ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്‌ 19 പുതിയ വിവരങ്ങള്‍ 

Posted On: 11 APR 2020 6:22PM by PIB Thiruvananthpuram

 

രാജ്യത്ത് കോവിഡ്‌ 19 ന്റെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇല്ലായ്‌മ ചെയ്യുന്നതിനുമായി കേന്ദ്ര ഗവൺമെന്റ്‌ സംസ്ഥാന ഗവൺമെന്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി  ചേർന്ന് വിവിധ നടപടികൾ സ്വീകരിച്ചു. കൈക്കൊണ്ട  നടപടികൾ ഉന്നത തലത്തിൽ അവലോകനം ചെയ്യുകയും കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്‌.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങ്‌ വഴി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണപ്രദേശ ഭരണത്തലവൻമാരുമായും  സംവദിച്ചു.  നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും കോവിഡ് 19നെതിരായ അവരുടെ കൂട്ടായ  പോരാട്ടത്തിന്‌ ഐക്യദാർഡ്യം  അറിയിക്കുകയും ചെയ്തു.

കേന്ദ്ര ഗവൺമെന്റ് ഓരോ സംസ്ഥാനങ്ങളുമായി നിരന്തരം ഉത്തരവാദിത്തപൂർവം ബന്ധപ്പെട്ട്‌ സ്വയം സുരക്ഷാ ഉപകരണങ്ങൾ, എൻ 95 മാസ്കുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, മരുന്നുകൾ, വെന്റിലേറ്ററുകൾ എന്നിവ അടക്കമുള്ള അവശ്യ വസ്തുക്കൾക്ക്‌ ഒരു കുറവുമില്ലെന്ന് ഉറപ്പാക്കുന്നു.  കോവിഡ്‌ രോഗികളെ പരിചരിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന തലങ്ങളിൽ പ്രത്യേക കോവിഡ്‌ ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും കേന്ദ്ര ഗവൺമെന്റ്‌ ഉറപ്പാക്കുന്നുണ്ട്‌.

നിലവിൽ കേന്ദ്ര‐ സംസ്ഥാനതലത്തിൽ  586 പ്രത്യേക കോവിഡ്‌ ആശുപത്രി സൗകര്യങ്ങളുണ്ട്‌. 1,04,613 ഐസൊലേഷൻ ബെഡ്ഡുകളും  11,836 ഐസിയു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്‌.   ആരോഗ്യ പ്രവർത്തകർക്കായി ന്യൂ ഡൽഹി എയിംസ് കോവിഡ് 19 രോഗികളുടെ പരിചരണം സംബന്ധിച്ചുള്ള വെബിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്‌. ഈ വെബിനാറുകളുടെ സമയക്രമം   https://www.mohfw.gov.in  എന്ന വെബ്‌റ്റില്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. 

ശ്വാസകോശാരോഗ്യത്തിനും  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആയുഷ് മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്‌. രാജ്യത്താകമാനം വൈറസ്‌ ബാധയുള്ള ജില്ലകളിൽ അടിയന്തിര ആരോഗ്യ നിർദേശങ്ങളിൽ ഇവ ഉൾപ്പെടുത്തണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്‌. ആയുഷ് മന്ത്രാലയത്തിന്റെ  ഈ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

രാജ്യത്ത്‌ പുതുതായി  1035 പേർക്ക്‌  കോവിഡ് 19 രോഗബാധ റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണം 855 വർധിച്ചു. ഇതുവരെ ആകെ  239 പേർ മരിച്ചു. ചികിൽസയിലിരുന്ന  642 പേർ രോഗവിമുക്‌തരായി ആശുപത്രി വിട്ടു. രാജ്യത്ത്‌ നിലവിൽ 7447 പേർക്കാണ്‌  രോഗം സ്ഥിരീകരിച്ചത്‌.

കോവിഡ് - 19മായി ബന്ധപ്പെട്ട ആധികാരികവും പുതുക്കിയതുമായ  സാങ്കേതിക വിഷയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയ്ക്ക് https://www.mohfw.gov.in/ വെബ്സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുക.
കോവിഡ്   സംബന്ധമായ സാങ്കേതിക അന്വേഷണങ്ങള്‍ക്കു technicalquery.covid19[at]gov[dot]in  എന്ന ഇ മെയിലിലും മറ്റു ചോദ്യങ്ങള്‍ക്കു ncov2019[at]gov[dot]in  എന്ന ഇ മെയിലിലും ബന്ധപ്പെടാവുന്നതാണ്.

കോവിഡ് - 19 സംശയങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്‌ ലൈന്‍ നമ്പര്‍ +91-11-23978046, അല്ലെങ്കില്‍ 1075ല്‍(ടോള്‍ഫ്രീ) വിളിക്കുക. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പറുകളുടെ പട്ടികയ്ക്ക് https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.എന്ന ലിങ്ക് സന്ദര്‍ശിക്കുക.

*



(Release ID: 1613462) Visitor Counter : 133