ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
16 APR 2020 6:18PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഇന്നലെ ആരോഗ്യ പ്രവര്‍ത്തകരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) ഫീല്‍ഡ് ഓഫീസര്‍മാരുമായും ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളെ കുറിച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ സഹ മന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബെയും പങ്കെടുത്തു.
വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കോവിഡ് പ്രതിരോധ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപനം തടയുന്നതിനും ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥര്‍ സാങ്കേതിക ഏകോപനം നടത്തുന്നുണ്ടെന്ന് ഡോ. ഹര്‍ഷ് വര്‍ധനെ അറിയിച്ചു. തുടര്‍ച്ചയായ നിരീക്ഷണം നടത്തുന്നതിനായി വേണ്ട മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അവരെ സഹായിക്കുന്നുണ്ട്. രോഗ വ്യാപനത്തിനുള്ള സാഹചര്യവും പരിശോധനയും അടിസ്ഥാനപ്പെടുത്തി നടക്കുന്ന നിരീക്ഷണവും നടപടികളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടനയുടെ ദേശീയ പോളിയോ നിരീക്ഷണ ശൃംഖല സമിതി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവുമായി സഹകരിക്കും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായും ഡോ. ഹര്‍ഷ് വര്‍ധന്‍ ആശയവിനിമയം നടത്തി. പി എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയതിന് അദ്ദേഹം നന്ദി അറിയിച്ചു. വ്യവസായികള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സര്‍ക്കാരിന് അറിയാമെന്നും സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി സ്വീകരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍, നിര്‍ണായക ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതില്‍ രാജ്യം കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്തു നേടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്ത് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉപയോഗിക്കേണ്ടതതിന്റെ ആവശ്യകതയെ സംബന്ധിച്ചും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളുടെയും സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ജലവിതരണ സംവിധാനം മെച്ചപ്പെടുത്താന്‍ പൊതു ജനാരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ലോറിന്‍ ഗുളികകള്‍, ബ്ലീച്ചിംഗ് പൗഡര്‍, ഹൈപ്പോക്ലോറൈറ്റ് ലായനി എന്നിവയുടെ കൃത്യമായ ഉപയോഗവും നിര്‍ദ്ദേശിച്ചിട്ടുണ്ട്..
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണോ എന്നു പരിശോധിക്കാനും അവശ്യം വേണ്ടുന്ന ആരോഗ്യ സേവനങ്ങള്‍ എത്തിക്കാനും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാതൃ - ശിശു സംരക്ഷണം, സാംക്രമിക രോഗ പ്രതിരോധവും മറ്റു നടപടികളും, വിട്ടുമാറാത്ത രോഗങ്ങള്‍ ഗുരുതരമാകാതിരിക്കാനുള്ള ചികിത്സ, അടിയന്തിര സാഹചര്യങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ നിര്‍ദേശങ്ങള്‍. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമ്പോള്‍ ഈ സേവനങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. കോവിഡ് 19 നായുള്ള പ്രത്യേക സൗകര്യങ്ങള്‍ കൂടാതെ, സ്വകാര്യമേഖലയുടെ സഹായത്തോടെ അവശേഷിക്കുന്ന ഇടങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സേവനങ്ങള്‍ നല്‍കുന്നത് തുടരും. ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ടെലി മെഡിസിന്‍ സേവനങ്ങളും പ്രോത്സാഹിപ്പിക്കണം.
രോഗപ്രതിരോധം, ഗര്‍ഭ കാല ശുശ്രൂഷ തുടങ്ങിയ സേവനങ്ങള്‍ ലോക്ക് ഡൗണ്‍, നിയന്ത്രണ കാലയളവില്‍ പുനക്രമീകരിക്കണമന്നും നിര്‍ദ്ദേശമുണ്ട്. ശാരീരിക അകലം പാലിച്ചും അണുബാധ തടയാനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചും അത്തരം സേവനങ്ങള്‍ ഏതൊക്കെ ദിവസങ്ങളില്‍ വേണമെന്നു തീരുമാനിക്കാം. ഗര്‍ഭിണികളായ സ്ത്രീകള്‍, പോഷകാഹാര കുറവുള്ള കുട്ടികള്‍, ക്ഷയം, കുഷ്ഠം, എച്ച്ഐവി, വൈറല്‍ ഹെപ്പറ്റൈറ്റിസ്, സിഒപിഡി, ഡയാലിസിസ് തുടങ്ങിയവയ്ക്ക് സബ് ഹെല്‍ത്ത് സെന്ററിലെ പ്രാഥമിക ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങളെയും ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളെയും (എച്ച്ഡബ്ല്യുസി) സമീപിക്കാം.
ഇന്നു വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 12,380 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 414 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുഖം പ്രാപിച്ച 1489 പേര്‍ ആശുപത്രി വിട്ടു. ഇന്ത്യയിലെ കോവിഡ് 19 രോഗികളുടെ മരണനിരക്ക് (സിഎഫ്ആര്‍) 3.3 ശതമാനം ആണ്. ഇതുവരെ രോഗം ഭേദമായവര്‍ 12.02 ശതമാനമാണ്.
നിലവില്‍ 325 ജില്ലകളില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാഹി, പുതുച്ചേരി എന്നിവിടങ്ങളില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ പുതിയ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസങ്ങളില്‍ പട്‌ന, നദിയ, പ്രതാപ്ഗഡ്, ഗിര്‍ സോംനാഥ്,പോര്‍ബന്ദര്‍, ബദ്രാദരി കോതഗുദം, സൗത്ത് ഗോവ, പൗരി ഗര്‍വാള്‍, പിലിബിത്ത്, രജൗരി, ഇംഫാല്‍ വെസ്‌ററ്, ബിലാസ്പൂര്‍,ദുര്‍ഗ് ആന്റ് രാജ്‌നന്ദഗാവ്, റായ്പൂര്‍, ഐസ്വാള്‍ വെസ്റ്റ്, ദാവന്‍ഗിരി, കൊടഗ്, തുംകൂര്‍, ഉഡുപ്പി, ബെല്ലാരി,വയനാട്, കോട്ടയം, എസ്.ബി.എസ് നഗര്‍, ഹോഷിയാര്‍പൂര്‍, പാനിപ്പത്ത്, റോഹ്ത്തക്, ശിവ്പുരി എന്നീ ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല:
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.mohfw.gov.in/.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
(Release ID: 1615131)
Visitor Counter : 692
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada