പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി 'മന്‍ കീ ബാത്ത് 2.0'യിലെ പത്താമതു പ്രഭാഷണം നിര്‍വഹിച്ചു ലോക്ഡൗണ്‍ പാലിക്കണമെന്നു ജനങ്ങളോട് അഭ്യര്‍ഥിച്ചു

Posted On: 29 MAR 2020 2:07PM by PIB Thiruvananthpuram
'മന്‍ കീ ബാത്ത് 2.0'യിലെ പത്താമതു പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടതിനു ക്ഷമ ചോദിക്കുകയും കോവിഡ് 19നെതിരായ യുദ്ധത്തില്‍ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുകയല്ലാതെ പോംവഴി ഇല്ലായിരുന്നു എന്നും വ്യക്തമാക്കുകയും ചെയ്തു. 
ഇന്ത്യന്‍ ജനതയെ സുരക്ഷിതമായി നിലനിര്‍ത്തുക എന്നതു പ്രധാനമാണെന്നും ഒരുമിച്ചുനിന്നുകൊണ്ട് ഇന്ത്യ കോവിഡ്-19നെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 
'ലോക്ക് ഡൌൺ ജനങ്ങളെ സുരക്ഷിതരാക്കും, എന്നാല്‍ ഒറ്റപ്പെട്ടു കഴിയുക എന്ന വ്യവസ്ഥ പാലിക്കാത്തവര്‍ കുഴപ്പത്തിലാകും', പ്രധാനമന്ത്രി വ്യക്തമാക്കി. 
ഇന്നു മന്‍ കീ ബാത്തില്‍ തന്റെ ചിന്തകള്‍ പങ്കു വെക്കവേ, ലോക്ക് ഡൌൺ  നിമിത്തം എല്ലാവരും, വിശേഷിച്ച് ദരിദ്രര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിഷമിപ്പിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളോട് അനുകമ്പാപൂര്‍വമായ നിലപാടെടുത്ത പ്രധാനമന്ത്രി, 130 കോടി ജനങ്ങളുള്ള ഇന്ത്യ പോലൊരു രാജ്യത്തിനു കൊറോണയോടു പൊരുതാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നു കൂട്ടിച്ചേര്‍ത്തു. ലോകം കടന്നുപോയ സാഹചര്യം വീക്ഷിച്ചപ്പോള്‍ ജീവിതമോ മരണമോ എന്ന സ്ഥിതി നിലനില്‍ക്കുന്നതിനാലാണ് ഇത്തരം കടുത്ത നടപടികളെ ആശ്രയിക്കേണ്ടിവന്നതെന്നും ശ്രീ. മോദി പറഞ്ഞു. 
രോഗവും അതിന്റെ വിപത്തും മുളയിലേ നുള്ളണമെന്ന്  അര്‍ഥമുള്ള 'ഏവം ഏവം വികാര്‍, അപി തരുണ സാധ്യതേ സുഖം' എന്ന വാക്യം  ഉദ്ധരിച്ചുകൊണ്ട്, വൈകിയാല്‍ ചികില്‍സിക്കാന്‍ സാധിക്കാത്ത ഘട്ടത്തിലെത്തുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കൊറോണ വൈറസ് ലോകത്തെ തടവറയിലാക്കിയിരിക്കുകാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'അത് അറിവിനും ശാസ്ത്രത്തിനുമെന്ന പോലെ ധനികനും ദരിദ്രനും കരുത്തനും ദുര്‍ബലനുമൊക്കെ വെല്ലുവിളി ഉയര്‍ത്തുകയാണ്. അതു രാഷ്ട്രങ്ങളുടെ അതിര്‍ത്തികളില്‍ ഒതുങ്ങുകയോ മേഖല തിരിച്ചോ കാലാവസ്ഥ തിരിച്ചോ വ്യത്യാസം പുലര്‍ത്തുകയോ ചെയ്യുന്നില്ല'. 
ഈ വൈറസ് മാനവരാശിയെത്തന്നെ ഉന്‍മൂലനം ചെയ്യുന്നതിനുള്ള ലോഹകവചം ഏന്തിയിരിക്കുന്നതിനാല്‍ അതിനെ ഇല്ലാതാക്കാന്‍ മനുഷ്യസമൂഹം ഒരുമിച്ചു നിലകൊള്ളണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. ലോക്ക് ഡൌൺ പാലിക്കുന്നതു മറ്റുള്ളവരെ സഹായിക്കാനല്ല, സ്വയം സംരക്ഷിക്കാന്‍ വേണ്ടിയാണെന്നു തിരിച്ചറിയണമെന്ന് അദ്ദേഹം വിശദീകരിച്ചു. വരുന്ന കുറേ ദിവസത്തേക്കു സ്വയമെന്ന പോലെ കുടുംബത്തെയും സംരക്ഷിക്കണമെന്നും ലക്ഷ്മണരേഖ പാലിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 
സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാകാത്തതുകൊണ്ടാണു ചിലര്‍ ലോക്ഡൗണ്‍ ലംഘിക്കുന്നതെന്ന് അദ്ദേഹം തുടര്‍ന്നു. അത്തരക്കാരോട് ലോക്ക് ഡൌൺ വ്യവസ്ഥകള്‍ പാലിക്കണമെന്നും അതു ചെയ്യാത്തപക്ഷം കൊറോണ വൈറസ് ബാധയില്‍നിന്നു നമ്മെ സ്വയം സംരക്ഷിക്കാന്‍ സാധിക്കാതെവരുമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. മികച്ച ആരോഗ്യമാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് അര്‍ഥം വരുന്ന 'ആരോഗ്യം പരം ഭാഗ്യം, സ്വാസ്ഥ്യം സര്‍വാര്‍ഥസാധനം' എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തില്‍ സന്തോഷം നിലനിര്‍ത്താനുള്ള ഏക മാര്‍ഗം ആരോഗ്യമാണ്!


(Release ID: 1609194) Visitor Counter : 176