ആഭ്യന്തരകാര്യ മന്ത്രാലയം

അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന്  കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു

Posted On: 08 APR 2020 11:20AM by PIB Thiruvananthpuram




കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കേണ്ടി വന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തത്തില്‍ രാജ്യത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തയച്ചു. 1955 ലെ അവശ്യവസ്തു നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.. അവശ്യവസ്തുക്കളുടെ സംഭരണപരിധി, വിലനിയന്ത്രണം, ഉല്‍പാദനവര്‍ധന, വ്യാപാരികളുടെ കണക്ക് പരിശോധന എന്നിവ സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം.

തൊഴിലാളികളുടെ ലഭ്യതക്കുറവ് കാരണം അവശ്യവസ്തുക്കളുടെ ഉല്‍പാദനത്തില്‍ കുറവ് വരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്. സാധനങ്ങളുടെ  പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും അമിതലാഭത്തിന് വേണ്ടി വിലകൂട്ടി വില്‍ക്കുന്നതിനും ഈ സാഹചര്യം ഇടയാക്കും. ഇത് തടയുകയും സാധനങ്ങള്‍ ആവശ്യമായ തോതില്‍ പൊതുജനങ്ങള്‍ക്ക് ന്യായവിലക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ദുരന്തനിവാരണനിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും ഉല്‍പാദനം പുനരാരംഭിക്കുന്നതിനും ഇവയുടെ കൈമാറ്റത്തിനും സംസ്ഥാനങ്ങള്‍ക്ക് ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്.

സാഹചര്യങ്ങള്‍ക്ക്  അനുസരിച്ച് വേണ്ട ഇളവുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രഖ്യാപിക്കാനും  അവശ്യവസ്തു നിയമപ്രകാരം  കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ജൂണ്‍ 30 വരെ അധികാരം നല്‍കിയിട്ടുണ്ട്.

അവശ്യവസ്തു നിയമത്തിന്റെ ലംഘനം നടത്തുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. 1980 ലെ കരിഞ്ചന്ത തടയലും അവശ്യവസ്തുവിതരണം സുഗമമാക്കലും നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കാനും അധികാരമുണ്ട്.
***
 



(Release ID: 1612198) Visitor Counter : 241