ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് - 19: പുതിയ വിവരങ്ങള്‍

Posted On: 08 APR 2020 6:27PM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് -19 പ്രതിരോധിക്കുന്നതിനും തടയുന്നതിനും സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്. എല്ലാ ദിവസും സ്ഥിതിഗതികള്‍ ഉന്നതതലങ്ങളില്‍  അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.

കോവിഡ് - 19ന് എതിരായ വിജയകരമായ പോരാട്ടത്തിനു സഹായകമായ ലോക്ഡൗണ്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്നു ഫലപ്രദമായി നടപ്പാക്കുന്നുവെന്നും ജനങ്ങളുടെ സാമൂഹിക അകലം പാലിക്കല്‍ മെച്ചപ്പെട്ട നിലയിലാണ് എന്നും ഉറപ്പു വരുത്തുന്നതിനുമാണ് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നത്.

രോഗാണു വ്യാപന ശൃംഖല തകര്‍ക്കുന്നതിന് കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒന്നിനു പിറകേ ഒന്നായി നടപടികള്‍ സ്വീകരിക്കുകയാണ്. രാജ്യവ്യാപകമായി കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിനോടുള്ള പ്രതികരണവും കൂടുതല്‍ ശക്തമാക്കി. മതിയായ കൊവിഡ് കെയര്‍ സെന്ററുകള്‍ രാജ്യമെമ്പാടും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

നിരവധി ജില്ലകള്‍ മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. അവയില്‍ ചിലത് താഴെപ്പറയുന്നു:

- പുെന ജില്ല പുനണയുടെയും കോന്ധ്വയുടെയും മധ്യമേഖല ഫലപ്രദമായി സീല്‍ ചെയ്യുകയും 35 കിലോമീറ്റര്‍ ദുരത്തില്‍ പ്രദേശത്ത് വീടുവീടാന്തരം സര്‍വേ നടത്തുകയും ചെയ്തു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും അത്തരം യാത്രകള്‍ ചെയ്തവരെയും കണ്ടെത്തുന്നതിനു പുറമേ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അനുബന്ധ രോഗങ്ങള്‍ ഉള്ളവരെയും പരിശോധിക്കുന്നു.
- പത്തനംതിട്ട ജില്ല നിരീക്ഷണവും രോഗസാധ്യതയുള്ളവരുടെ യാത്രാ മാപ്പ് തയ്യാറാക്കലും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തലും കാര്യക്ഷമമായി ചെയ്യുന്നതിനു പുറമേ, ക്വാറന്റൈന്‍ സൗകര്യങ്ങളും അവശ്യ സാധനങ്ങളും മാനസിക പിന്തുണയും ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

പകര്‍ച്ചവ്യാധിയെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യപ്രവര്‍ത്തകരുടെ ശേഷി വര്‍ധിപ്പിക്കാന്‍ ദിക്ഷ പോര്‍ട്ടലില്‍ ' ഇന്റഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ ട്രെയിനിംഗ്' (ഐജിഒടി) എന്ന പേരില്‍ ഒരു പരിശീലന മോഡ്യൂള്‍ കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, സാങ്കേതികപ്രവര്‍ത്തകര്‍, നഴ്സുമാരെ സഹായിക്കുന്നവര്‍, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍, എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ഇത്. https://igot.gov.in/igot/ ആണ് വെബ്സൈറ്റ് ലിങ്ക്.

കൊവിഡ് - 19 നേരിടുന്നതിന് വിവിധ തലങ്ങളിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ് ശേഷി കെട്ടിപ്പടുക്കാന്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നിരവധി വെബ് അധിഷ്ഠിത ശില്‍പശാലകള്‍ സംഘടിപ്പിച്ചു വരുന്നു. പ്രസവപൂര്‍വ പരിചരണം നടത്തുന്നവരും കൊവിഡ് സംശയിക്കുന്നവരോ സ്ഥിരീകരിച്ചവരോ ആയ ഗര്‍ഭിണികളെ പരിചരിക്കുന്നവരുമായ ഡോക്ടര്‍മാര്‍ക്ക് ഈ ആഴ്ചയില്‍ എയിംസ് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ www.mohfw.gov.in. വെബ്സൈറ്റില്‍ വിശദമായ പട്ടിക ലഭ്യമാണ്.

ഇതുവരെ 5194 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 149 പേര്‍ മരിക്കുകയും ചെയ്തു. 402 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കോവിഡ് - 19മായി ബന്ധപ്പെട്ട ആധികാരികവും പുതുക്കിയതുമായ സാങ്കേതിക വിഷയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയ്ക്ക് https://www.mohfw.gov.in/ വെബ്സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുക.

കോവിഡുമായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്കു technicalquery.covid19[at]gov[dot]in  എന്ന ഇ മെയിലിലും മറ്റു ചോദ്യങ്ങള്‍ക്കു ncov2019[at]gov[dot]in  എന്ന ഇ മെയിലിലും ബന്ധപ്പെടാവുന്നതാണ്.

കോവിഡ് - 19 സംശയങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍ല് ലൈന്‍ നമ്പര്‍ +911123978046, അല്ലെങ്കില്‍ 1075ല്‍ വിളിക്കുക. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പറുകളുടെ പട്ടികയ്ക്ക് https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.എന്ന ലിങ്ക് സന്ദര്‍ശിക്കുക.
*


(Release ID: 1612346) Visitor Counter : 226