ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19:  ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 19 APR 2020 5:37PM by PIB Thiruvananthpuram

 

കോവിഡ് 19 വ്യാപനം പ്രതിരോധിക്കാനും നിയന്ത്രിക്കാനുമായി നിരവധി നടപടികളാണ് ഇന്ത്യ ഗവണ്മെന്റ് സ്വീകരിച്ചുവരുന്നത്. വിവിധ സംസ്ഥാന- കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുമായി യോജിച്ചു നടത്തിവരുന്ന ഈ നീക്കങ്ങളോരോന്നും ഉന്നതതലത്തിൽ പതിവായി വിലയിരുത്തപ്പെടുന്നുമുണ്ട് .

മരുന്നുകളുടെ പരീക്ഷണം, പ്രതിരോധമരുന്നുകളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഒരു ഉന്നതതല കർമ്മ സേനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. നിതി ആയോഗിൽ, ആരോഗ്യകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അംഗം, പ്രധാനമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് എന്നിവർ ആധ്യക്ഷം വഹിക്കുന്നതാണ്  ഈ കർമ്മസേന. ഇവർക്കുപുറമെ ആയുഷ്, ഐസിഎംആര്‍, ശാസ്ത്ര-സാങ്കേതിക-ജൈവസാങ്കേതിക വകുപ്പ്, ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കൗൺസിൽ, ഡിആര്‍ഡിഒ, ആരോഗ്യ സേവനവിഭാഗം ഡയറക്ടറേറ്റ് ജനറൽ, ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറൽ എന്നിവരുടെ പ്രതിനിധികളും ഈ സേനയിൽ ഉൾപ്പെടുന്നു. പ്രതിരോധമരുന്ന് വികസനവുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും നടത്തുന്ന ജോലികളെ ഏകോപിപ്പിക്കുന്നത് ഈ കർമ്മസേനയാണ്. ഇതിനു പുറമെ, പ്രതിരോധമരുന്ന് വികസനത്തിന്റെ നോഡൽ ഏജൻസിയായി ജൈവസാങ്കേതികവിദ്യ വകുപ്പിനെ തിരഞ്ഞെടുത്തിട്ടുമുണ്ട്. പ്രതിരോധമരുന്ന് വികസനവുമായി ബന്ധപ്പെട്ട്, ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ നടക്കുന്ന ശ്രമങ്ങൾ, അവയുടെ പുരോഗതി എന്നിവ ഈ കർമ്മസേനയിലൂടെ നിരീക്ഷിക്കാൻ കേന്ദ്ര ഗവണ്മെന്റിന് സാധിക്കും.

രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളിൽ നാളെമുതൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. എന്നാൽ ഹോട്ട്സ്പോട്ട് ജില്ലകളിലെ രോഗവ്യാപനമുള്ള പ്രദേശങ്ങൾക്ക് ഇളവുകൾ ഉണ്ടാവില്ല. പ്രാദേശികാവശ്യങ്ങൾ അനുസരിച്ച് സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ അധിക  നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതാണ്. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരമുള്ള രോഗവ്യാപന മേഖലകൾ താഴെ പറയുന്നു:

1) കോവിഡ് 19 കേസുകൾ ധാരാളമായി സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങൾ, രോഗവ്യാപനം അതിവേഗം  നടക്കുന്ന പ്രദേശങ്ങൾ എന്നിവയാണ് ഹോട്സ്പോട്ടുകൾ.

2) കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതോ, നാലു ദിവസത്തിൽ താഴെ സമയം കൊണ്ട്, കേസുകളുടെ എണ്ണം ഇരട്ടിക്കുന്നതോ ആയ സ്ഥലങ്ങൾ. ഹോട്സ്പോട്ടുകൾക്കുള്ളിൽ രോഗവ്യാപന മേഖലകൾ, രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള ബഫർ മേഖലകൾ എന്നിവ പ്രാദേശികഭരണകൂടം കൃത്യമായി വേർതിരിക്കുന്നതാണ്.

രോഗവ്യാപനമേഖലകൾക്കുള്ളിൽ യാതൊരുവിധ പ്രവൃത്തികളും അനുവദിക്കുന്നതല്ല, എന്നാൽ അവശ്യസേവനങ്ങൾക്ക് ഇളവുണ്ടാകും. ആവശ്യമെങ്കിൽ, ചില സ്ഥലങ്ങളിൽ  സംസ്ഥാന-കേന്ദ്രഭരണപ്രദേശ-ജില്ലാ ഭരണകൂടങ്ങൾക്ക് ഇളവ് അനുവദിക്കാവുന്നതാണ്. എന്നാൽ, അവിടങ്ങളിൽ ലോക് ഡൗൺ നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും, കാര്യാലയങ്ങൾ, ജോലിസ്ഥലങ്ങൾ, വ്യവസായശാലകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ, സാമൂഹിക അകലം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങൾക്ക് അനുസൃതമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.

എന്നാൽ ഈ ഇളവുകൾ മാറ്റങ്ങൾക്ക് വിധേയമാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഈ സ്ഥലങ്ങൾ റെഡ് സോണുകളുടെയും, രോഗവ്യാപനമേഖലകളുടെയും ഭാഗമായി മാറുന്നതാണ്.

കോവിഡ് 19 രോഗികൾക്കായി രാജ്യത്ത് കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ 2144 ചികിത്സാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 755 പ്രത്യേക കോവിഡ് ആശുപത്രികളും, 1389  പ്രത്യേക കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടുന്നു .

ഇതുവരെ 15,712 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 2231 പേർ, അതായത് 14.19% പേർ രോഗമുക്തി നേടിയിട്ടുണ്ട്.

കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും, പുതിയതുമായ വിവരങ്ങൾ, മാർഗനിർദേശങ്ങൾ, എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ, https://www.mohfw.gov.in/.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും, മറ്റു സംശയങ്ങൾ ncov2019[at]gov[dot]in എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്‌.

 കോവിഡ് -19മായി ബന്ധപ്പെട്ട ഏത് സംശയത്തിനും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ : +91-11-23978046 ലോ, ടോൾ ഫ്രീ നമ്പറായ  1075 ലോ വിളിക്കൂ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന ലിങ്കിലും ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf 

***


**



(Release ID: 1616187) Visitor Counter : 136