റെയില്‍വേ മന്ത്രാലയം
കോവിഡ് -19 നെ ചെറുക്കാൻ രാജ്യം നടത്തുന്ന ശ്രമങ്ങളെ സഹായിക്കുന്നതിന് ഇന്ത്യൻ റെയിൽവേ നടത്തുന്ന തയ്യാറെടുപ്പുകൾ, കേന്ദ്ര റെയിൽവേ, വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയുഷ് ഗോയൽ വിലയിരുത്തി.
Posted On:
01 APR 2020 1:40PM by PIB Thiruvananthpuram
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, കഴിഞ്ഞ 12 മാസത്തിനിടയിൽ ഒരാൾക്ക് പോലും ട്രെയിൻ അപകടങ്ങളിൽ ജീവൻ നഷ്ടമായിട്ടില്ലെന്ന് ശ്രീ പിയുഷ് ഗോയൽ.ഇപ്പോൾ നമ്മുടെ പോരാട്ടം കോവിഡ് മഹാമാരിയുടെ ആഘാതം രാജ്യത്ത് പരമാവധി കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണെന്നും കേന്ദ്രമന്ത്രി ശ്രീഗോയൽ .
ആവശ്യക്കാർക്ക് ആഹാരമടക്കുള്ള സഹായങ്ങൾ എത്തിച്ചുനൽകാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി നിർദേശം നൽകി .
ന്യൂഡൽഹി ,ഏപ്രിൽ 1 , 2020
ആവശ്യക്കാർക്ക് ആഹാരം അടക്കമുള്ള അവശ്യസാധനങ്ങൾ എത്തിച്ചു നൽകണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് കേന്ദ്ര റെയിൽ, വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയുഷ് ഗോയൽ നിർദ്ദേശം നൽകി. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച്, പരമാവധി പരിശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേയുടെ സ്ഥാപനങ്ങളായ ഐ.ആർ.സി.ടി.സി യും, ആർ. പി. എഫും നിലവിൽ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. എന്നാൽ റെയിൽവേ നടത്തുന്ന ഇത്തരം ശ്രമങ്ങൾ കൂടുതൽ ആവശ്യക്കാരിലേയ്ക്ക് എത്തിക്കേണ്ടതുണ്ടെന്നു കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
റെയിൽവേ സ്റ്റേഷനിലും ,അതിന്റെ പരിസരങ്ങളിലും മാത്രം ഒതുങ്ങാതെ, കൂടുതൽ സ്ഥലങ്ങളിലേയ്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ റെയിൽവേ തയ്യാറാവണം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആവശ്യക്കാർക്ക് സഹായം എത്തിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ഭരണകൂടങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ റെയിൽവേ ശ്രദ്ധിക്കണമെന്നും ശ്രീ ഗോയൽ ഓർമ്മിപ്പിച്ചു.
ശ്രീ.പീയൂഷ് ഗോയലിനു പുറമെ, റെയിൽവേ സഹമന്ത്രി ശ്രീ സുരേഷ് അംഗദി , റെയിൽവേ ബോർഡ് അംഗങ്ങൾ, ജനറൽ മാനേജർമാർ, രാജ്യത്തെ വിവിധ പൊതുമേഖലാ സ്ഥാപനമേധാവികൾ തുടങ്ങിയവരും വീഡിയോ കോൺഫെറെൻസൈനിങ് വഴിയുള്ള അവലോകനയോഗത്തിൽ പങ്കെടുത്തു.
യാത്രാ കോച്ചുകളെ ,ഐസൊലേഷൻ കോച്ചുകൾ ആക്കി മാറ്റിയതടക്കം, കോവിഡ് പ്രതിരോധത്തിനായി റെയിൽവേ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളെയും ശ്രീ ഗോയൽ അഭിനന്ദിച്ചു. എത്രയും പെട്ടെന്നു തന്നെ എല്ലാ റെയിൽവേ സോണുകൾക്കും ഇത്തരം ഐസൊലേഷൻ കോച്ചുകൾ സജ്ജമാക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു .ആദ്യഘട്ടത്തിൽ 5000 യാത്രാ കോച്ചുകളാണ് ഐസൊലേഷൻ കോച്ചുകളായി രൂപമാറ്റം വരുത്തുക. ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം, പി.എം -കെയർ ഫണ്ടിലേക്ക് 151കോടി രൂപ സംഭാവന നല്കികഴിഞ്ഞതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ റെയിൽവേ, റെയിൽവേയുമായി ബന്ധപ്പെട്ട മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ തങ്ങളുടെ ഒരു ദിവസത്തെ വേതനം ഫണ്ടിലേക്ക് നല്കാൻ തീരുമാനിച്ചതായും റെയിൽവേ ബോർഡ് ചെയർമാൻ ശ്രീ വിനോദ് കുമാർ വ്യക്തമാക്കി.
അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന പ്രത്യേക ചരക്ക് ട്രെയിനുകളുടെ പ്രവർത്തനവും ശ്രീ ഗോയൽ അവലോകനം ചെയ്തു. ഇവ കൂടുതൽ റൂട്ടുകളിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന് മന്ത്രി, ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, മറ്റു അവശ്യസാധനങ്ങൾ എന്നിവയുടെ വിതരണം കുറഞ്ഞസമയം കൊണ്ട് തന്നെ രാജ്യത്തുടനീളം എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവശ്യസാധനങ്ങൾ കുറഞ്ഞ അളവിൽ ആവശ്യമുള്ള വിതരണക്കാർ, ഇ-കൊമേഴ്‌സ് കമ്പനികൾ എന്നിവർക്ക് റെയിൽവേ നടത്തുന്ന ഈ പ്രത്യേക ചരക്ക് ട്രെയിനുകളുടെ സേവനം ഉപകാരപ്രദമാകും. നിലവിൽ രാജ്യത്ത് എട്ടു റൂട്ടുകളിലാണ് ഈ പ്രത്യേക ചരക്ക് വണ്ടികൾ സേവനം നടത്തുന്നത്. ഇത് വിവിധ സോണുകളിലുള്ള 20 റൂട്ടുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, കഴിഞ്ഞ 12 മാസത്തിനിടയിൽ ഒരാൾക്ക് പോലും ട്രെയിൻ അപകടങ്ങളിൽ ജീവൻ നഷ്ടമായിട്ടില്ലെന്ന് അറിയിച്ച ശ്രീ പിയുഷ് ഗോയൽ ഇപ്പോൾ നമ്മുടെ പോരാട്ടം കോവിഡ് മഹാമാരിയുടെ ആഘാതം രാജ്യത്ത് പരമാവധി കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണെന്നും കൂട്ടിച്ചേർത്തു.
(Release ID: 1609976)
Visitor Counter : 541
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada