ധനകാര്യ മന്ത്രാലയം

കൊവിഡ് 19:  10.2 ലക്ഷം കേസുകളിലെ തിരിച്ചടവായി 4,250 കോടി രൂപ ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്

Posted On: 15 APR 2020 5:42PM by PIB Thiruvananthpuram


കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നികുതിദായകരെ സഹായിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാന നികുതി തിരിച്ചടവ് നല്‍കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2020 ഏപ്രില്‍ 14 വരെ 4,250 കോടി രൂപ വിതരണം ചെയ്തതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു. കെട്ടിക്കിടന്നിരുന്ന 10.2 ലക്ഷം തിരിച്ചടവുകളാണ് ഇങ്ങനെ നല്‍കിയത്. ഏപ്രില്‍ 8നാണ് ഇതു സംബന്ധിച്ച തീരുമാനം ഗവണ്‍മെന്റ് അറിയിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2020 മാര്‍ച്ച് 31 വരെ 2.50 കോടി റീഫണ്ട്  നല്‍കിയതിനു പുറമേയാണ് ഇത്.

1.75 ലക്ഷത്തിലധികം തിരിച്ചടവുകള്‍ കൂടി ഈ ആഴ്ചതന്നെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് സിബിഡിടി അറിയിച്ചു. ഇത് അഞ്ച് മുതല്‍ ഏഴു വരെ ദിസങ്ങള്‍ക്കുള്ളില്‍ നികുതിദായകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. തിരിച്ചടവുമായിബന്ധപ്പെട്ട് 1.74 ലക്ഷം കേസുകളില്‍ ഇ മെയില്‍ മറുപടികള്‍ ലഭിക്കാനുണ്ട്. തിരിച്ചടവു പ്രക്രിയയുടെ ഭാഗമായി ഏഴു ദിവസത്തിനുള്ളില്‍ മറുപടി അറിയിക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും നികുതിദായകര്‍ക്ക് മെയില്‍ അയച്ചിട്ടുണ്ട്.

നികുതിദായകരുടെ താല്‍പര്യ സംരക്ഷണത്തിന് ആവശ്യമായതുകൊണ്ട് തിരിച്ചടവു പ്രക്രിയ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തീകരിച്ച് തുക നല്‍കുന്നതിന് ഈ ഇമെയിലുകളോട് താമസമില്ലാതെ പ്രതികരിക്കണം എന്ന് സിബിഡിടി അഭ്യര്‍ത്ഥിച്ചു. ഇ മെയില്‍ പരിശോധിച്ച് ഇ- ഫയലിംഗ് അക്കൗണ്ടില്‍ പ്രവേശിക്കുകയും വരുമാന നികുതി വകുപ്പിനെ ഉടന്‍തന്നെ പ്രതികരണം അറിയിക്കുകയും വേണം.

തിരിച്ചടവ് പ്രക്രിയയുമായി ബന്ധപ്പെട്ടു നികുതിദായകര്‍ക്ക് അയച്ച കമ്പ്യൂട്ടര്‍വല്‍കൃത ഇ മെയില്‍ സന്ദേശങ്ങളേക്കുറിച്ച് ചില മാധ്യമങ്ങളില്‍, പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതായി സിബിഡിടി അറിയിച്ചു. വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, പ്രഥമദൃഷ്ടാ ഉള്ള നികുതി ക്രമീകരണം, ചില തിരിച്ചടവ് അവകാശവാദങ്ങളേക്കുറിച്ചുള്ള സ്ഥിരീകരണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നികുതിദായകരുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമാണ് ഇതെന്നും സിബിഡിടി വ്യക്തമാക്കി.

***(Release ID: 1614805) Visitor Counter : 100