ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ് 19: കേന്ദ്രഗവൺമെന്റ് 6 അന്തർ മന്ത്രിതല സംഘങ്ങൾക്ക് രൂപം നൽകി

Posted On: 20 APR 2020 1:47PM by PIB Thiruvananthpuram

 

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആറ് അന്തർ മന്ത്രിതല സംഘങ്ങൾ (IMCTs) ക്ക് കേന്ദ്രവൺമെൻറ് രൂപം നൽകി. പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് രണ്ടു വീതവും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് ഓരോ സംഘത്തിന്റെയും സേവനം ലഭിക്കും. ഇവിടങ്ങളിലെ പ്രശ്നങ്ങൾ വിശകലനം ചെയ്യുക, പരിഹാരനടപടികൾക്കായി സംസ്ഥാനഭരണകൂടങ്ങൾക്ക് നിർദേശം നൽകുക, പൊതുജന താല്പര്യം മുൻനിർത്തി, ബന്ധപ്പെട്ട റിപ്പോർട്ടുകൾ കേന്ദ്രത്തിനു സമർപ്പിക്കുക എന്നതാണ് സംഘങ്ങളുടെ പ്രവർത്തനോദ്ദേശ്യം. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി ലോക് ഡൗൺ നടപ്പാക്കുന്നതിലെ പരാതികൾ, അവശ്യസാധനങ്ങളുടെ വിതരണം, സാമൂഹിക അകലം, ആരോഗ്യപാലന സംവിധാനങ്ങൾ,   ആരോഗ്യപ്രവർത്തകരുടെ സുരക്ഷ, പരിശോധന കിറ്റുകൾ, വ്യക്തിസുരക്ഷാസംവിധാനങ്ങൾ (PPE), മുഖാവരണങ്ങൾ, മറ്റു സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത, പാവപ്പെട്ടവർക്കും കുടിയേറ്റ തൊഴിലാളികൾക്കുമായുള്ള ദുരിതാശ്വാസക്യാംപുകളിലെ സാഹചര്യങ്ങൾ എന്നിവയിലായിരിക്കും സംഘങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക.

2005 ലെ ദുരന്തനിവാരണ നിയമത്തിലെ 35(1), 35(2)(a), 35(2)(e) , 35(2)(i) വകുപ്പുകൾ പ്രകാരമാണ് കേന്ദ്രം  ഈ സമിതികൾക്ക് രൂപം നൽകിയിരിക്കുന്നത്. ലോക് ഡൗണുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച ഉത്തരവുകളിലും, മാർഗനിർദേശങ്ങളിലും, ലോക് ഡൗൺ അടക്കമുള്ള നടപടികൾ കർശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ, കേന്ദ്ര മാർഗനിർദേശങ്ങളിൽ പറയുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് ഏർപ്പെടുത്താവുന്നതാണ്. എന്നാൽ, ദുരന്ത നിവാരണനിയമത്തിനു കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള കേന്ദ്ര നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ പാടുള്ളതല്ല.

തങ്ങൾക്ക് മുൻപാകെ സമർപ്പിക്കപ്പെട്ട റിട്ട് ഹർജി

(സിവിൽ) നം. 468, 2020, പരിഗണിക്കവെ, ഇതുമായി ബന്ധപ്പെട്ട്  സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. "സംസ്ഥാന ഭരണകൂടങ്ങളും, അധികൃതരും, പൗരന്മാരും പൊതുസുരക്ഷ കണക്കിലെടുത്ത്, കേന്ദ്ര ഗവണ്മെന്റ് നിർദേശങ്ങൾ അതേപടി അനുസരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി" കഴിഞ്ഞ മാസം 31 നു പരമോന്നതകോടതി നിരീക്ഷിക്കുകയുണ്ടായി. സുപ്രീം കോടതി നിർദേശങ്ങളായി കണക്കാക്കേണ്ട ഈ നിരീക്ഷണങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഗവണ്മെന്റുകളെയും അറിയിച്ചിട്ടുമുണ്ട്.

അന്തർ മന്ത്രിതല സംഘങ്ങളുടെ സന്ദർശനം എത്രയും വേഗം തന്നെ ആരഭിക്കുന്നതാണ് .(Release ID: 1616388) Visitor Counter : 261