ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പരിശോധനാരീതികള്‍ അവലോകനം ചെയ്ത് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍



കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിന് മികച്ച രീതിയിലുള്ള ശാസ്ത്രീയ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ഉറപ്പാക്കും: ഡോ. ഹര്‍ഷ് വര്‍ധന്‍

രോഗ നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം കോവിഡ് 19 ഫലപ്രദമായി ചെറുക്കുന്നതിനുള്ള ഗവേഷണങ്ങളും ഊര്‍ജസ്വലമായി തുടരണമെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍

Posted On: 31 MAR 2020 1:09PM by PIB Thiruvananthpuram



കോവിഡ് 19 പരിശോധനാ രീതികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ശാസ്ത്ര-സാങ്കേതിക വകുപ്പ്, ബയോ ടെക്നോളജി, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. രോഗപ്രതിരോധ ഉല്‍പ്പനങ്ങളുടെ സംഭരണം, വെബ്സൈറ്റ് സമഗ്രമാക്കല്‍, വിവരശേഖരണവും അവലോകനവും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, പൂര്‍ത്തിയാക്കിയതും ആസൂത്രണം ചെയ്തതുമായ ഗവേഷണ പഠനങ്ങള്‍ എന്നീ വിഷയങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി രാവിലെ ചര്‍ച്ച നടത്തിയെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിച്ച നടപടികള്‍, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടത്തിയ തയ്യാറെടുപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത അദ്ദേഹം കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളെ അദ്ദേഹം അഭിനന്ദിച്ചു. രോഗം നിയന്ത്രണവിധേയമാക്കുന്നതിനു നടത്തിയ സജീവമായ ഇടപെടലുകളും രോഗികളെയും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും കണ്ടെത്താന്‍ നടത്തിയ പരിശ്രമങ്ങളും അഭിനന്ദനാര്‍ഹമാണെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

129 സര്‍ക്കാര്‍ ലബോറട്ടറികളാണ് കോവിഡ് 19 പരിശോധനയ്ക്കായി രാജ്യത്ത് നിലവിലുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ യോഗത്തില്‍ അറിയിച്ചു. ദിവസം 13,000 ടെസ്റ്റുകള്‍ ഇവിടെ നടത്താനാകും. ഇവ കൂടാതെ എന്‍എബിഎല്‍ അംഗീകാരമുള്ള 49 സ്വകാര്യ ലാബുകളും രാജ്യത്തുണ്ട്. സ്വകാര്യമേഖലയില്‍ ഏകദേശം 16,000ത്തോളം സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളുണ്ട്. ആവശ്യത്തിന് അനുസരിച്ചുള്ള പരിശോധനാ കിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവ വിവിധ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.  ഇനി വരാവുന്ന കേസുകള്‍ക്കും ഉപയോഗിക്കാനാകും വിധത്തിലുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ നടന്ന 1334 ടെസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ ഇതുവരെ 38,442 കോവിഡ് 19 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.

കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ മൂന്ന് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി.

സ്റ്റാര്‍ട്ട് അപ്പുകള്‍, പഠനഗവേഷണ വിഭാഗങ്ങള്‍, ആര്‍ ആന്‍ഡ് ഡി ലാബുകള്‍, വ്യവസായ മേഖല എന്നിവിടങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലൂടെ കോവിഡ് 19മായി ബന്ധപ്പെട്ട് രോഗ നിര്‍ണയം, മരുന്നുകള്‍, വെന്റിലേറ്ററുകള്‍, പ്രതിരോധ ഉപകരണങ്ങള്‍, അണുനാശക സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അഞ്ഞൂറിലേറെ ഇടങ്ങള്‍ തിരിച്ചറിഞ്ഞതായി ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്ര സാങ്കേതിക വകുപ്പിനെ സാമ്പത്തികമായും മറ്റു കാര്യങ്ങളിലും പിന്തുണയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുനൂറിലേറെ പ്രതികരണങ്ങളാണ് ലഭിച്ചത്. കോവിഡ് പ്രതിരോധത്തിന്റെ പ്രസക്തി, ചെലവ്, വേഗത, പരിഹാരത്തിനുള്ള മാനദണ്ഡം എന്നിവ കണക്കിലെടുത്ത് ഇവയില്‍ ഇരുപതിലേറെ ഇടങ്ങളില്‍ നിന്നുള്ള പിന്തുണ ആദ്യ ഘട്ടത്തില്‍ സജീവ പരിഗണനയിലാണ്.

ആരോഗ്യ രംഗം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, മരുന്നുകള്‍, വാക്സിനുകള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള സഹായം ഒരുക്കുന്നതിനായി ബയോടെക്നോളജി വകുപ്പ് പ്രത്യേക സംഘത്തിനു രൂപം നല്‍കിയതായി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് അറിയിച്ചു. രോഗനിര്‍ണയത്തിനായി ആദ്യത്തെ തദ്ദേശീയ കിറ്റ് വികസിപ്പിച്ചെടുത്ത പുനെയിലെ സ്റ്റാര്‍ട്ട് അപ്പിന്റെ ഉല്‍പ്പാദനശേഷി ആഴ്ചയില്‍ ഒരു ലക്ഷത്തിലേറെ ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു. തദ്ദേശീയമായി വെന്റിലേറ്ററുകള്‍, ടെസ്റ്റിങ് കിറ്റുകള്‍, ഇമേജിങ് ഉപകരണങ്ങള്‍, അള്‍ട്രാ സൗണ്ട്, അത്യാധുനിക റേഡിയോളജി ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനായി വിശാഖപട്ടണത്ത് നിര്‍മാണ യൂണിറ്റ് ആരംഭിക്കും. ഏപ്രില്‍ ആദ്യവാരത്തോടെ ഈ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കും. ഇത്തരത്തില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും വേഗത്തില്‍ അധികൃതരുടെ അംഗീകാരം ലഭിക്കുന്നതിനായി ബയോ ടെക്നോളജി വകുപ്പും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മരുന്നുകളുടെയും വാക്സിനുകളുടെയും നിര്‍മാണത്തിനായുള്ള ഗവേഷണങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് വൈറസ് വ്യാപന മേഖലകള്‍ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ നിരീക്ഷണം, ചെലവുകുറഞ്ഞതും വേഗതയേറിയതും കൃത്യവുമായ രോഗ നിര്‍ണയ രീതികള്‍, മരുന്നുകളുടെ കൃത്യമായ ഉപയോഗത്തിനും പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതിനുമുള്ള നയം, ആശുപത്രികളില്‍ വേണ്ട ഉപകരണങ്ങളില്‍ ഗവേഷണവും വികസനവും, പ്രതിരോധ ഉപകരണങ്ങളുടെ വിന്യാസത്തിനായുള്ള മാതൃക വികസിപ്പിക്കല്‍ എന്നീ അഞ്ചുമേഖലകളില്‍ ശാസ്ത്ര സാങ്കേതിക പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ മാണ്ഡെ പറഞ്ഞു. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയുമായും സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ  പൊതുജനാരോഗ്യ മേഖലയിലെ ഇടപെടല്‍, സാങ്കേതിക തലത്തിലെ നിര്‍ദേശങ്ങള്‍, മറ്റു പിന്തുണകള്‍ എന്നിവയെ ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു. വെന്റിലേറ്റര്‍, പരിശോധന ഉപകരണങ്ങള്‍ തുടങ്ങിയവ ആവശ്യമായ സമയത്ത് ലഭ്യമാക്കിയ ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോ ടെക്നോളജി, സിഎസ്ഐആര്‍ എന്നീ വിഭാഗങ്ങളെയും കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.

ആവശ്യമായ പരിശോധനാ കിറ്റുകളും മറ്റുപകരണങ്ങളും അടിയന്തിരമായി ശേഖരിച്ച് രാജ്യത്തുടനീളമുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാനങ്ങള്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. പരിശോധന കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ ക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധനാ കേന്ദ്രങ്ങളും സംവിധാനങ്ങളും ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക പിന്തുണ നല്‍കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനും പ്രത്യേക പരിഗണന നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സര്‍ക്കാരും സ്വകാര്യ ലാബുകളും ഉപയോഗിക്കുന്ന പരിശോധനാ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകരുത്. ഉപകരണങ്ങളുടെ ഗുണനിലവാരം പതിവായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഐസിഎംആര്‍ ഇടപെടണം. ഗുണനിലവാര നിയന്ത്രണ സംവിധാനവും പ്രോട്ടോക്കോളും ഐസിഎംആര്‍ ഉടന്‍ തന്നെ സജ്ജമാക്കേണ്ടതുണ്ട്. ദിനംപ്രതി ലബോറട്ടറികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഇതു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19നെ ചെറുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം തന്നെ ഗവേഷണങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഇന്ത്യക്കുവേണ്ടി മാത്രമല്ല, ലോകത്തിനാകെ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ബയോ ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ്, സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ മാണ്ഡെ, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ, സിഎസ്ഐആര്‍- ഐജിഐബി ഡയറക്ടര്‍ ഡോ. അനുരാഗ് അഗര്‍വാള്‍, ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. രാമന്‍ ആര്‍. ഗംഗാഖേദ്കര്‍ എന്നിവരും ഐസിഎംആറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ചര്‍ച്ചയില്‍ പങ്കെടുത്തു.
***
 


(Release ID: 1609611) Visitor Counter : 283