ച നടത്തി

Posted On: 25 APR 2020 6:37PM by PIB Thiruvananthpuram
 
 

                                                 ന്യൂഡല്‍ഹി, 2020 ഏപ്രില്‍ 25

കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചും അടച്ചിടലിന് ശേഷം തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള ഒരു പദ്ധതിയെക്കുറിച്ച് കൂടിയാലോചിക്കുന്നതിനുമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി (സ്വതന്ത്രചുമതല)യും പി.എം.ഒ, പേഴ്സണല്‍, പൊതുജനപരിഹാര, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശ എം.ഒ.എസുമായ ഡോ: ജിതേന്ദ്ര സിംഗ് മുന്‍ ബ്യൂറോക്രാറ്റുകളുമായി ഇന്ന് വളരെ വിശദമായ ചര്‍ച്ചകള്‍ നടത്തി.
ശ്രീ സുധീര്‍ ഭാര്‍ഗവ, ശ്രീ രാമാ സുന്ദരം, ശ്രീ രാകേഷ് കുമാര്‍ ഗുപ്ത, ശ്രീ സത്യേന്ദ്ര മിശ്ര, ശ്രീ പി.പി. പനീര്‍വേല്‍, ശ്രീ കെ.വി. ഈപ്പന്‍ എന്നീ റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥരും മിസിസ് സംഗീതാ ഗുപ്ത, മിസിസ് ഷീല സംഗ്വന്‍ എന്നീ മുന്‍ ഐ.ആര്‍.എസ്. ഉദ്യോഗസ്ഥകളുമായി ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന വിഡിയോ കോണ്‍ഫറന്‍സിംഗ് ആശയവിനിമയത്തില്‍ ഡോ: ജിതേന്ദ്രസിംഗ് ഈ മഹാമാരിയെ ഇതുവരെ കാര്യക്ഷമമായ രീതിയില്‍ തടഞ്ഞുനിര്‍ത്തുന്നതിന് ഗവണ്‍മെന്റ് കൈക്കൊണ്ട പ്രയത്നങ്ങളെക്കുറിച്ച് വിശദീകരിച്ചു. സാഹചര്യത്തെക്കുറിച്ച് പ്രത്യേകം പഠിച്ച് രോഗത്തെ തടഞ്ഞുനിര്‍ത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ മൂലം നിരവധി വികസിതരാജ്യങ്ങളെക്കാള്‍ ഇന്ത്യക്ക് ഇക്കാര്യത്തില്‍ വളരെയധികം പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
വിവിധ നടപടികളിലൂടെ മഹാമാരിയെ തടഞ്ഞുനിര്‍ത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രയത്നങ്ങളെ അഭിനന്ദിച്ച ഉദ്യോഗസ്ഥര്‍ അടച്ചിടലിന് ശേഷം സമ്പദ്ഘടനയ്ക്ക് പുതിയ തുടക്കം നല്‍കുന്നതിന് വേണ്ടി   തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. അടച്ചിടലിന്റെ ഘട്ടം ഘട്ടമായുള്ള പിന്‍വലിക്കല്‍, ഭരണത്തില്‍ സാങ്കേതികവിദ്യകളുടെ കൂടുതല്‍ ഉപയോഗം ഉദാഹരണത്തിന് ഇ-ഓഫീസ്, വൈറ്റമിന്‍ സി നല്‍കികൊണ്ട് രോഗപ്രതിരോധശേഷിയുണ്ടാക്കേണ്ടതിന്റെ പ്രാധാന്യം, സമ്പദ്ഘടനയ്ക്ക് പുതിയ തുടക്കം നല്‍കുന്നതിന് വേണ്ടിയുള്ള സാമ്പത്തിക ഉത്തേജനം, പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം, അക്കാദമിക വര്‍ഷത്തെ ഉപയോഗിക്കുന്നതിനായി കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും, കുടിയേറ്റതൊഴിലാളികള്‍ക്ക് തങ്ങളുടെ ജന്മനാടുകളിലേക്ക് മടങ്ങിപോകുന്നതിന് വേണ്ട സൗകര്യമൊരുക്കല്‍, മേക്ക് ഇന്‍ ഇന്ത്യ ആശയത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി പ്രതിരോധ കുത്തിവയ്പ്പുകളുടെയും പരിശോധന കിറ്റുകളുടെയും ആഭ്യന്തരമായി വികസിപ്പിക്കല്‍പോലുള്ള വിഷയങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സിംഗില്‍ അടിവരയിട്ട് അവതരിപ്പിച്ചു.
ഈ വിഷയത്തില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ക്ക് ഡോ: ജിതേന്ദ്രസിംഗ് ഉദ്യോഗസ്ഥന്മാരെ അഭിനന്ദിച്ചു. കൊറോണാ മഹാമാരിയുടെ ഭീഷണിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ അറിവ് എല്ലാ മേഖലകളില്‍ നിന്നും നേടുന്നതിനായി ഇത്തരത്തിലുള്ള കൂടിയാലോചനകള്‍ ഭാവിയിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 



(Release ID: 1618343) Visitor Counter : 169