ഉപരാഷ്ട്രപതിയുടെ കാര്യാലയം

ആരാധനാ കൂട്ടായ്മകളും ചടങ്ങുകളും നടത്തരുത് എന്ന് മത നേതാക്കളെ ഉപദേശിക്കണം: ഗവര്‍ണര്‍മാരോടും ലഫ്. ഗവര്‍ണര്‍മാരോടും ഉപരാഷ്ട്രപതി.

Posted On: 03 APR 2020 2:01PM by PIB Thiruvananthpuram


ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണത്തില്‍ ആശങ്ക; ഇത്തരം  അധമമായ നടപടികളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ആളുകളെ ബോധവത്കരിക്കണം

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും കിടപ്പാടവും നല്‍കി വലിയ സഹായം ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം.


ന്യൂഡല്‍ഹി, ഏപ്രില്‍ 02,2020:

ആരാധനാ കൂട്ടായ്മകളും ചടങ്ങുകളും നടത്തുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അനുയായികളെ ഉപദേശിക്കാന്‍ മത നേതാക്കളെ പ്രോല്‍സാഹിപ്പിക്കണം എന്ന് സംസ്ഥാന ഗവര്‍ണര്‍മാരോടും ലഫ്. ഗവര്‍ണര്‍മാരോടും ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. കൊവിഡ്19 വ്യാപനം പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കാനും ഉപദേശിക്കണം. തങ്ങളുടെ ചുമതലയിലുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിളവെടുപ്പും സംഭരണവും ഉറപ്പാക്കാനുള്ള സജ്ജീകരങ്ങളിലും ശ്രദ്ധിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദിനൊപ്പം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാരെയും ലഫ്. ഗവര്‍ണര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സ് മുഖേന അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

ഗവര്‍ണര്‍മാരും ലഫ്. ഗവര്‍ണര്‍മാരും തങ്ങള്‍ക്കു ചുമതലയുള്ള ഇടങ്ങളിലെ മത, ആത്മീയ നേതാക്കളുമായി ബന്ധപ്പെടുകയും കര്‍ശനമായി സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പിന്തുടരാനും വ്യക്തിപരമായ ശുചിത്വം പാലിക്കാനും അവരുടെ അനുയായികളെ ഉപദേശിക്കണമെന്ന് ആവശ്യപ്പെടുകയും വേണം.

രാജ്യവ്യാപകമായി പ്രത്യാഘാതമുണ്ടാക്കിയതും ഒഴിവാക്കാമായിരുന്നതുമായ സമീപദിനങ്ങളിലെ ഒരു സമ്മേളനത്തെ പരാമര്‍ശിച്ച ഉപരാഷ്ട്രപതി, അതൊരു താക്കീതായി എടുക്കണമെന്ന്  ഗവര്‍ണര്‍മാരെയും ലഫ്. ഗവര്‍ണര്‍മാരെയും ഓര്‍മിപ്പിച്ചു. '' നിങ്ങളുടെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള മതപരമായ കൂട്ടായ്മകളും ഈ സമയത്ത് അനുവദിക്കരുത്''.അദ്ദേഹം പറഞ്ഞു.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നാല്‍ കര്‍ഷകര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരില്ലെന്നും അതുറപ്പാക്കാന്‍ സംസ്ഥാന ഏജന്‍സികളെ ഉപദേശിക്കണം എന്നും വിളവെടുപ്പു സീസണ്‍ പരാമര്‍ശിച്ച് ശ്രീ. നായിഡു ആവശ്യപ്പെട്ടു. ഉല്‍പാദനത്തിന്റെ നൂറു ശതമാനവും സംഭരിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

ചില സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ക്കു നേരേ നടന്ന ആക്രമണങ്ങളെ നിര്‍ഭാഗ്യകരവും അപലപനീയവും എന്നാണ് ശ്രീ. നായിഡു വിശേഷിപ്പിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരും കൊവിഡ് 19ന് എതിരായ മുന്നണി പോരാളികളായ മറ്റ് ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തുന്നത് സുപ്രധാന പ്രവര്‍ത്തനങ്ങളാണ്. അത് വിശദീകരിച്ച് ആളുകളെ ബോധവല്‍ക്കരിക്കണം. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും ആത്മവീര്യം കെടുത്താനാണ് ഇടയാക്കുക എന്ന് അദ്ദേഹം പറഞ്ഞു.

അവരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച ഉപരാഷ്ട്രപതി അത്തരം ആക്രമണങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചറിയണം എന്ന് വ്യക്തമാക്കി. സ്വന്തം ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നവരാണ് ഡോക്ടര്‍മാരും നഴ്‌സുമാരും എന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കണം.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം തുടരുന്നതിന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സജ്ജമാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് ഗവര്‍ണര്‍മാരോടും ലഫ്. ഗവര്‍ണര്‍മാരോടും ഉപരാഷ്ട്രപതി നിര്‍ദേശിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് തദ്ദേശീയര്‍ അവശ്യ സാധനങ്ങളും മരുന്നും മറ്റും നല്‍കണം. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, അവര്‍ക്ക് ഭക്ഷണവും താമസിക്കാന്‍ ഇടവും നല്‍കി അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കൂടി ചുമതലയാണ്, അദ്ദേഹം പറഞ്ഞു.

ലോക്ഡൗണിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന രാജ്യമെമ്പാടുമുള്ള ജനങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സാമൂഹിക അകലം പാലിക്കുന്ന പെരുമാറ്റം ഫലപ്രദമായി നടപ്പാക്കുകയും വേണം.
രാഷ്ട്രപതിയും  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നല്‍കുന്ന ഉപദേശങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സിലും (ഐസിഎംആര്‍) പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും  പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തങ്ങളുടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് 19ന് എതിരേ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളുടെ പൊതുസ്ഥിതി ഗവര്‍ണമാരും ലഫ്. ഗവര്‍ണര്‍മാരും വിശദീകരിച്ചു.



(Release ID: 1610678) Visitor Counter : 126