ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19:  ക്ഷയരോഗ രോഗികളുടെ ചികിത്സ ഉറപ്പു വരുത്തണമെന്ന്  കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം

Posted On: 24 APR 2020 5:13PM by PIB Thiruvananthpuramകോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതി പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ക്ഷയരോഗനിര്‍ണയവും രോഗികള്‍ക്കുള്ള ചികിത്സയും ഉറപ്പു വരുത്തണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കി.

പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍ക്കോ നിലവില്‍ ചികിത്സയിലുളള എല്ലാ ക്ഷയ രോഗികള്‍ക്കും ഒരു മാസത്തേക്കുള്ള മരുന്നുകള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രോഗികള്‍ക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്നും ചികില്‍സ തടസം കൂടാതെ ലഭിക്കുന്നുണ്ടെന്നും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സര്‍ക്കാറുകള്‍ ഉറപ്പാക്കേണ്ടതാണ്.

രോഗികള്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ രോഗിയുടെ വീട് എവിടെയാണെങ്കിലും മരുന്ന് എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കേണ്ടി വന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മരുന്നുകള്‍ ആവശ്യത്തിന് ശേഖരിക്കുകയും ആവശ്യാനുസരണം വിതരണം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രാലയം ഉത്തരവും പുറപ്പെടുവിച്ചു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ക്ഷയരോഗ നിര്‍ണയം, ചികിത്സാസൗകര്യങ്ങള്‍ എന്നിവ നിലവില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് രോഗികള്‍ ക്ഷയരോഗ ചികിത്സ തുടരേണ്ടതാണ്. രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യത്തിന് നിലവിലെ സാഹചര്യത്തില്‍ മുന്‍ഗണന നല്‍കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നാല്‍ ടിബി ടോള്‍ ഫ്രീ നമ്പറായ 18 00 11 66 66 ല്‍ രോഗികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ www.tbcindia.gov.in എന്ന വെബ്‌സൈറ്റില്‍ ''വാര്‍ത്തകളും ഹൈലൈറ്റുകളും'' എന്ന സെക്ഷനിൽ ലഭ്യമാണ്.

***(Release ID: 1617916) Visitor Counter : 216