പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി

Posted On: 31 MAR 2020 8:58PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. 
ഫ്രാന്‍സില്‍ കോവിഡ്-19 ബാധിച്ചു ജീവന്‍ നഷ്ടപ്പെടാനിടയായതില്‍ ബഹുമാനപ്പെട്ട പ്രസിഡന്റ് മാക്രോണിനെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പ്രതിസന്ധിയുടെ ആഭ്യന്തരവും രാജ്യാന്തരവുമായ വശങ്ങള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഗോള സഹകരണവും ഐക്യദാര്‍ഢ്യവും അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി. വൈറസ് പടരുന്നതു തടയാനുള്ള നടപടികളെ കുറിച്ചും ചികില്‍സയും പ്രതിരോധ കുത്തിവെപ്പും സംബന്ധിച്ച ഗവേഷണം സംബന്ധിച്ചും ഇരു രാജ്യങ്ങളിലെയും വിദഗ്ധ സംഘം ചര്‍ച്ച നടത്തുന്നതിന് ഇരുവരും തീരുമാനം കൈക്കൊണ്ടു. 
ആധുനിക ചരിത്രത്തിലെ ഒരു ദിശാ വ്യതിയാനമാണു കോവിഡ്-19 എന്നും ഇതു മനുഷ്യകേന്ദ്രീകൃതമായ ആഗോളവല്‍ക്കരണമെന്ന ആശയം രൂപീകരിക്കുന്നതിനു സാഹചര്യമൊരുക്കുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തോടു ഫ്രഞ്ച് പ്രസിഡന്റ് പൂര്‍ണമായും യോജിപ്പു പ്രകടിപ്പിച്ചു. 
മാനവികതയെ ആകെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോളതല ആശങ്കകളെ കാണാതെ പോകരുതെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആഫ്രിക്കയിലേതു പോലെയുള്ള വികസനം കുറഞ്ഞ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കു പ്രത്യേക പ്രാധാന്യം കല്‍പിക്കപ്പെടണമെന്ന് ഇരുവരും വ്യക്തമാക്കി. 
മഹാവ്യാധി നിമിത്തം വീടുകളില്‍ കഴിയുന്ന ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനു സൗകര്യപ്രദമായ മാര്‍ഗമാണു യോഗ ചെയ്യുന്നതെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ ബഹുമാനപ്പെട്ട പ്രസിഡന്റ് മാക്രോണ്‍ ഊഷ്മളമായി സ്വാഗതം ചെയ്തു. ഈ ആരോഗ്യ പ്രതിസന്ധി കാലഘട്ടത്തില്‍ ഫ്രാന്‍സില്‍ യോഗ അഭ്യസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. 
ദുരിതം നിറഞ്ഞ ഈ നാളുകളില്‍ മനുഷ്യ കേന്ദ്രീകൃതമായ ഐക്യദാര്‍ഢ്യം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിനു സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമെന്ന് ഇരുവരും പരസ്പരം സമ്മതിച്ചു. 


(Release ID: 1609766) Visitor Counter : 149