വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

കോവിഡ് -19 പ്രതിസന്ധിയിലും തപാൽവകുപ്പ്‌ ജനസേവനം തുടരുക: സഞ്ജയ് ധോത്രേ

Posted On: 24 APR 2020 12:19PM by PIB Thiruvananthpuram



കോവിഡ് -19 മായി ബന്ധപ്പെട്ട ലോക്ക്ഡൗൺ സമയത്ത് തപാൽ വകുപ്പ് കൈക്കൊണ്ട നടപടികൾ വാർത്താവിനിമയ, മാനവവിഭവശേഷി വികസന സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രേ വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്തു.  വകുപ്പ്‌ സ്വീകരിച്ച വിവിധ നടപടികളിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. സാമൂഹ്യ അകലം പാലിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച്‌ രാജ്യത്തിനായി സേവനത്തിലേർപ്പെടാൻ പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എല്ലാ സർക്കാർ വകുപ്പുകളും തപാൽ വകുപ്പിന്റെ സുശക്തമായ വിതരണ സംവിധാനം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും വകുപ്പുകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള സേവനം തപാൽ വകുപ്പിന് പുതിയ അവസരം നൽകുമെന്നും ശ്രീ സഞ്ജയ് ധോത്രേ പറഞ്ഞു. ആധാർ ബന്ധിത പേയ്‌മെന്റ് സംവിധാനങ്ങൾ (എഇപിഎസ്) തപാൽ വകുപ്പ് വ്യാപകമായി പ്രചരിപ്പിക്കണം. ഡിവിഷണൽ മേധാവികൾ ജില്ലാ കളക്ടർമാരുമായും സംസ്ഥാന ഭരണകേന്ദ്രങ്ങളുമായും ഇടപെട്ട്‌ പണം വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ വിലക്കുള്ള മേഖലകളിൽ ഒഴികെ രാജ്യത്തുടനീളമുള്ള പോസ്റ്റോഫീസുകള്‍ പ്രവർത്തിക്കുകയും സേവനങ്ങൾ എത്തിക്കുന്നതായും മന്ത്രിയെ അറിയിച്ചു.  മരുന്നുകൾ, കോവിഡ് -19 ടെസ്റ്റ് കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസർ, വ്യക്‌തി സുരക്ഷാ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, ഡിഫിബ്രില്ലേറ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക പരിഗണന നൽകുന്നുണ്ട്‌.

2020 ഏപ്രിൽ 20 വരെയുള്ള ലോക്ക്ഡൗൺ കാലയളവിൽ, 28,000 കോടി രൂപയുടെ, 1.8 കോടി തപാൽ സേവിംഗ് ബാങ്കുകൾ ഇടപാടുകൾ നടത്തിയതായി മന്ത്രിയെ അറിയിച്ചു. കൂടാതെ 2100 കോടി രൂപയുടെ 84 ലക്ഷം ഐപിപിബി ഇടപാടുകളും നടന്നു. 135 കോടിയുടെ 4.3 ലക്ഷം എടിഎം ഇടപാടുകളും രാജ്യത്തുടനീളം നടന്നു.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ എഇപിഎസ് ഏതു ഷെഡ്യൂൾഡ് ബാങ്കുകളുടെയും അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ച്‌ വീട്ടിൽ എത്തിച്ചു നൽകുന്നു. 300 കോടി രൂപയുടെ 15 ലക്ഷം എഇപിഎസ് ഇടപാടുകളാണ്‌ ഈ കാലയളവിൽ നടത്തിയത്. 480 കോടി രൂപയുടെ ഏകദേശം 52 ലക്ഷം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ലോക്ക്ഡൗൺ കാലയളവിൽ നടത്തി. ആധാർ അധിഷ്‌ഠിത പേയ്‌മെന്റ് സംവിധാനം വഴിയുള്ള തപാൽ വകുപ്പിന്റെ സേവനം ഗ്രാമീണ മേഖലയിലുള്ളവർക്കും, വയോധികർ, ദിവ്യാംഗർ, പെൻഷൻകാർ എന്നിവർക്കും വളരെയധികം സഹായകമായി.

വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന തപാൽ സേവനങ്ങൾ എത്തിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ സഞ്ചരിക്കുന്ന തപാൽ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സന്നദ്ധസംഘടനകളുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട്‌ സാധനങ്ങളും സേവനങ്ങളും എത്തിക്കാൻ തപാൽ വകുപ്പ് സ്വമേധയാ പങ്കാളികളാകുകയും, ഭക്ഷ്യവസ്‌തുക്കളും റേഷനും എത്തിക്കുകയും ചെയ്യുന്നു.
ചില തപാൽ സർക്കിളുകളിൽ, ശുചീകരണ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മാസ്‌കുകളും തയാറാക്കുന്നുണ്ട്‌.

***



(Release ID: 1617815) Visitor Counter : 216