പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നാലാഴ്ചക്കിടെ നാലാംവട്ടം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു
Posted On:
14 APR 2020 1:04PM by PIB Thiruvananthpuram
ഇന്ത്യയുടെ കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നാലാഴ്ചക്കിടെ നാലാംവട്ടം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു
ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി
അതിതീവ്രമേഖലകളും ഹോട്സ്പോട്ടുകളും അതീവജാഗ്രതയില്‍
ലോ റിസ്‌ക് മേഖലകളില്‍ ചില നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവു വരുത്തും
വിശദ മാര്‍ഗ്ഗരേഖ കേന്ദ്ര ഗവണ്‍മെന്റ് നാളെ പ്രസിദ്ധീകരിക്കും
മുതിര്‍ന്നവര്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കുക, സാമൂഹിക അകലം പാലിക്കുക ലോക്ഡൗണ്‍ ചട്ടങ്ങള്‍ അനുസരിക്കുകയും ചെയ്യുക എന്നിവ ഉള്‍പ്പെടെ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി.
ന്യൂഡല്‍ഹി, ഏപ്രില്‍ 13, 2020:
ലോക്ഡൗണ്‍ 2020 മെയ് 3 വരെ നീട്ടുന്നതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്.
വിവിധ സംസ്ഥാനങ്ങളുടെയും വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് ജാഗ്രത നിലനിര്‍ത്താനും സാമൂഹിക അകലം പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
രോഗാണു വ്യാപനത്തിന്റെ തീവ്രത കുറവാണെന്നു കണ്ടെത്തുന്ന മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ ചില നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'' ലോക്ഡൗണ്‍ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്ന് ഏപ്രില്‍ 20 വരെ എല്ലാ പട്ടണങ്ങളും എല്ലാ പൊലീസ് സ്റ്റേഷനുകളും എല്ലാ ജില്ലകളും എല്ലാ സംസ്ഥാനങ്ങളും വിലയിരുത്തും. ഈ പരിശോധനയില്‍ വിജയിക്കുന്ന മേഖലകള്‍ അതിതീവ്ര മേഖല ആയിരിക്കുകയോ ഹോട്ട്സ്പോട് ആയി മാറാന്‍ സാധ്യത ഇല്ലാതിരിക്കുകയോ ചെയ്താല്‍ തെരഞ്ഞെടുക്കപ്പെട്ട അവശ്യമേഖലകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും''. പ്രധാനമന്ത്രി പറഞ്ഞു.
'' അതേസമയം, ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കുകയോ കൊറോണ വൈറസ് വ്യാപനം ആ പ്രദേശത്ത് ഉണ്ടാവുകയോ ചെയ്താല്‍ അടിയന്തരമായി ഈ അനുമതി പിന്‍വലിക്കുകയും ചെയ്യും''. അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നാളെ കേന്ദ്ര ഗവണ്‍മെന്റ് വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
പാവപ്പെട്ടവരും ദിവസ വേതനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീവ്രത കുറഞ്ഞ മേഖലകളില്‍ ഇളവുകള്‍ വരുത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
'' അന്നന്നു കിട്ടുന്ന കൂലികൊണ്ട് അന്നന്നു സ്വന്തം വീടു നോക്കുന്നവര്‍ എന്റെ കുടുംബമാണ്. അവരുടെ ജീവിതബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക എന്നതാണ് എന്റെ ഏറ്റവും പ്രധാന മുന്‍ഗണനകളിലൊന്ന്. അവരെ സഹായിക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മുഖേന സാധ്യമാകുന്ന എല്ലാ ശ്രമവും ഗവണ്‍മെന്റ് നടത്തും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുക്കും.''. അദ്ദേഹം പറഞ്ഞു.
'' നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് എനിക്കു തികഞ്ഞ ബോധ്യമുണ്ട്. ചിലര്‍ക്ക് ആഹാരം, മറ്റു ചിലര്‍ക്ക് ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ സാധിക്കാത്തതിലെ പ്രശ്നം, മറ്റു പലര്‍ക്കും വീ്ട്ടില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അകന്നു കഴിയുന്നതിലെ വിഷമം. എങ്കിലും നിങ്ങളുടെ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഒരു അച്ചടക്കമുള്ള സൈനികനെപ്പോലെ നിങ്ങളുടെ ചുമതലകള്‍ പൂര്‍ത്തീകരിക്കുകയാണ് നിങ്ങള്‍. ഇതാണ് നമ്മള്‍ ഇന്ത്യന്‍ ജനതയുടെ കരുത്ത്. അതാണ് നമ്മുടെ ഭരണഘടന നമ്മോടു പറയുന്നത്''. ബാബാ സാഹെബ് ഡോ. ഭിംറാവു അംബേദ്കറുടെ ജയന്തി ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് 19ന്റെ ഒറ്റ കേസെും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുമ്പ് തന്നെ രാജ്യം ജാഗരൂകമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന, അവരുടെ 14 ദിവസത്തെ നിര്‍ബന്ധ നിരീക്ഷണം, മാളുകളും ക്ലബ്ബുകളും ജിമ്മുകളും അടയ്ക്കല്‍ എന്നിവയെല്ലാം ഇന്ത്യ നേരത്തേ തന്നെ നടപ്പാക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രില്‍ 14ന് അവസാനിക്കുന്ന ഒന്നാംഘട്ട ലോക്ഡൗണും നടപ്പാക്കി. ലോകത്തെ കൊവിഡ് ബാധിത വന്‍കിട രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സ്ഥിതിഗതികള്‍ വളരെ നന്നായാണ് കൈകാര്യം ചെയ്തത്.
'' ഒന്നൊന്നര മാസം മുമ്പ് ഇന്ത്യയില്‍ കൊറോണ തുടങ്ങിയപ്പോള്‍ത്തന്നെ തുടങ്ങിയ നിരവധി രാജ്യങ്ങളുണ്ട്. പക്ഷേ, അവിടങ്ങളില്‍ ഇന്ത്യയിലേക്കാള്‍ 25- 30 മടങ്ങ് ഇരട്ടി അധികമാണ് ഇപ്പോള്‍ കൊറോണ ബാധിതരുടെ എണ്ണം. ആ രാജ്യങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ദാരുണമായി മരിച്ചു. ഇന്ത്യ സമഗ്രവും സംയോജിതവുമായ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍, വേഗത്തില്‍ നിര്‍ണായക നടപടികള്‍ എടുത്തില്ലായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ സ്ഥിതിഗതികള്‍ വ്യത്യസ്ഥമാകുമായിരുന്നു''. അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കു ലോക്ഡൗണില്‍ നിന്നു നേട്ടമുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നുവെങ്കിലും രാജ്യത്തെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ഇത് വളരെ ശരിയായ മാര്‍ഗമായിരുന്നു.
'' സാമ്പത്തിക കാഴ്ചപ്പാടിലൂടെ മാത്രം നോക്കിയാല്‍ ഇതുവരെ നാം വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്; പക്ഷേ, ഇന്ത്യയിലെ പൗരരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികളുടെ കാര്യത്തില്‍ ഇതിനു വേറെ താരതമ്യമില്ല. പരിമിത വിഭവങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യ സ്വീകരിച്ച മാര്‍ഗ്ഗം ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്ന വിഷയമായി മാറു''. അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് മതിയായ മരുന്നുകളുടെയും ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ ശ്ക്തിപ്പെടുത്തുകയും ചെയ്യും.
'' ജനുവരിയില്‍ ഒരേയൊരു കൊറോണ വൈറസ് പരിശോധനാ ലാബ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നമുക്ക് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ 220 ലാബുകളുണ്ട്. പതിനായിരം രോഗികള്‍ക്ക് 1500- 1600 കിടക്കകള്‍ ആണ് ആഗോള അനുഭവം. ഇന്ത്യയില്‍ നമുക്ക് ഇന്ന് ഒരു ലക്ഷത്തിലധികം കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിവച്ച 600ല്‍പ്പരം ആശുപത്രികളുണ്ട്. നാം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഈ സൗകര്യങ്ങള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.'' പ്രധാനമന്ത്രി പറഞ്ഞു.
ഈ പകര്‍ച്ചവ്യാധിയെ നേരിടുന്നതിന് ഏഴു കാര്യങ്ങള്‍ പാലിക്കണമെന്ന് രാജ്യത്തോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു:
ഒന്നാമത്തേത്, മുതിര്‍ന്ന പൗരര്‍ക്ക്, പ്രത്യേകിച്ച് അവര്‍ രോഗബാധിതരാണെങ്കില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.
രണ്ടാമത്തേത്, ലോക്ഡൗണിന്റെയും സാമൂഹിക അകലം പാലിക്കലിന്റെയും 'ലക്ഷ്മണരേഖ' കൃത്യമായി പാലിക്കുക; വീടുകളില്‍ നിര്‍മിച്ച മാസ്‌കുകള്‍ ധരിക്കുന്നതില്‍ വീഴ്ചവരുത്താതിരിക്കുക.
മൂന്നാമതായി, രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.
നാലാമതായി, കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള സഹായത്തിന് ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യുക; മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുക.
അഞ്ചാമത്, പാവപ്പെട്ടവരുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുക.
ആറാമതായി, ഏതു വ്യവസായ, വ്യാപാര മേഖലയിലും ജോലി ചെയ്യുന്നവരോട് കരുണ കാണിക്കുക; അവരുടെ ഉപജീവനമാര്‍ഗ്ഗം മുടക്കരുത്.
ഏഴാമതായി, രാജ്യത്ത് കൊറോണക്കെതിരേ പൊരുതുന്ന നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ പ്രവര്‍ത്തകര്‍, പൊലീസ് തുടങ്ങിയവരോട് അങ്ങേയറ്റത്തെ ആദരവു കാണിക്കുക.
***
(Release ID: 1614287)
Visitor Counter : 317
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada