പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്-19നെതിരായ പോരാട്ടത്തില്‍ ഏറ്റവും കാര്യക്ഷമമായ വഴി സാമൂഹിക അകലം പാലിക്കലാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു; തങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ ദേശവാസികളോട് അഭ്യര്‍ത്ഥിച്ചു

Posted On: 29 MAR 2020 4:02PM by PIB Thiruvananthpuram


മന്‍ കീ ബാത്തില്‍ തന്റെ ചിന്തകള്‍ പങ്കുവച്ചുകൊണ്ട് കോവിഡ്-19നെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് മോദി ആവര്‍ത്തിച്ചു; മഹാമാരിയെ നിയന്ത്രിക്കുന്നതിന് ചില കഠിനമായ തീരുമാനങ്ങള്‍ ആവശ്യമായി വന്നു എന്നു പ്രധാനമന്ത്രി കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ കൈകോര്‍ക്കാന്‍ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു; രോഗമുക്തി തേടിയവരും ഡോക്ടര്‍മാരുമായി നടത്തിയ ആശയവിനിമയം പ്രധാനമന്ത്രി പങ്കുവച്ചു; അവരുടെ മനോദാര്‍ഢ്യത്തേയും നിശ്ചയാദാര്‍ഢ്യത്തേയും അഭനന്ദിച്ചു; ഒറ്റപ്പെട്ടു സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവരോട് ജനങ്ങള്‍ സഹാനുഭൂതിയും സഹകരണവും കാണിക്കേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

''കൊറോണാ വൈറസിനെതിരെ പോരാട്ടം നടത്തുന്ന നിരവധി പോരാളികള്‍ വീടുകളിലല്ല, വീടിന് പുറത്തു തുടരുകയാണ്. ഇവരെല്ലാം നമ്മുടെ മുന്‍നിരപടയാളികളാണ്, പ്രത്യേകിച്ച് നഴ്സുമാരും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളുമായി ജോലി നോക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍. എന്റെ കൃതജ്ഞത പ്രകടിപ്പിക്കാനും അവരുടെ ഉത്സാഹം നിലനിര്‍ത്താനുമായി ഞാന്‍ അവരില്‍ ചിലരുമായി സംസാരിച്ചു. എന്റെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ എനിക്ക് അവരുടെ ആത്മാര്‍ത്ഥതയും പ്രതിജ്ഞാബദ്ധതയും സഹായകമാകുന്നു''
കോവിഡ്-19നെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും കാര്യക്ഷമമായ വഴി സാമൂഹിക അകലംപാലിക്കലല്‍ ആണെന്നും ലോക്കൗട്ടിനോടു സഹകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
''അടുത്ത കുറച്ചുദിവസം എല്ലാവരും സ്വയം സംരക്ഷിക്കുകയും അവരുടെ കുടുംബങ്ങളെ രക്ഷിക്കുകയും വേണം, അവര്‍ ലക്ഷ്മണരേഖ അനുസരിക്കണം. ഓരോ ഇന്ത്യാക്കാരന്റെയും സംയമനവും നിശ്ചയദാര്‍ഢ്യവും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് സഹായിക്കും''മന്‍ കീ ബാത്ത്  2.0ന്റെ 10-ാമത് പതിപ്പില്‍ തന്റെ ചിന്തകള്‍ പങ്കുവച്ചുകൊണ്ട് ശ്രീ. മോദി പറഞ്ഞു.
മാനവകുലത്തിനെ തന്നെ നിശേഷം നശിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്ന ഈ വൈറസിനെ ഉന്മൂലനംചെയ്യുമെന്ന ദൃഢനിശ്ചയം എടുത്തുകൊണ്ട് ആഗോള സമൂഹം കൈകോര്‍ക്കണമെന്ന് ശ്രീ. മോദി ആഹ്വാനം ചെയ്തു.
'' കൊറോണാ വൈറസ് ലോകത്തെയാകെ തടവിലാക്കി. അത് അറിവിനും ശാസ്ത്രത്തിനും പാവപ്പെട്ടവനും പണക്കാരനും ശക്തനും ദുര്‍ബലനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുകയാണ്. അത് ഒരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലോ ഏതെങ്കിലും മേഖലയിലോ കാലാവസ്ഥയിലോ പരിമിതപ്പെടുന്നില്ല. ഒരു തരത്തില്‍ ഈ വൈറസ് മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യുമെന്ന മര്‍ക്കടമുഷ്ടിയോടെ വെല്ലുവിളി ഉയര്‍ത്തുകയാണ്. അതുകൊണ്ടാണ് ഇതിനെ ഉന്മൂലനം ചെയ്യുമെന്ന ദൃഢനിശ്ചയത്തോടെ മനുഷ്യരാശി ഒന്നായി ഉയരേണ്ടത്'' അദ്ദേഹം പറഞ്ഞു.
130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ അടച്ചുപൂട്ടല്‍ അല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടം ജീവനും മരണത്തിനുമിടയിലുള്ളതാണ്. അതിനാലാണ് അത്തമൊരു ശക്തമായ നടപടി അവലംബിച്ചത്. ലോകം പോകുന്ന വഴി നോക്കിയാല്‍ ഇതുമാത്രമായിരുന്നു അവശേഷിച്ചിരുന്ന മാര്‍ഗ്ഗമെന്ന് ശ്രീ. മോദി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്-19ന്റെ പശ്ചാത്തലത്തിലുള്ള അടച്ചുപൂട്ടല്‍ സമയത്ത് നിയമം ലംഘിക്കുന്നവര്‍ തങ്ങളുടെ ജീവന്‍കൊണ്ടാണ് കളിക്കുന്നതെന്ന് ശ്രീ. മോദി പറഞ്ഞു. കൊറോണ വൈറസിന്റെ വിപത്തില്‍ നിന്നു നമ്മെ രക്ഷിക്കാന്‍ സാധിക്കാതെവരുമെന്നാണ് അടച്ചപൂട്ടല്‍ നിയമം അനുസരിക്കാത്തവര്‍ മനസിലാക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
'' ഈ മിഥ്യാധാരണയെ ലോകമാകെ പരിപോഷിപ്പിച്ച നിരവധി ആളുകള്‍ ഇന്ന് അതില്‍ ദുഃഖിക്കുന്നു. കൊറോണയ്ക്കെതിരായ പോരാട്ടം മുമ്പൊന്നുമില്ലാത്തതും ഒപ്പം വെല്ലുവിളി നിറഞ്ഞതുമായതുകൊണ്ട്, ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങള്‍ ലോകത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്തതാകും''.
കൊറോണ വ്യാപനത്തെ തടയുന്നതിന് ഇന്ത്യക്കാര്‍ എടുത്തിട്ടുള്ള നടപടികളും അതിനുള്ള പരിശ്രമങ്ങളും ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്നത് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'' പാവങ്ങളോടുള്ള നമ്മുടെ സഹാനുഭൂതി വളരെ വലുതാണ്. ഈ പ്രതിസന്ധിയുടെ സമയത്ത് എപ്പോഴാണോ നമ്മള്‍ ഒരു പാവപ്പെട്ടവനെ അല്ലെങ്കില്‍ വിശന്നുവലയുന്ന ഒരു വ്യക്തിയെ കാണുന്നത് നമ്മള്‍ ആദ്യം അവനെ അല്ലെങ്കില്‍ അവളെ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കും എന്ന സത്യത്തില്‍ നിന്നാണ് നമ്മുടെ മനുഷ്യത്വം പിറവിയെടുക്കുന്നത്'', ശ്രീ.മോദി പറഞ്ഞു.
നമ്മള്‍ അവരുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കണം അത് നമ്മുടെ മൂല്യങ്ങളുടെ സംസ്‌ക്കാരത്തിന്റെയും ഭാഗമായതുകൊണ്ട് ഇന്ത്യയ്ക്കതു കഴിയും. ഒരു രോഗവും അതിന്റെ വിപത്തും മുളയിലേ തന്നെ നുള്ളിക്കളണയണമെന്ന് അര്‍ത്ഥം വരുന്ന പഴഞ്ചൊല്ല് പ്രധാനമന്ത്രി ഉദ്ധരിച്ചു. എന്നിരുന്നാലും അത് ഭേദമാക്കാന്‍ കഴിയാത്തതാകുമ്പോള്‍ അതിന്റെ ചികിത്സ വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. എല്ലാ ഇന്ത്യക്കാരും ഇന്ന് അതാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ലോകത്തെയാകെ തടവിലാക്കുകയും ഭുഖണ്ഡങ്ങളിലങ്ങോളമിങ്ങോളം അറിവിനും ശാസ്ത്രത്തിനും പണക്കാരനും പാവപ്പെട്ടവനും ശക്തനും ദുര്‍ബലനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് മന്‍ കീ ബാത്തിന്റെ ഈ പതിപ്പില്‍ തനിക്ക് ഈ വിഷയം മാത്രമായി പരിമിതപ്പെടുത്തേണ്ടിവന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശ്രീ. മോദി എല്ലാ രാജ്യവാസികളോട് ഹൃദയംഗമമായ ക്ഷമാപണം നടത്തുകയും അനവധി ബുദ്ധിമുട്ടുകള്‍ക്ക് വഴിവയ്ക്കുന്ന ചില തീരുമാനങ്ങള്‍ തനിക്ക് എടുക്കേണ്ടിവന്നതിന് ജനങ്ങള്‍ തനിക്ക് മാപ്പുനല്‍കുമെന്ന് തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ ശക്തമായ തോന്നുന്നുണ്ടെന്നു വെളിപ്പെടുത്തുകയും ചെയ്തു. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടു തനിക്ക് പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയുമെന്ന് അടിസ്ഥാന ജീവിതസൗകര്യമില്ലാത്ത സഹോദരീസഹോദരന്മാരെ  സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നല്ല ആരോഗ്യമാണ് ഏറ്റവും വലിയ ഭാഗ്യം. ആരോഗ്യമാണ് ലോകത്തു സന്തോഷത്തിന്റെ ഏക മാര്‍ഗ്ഗം എന്ന് മറ്റൊരു പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ യുദ്ധത്തില്‍ കൊറോണ വൈറസിനെതിരെ പോരാടുന്ന നിരവധി പടയാളികളുണ്ട്. അവര്‍ തങ്ങളുടെ പോരാട്ടം തങ്ങളുടെ വീട്ടിനുള്ളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയല്ല, അവര്‍ അവരുടെ വീടിനു പുറത്തും പോരാടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'' ഇതാണ് നമ്മുടെ മുന്‍നിര പടയാളികള്‍, പ്രത്യേകിച്ചും കോറോണ വൈറസിനെ പരാജയപ്പെടുത്തുന്ന നഴ്സുമാരായി, ഡോക്ടര്‍മാരായി, പാരാമെഡിക്കല്‍ സ്റ്റാഫുകളായി പണിയെടുക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍'', അദ്ദേഹം പറഞ്ഞു.
കോവിഡ്-19 മായുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരുമായി നടത്തിയ ഫോണ്‍ സംഭാഷണം അവരുടെ ശുഷ്‌ക്കാന്തി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി പങ്കുവച്ചു. അവരോടു സംസാരിച്ചപ്പോള്‍ തന്റെ ഉല്‍സാഹം വര്‍ധിച്ചെന്നും അതിനൊപ്പം അവരില്‍ നിന്നു പലതുംപഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വിപത്തിനെ തുരത്തി ഓടിക്കുന്നതിന് തങ്ങളുടെ പരമാവധി അവര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'' അവര്‍ നമ്മളോട് പറയുന്നത് വെറുതെ കേട്ടാല്‍ പോരാ, അത് ജീവിതത്തില്‍ ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കണം'' അദ്ദേഹം പറഞ്ഞു.
നഴ്സുമാരുടെയും മറ്റ് മെഡിക്കല്‍ ജീവനക്കാരുടെയൂം നിസ്വാര്‍ത്ഥമായ മനോഭാവത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
''ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശ, എ.എന്‍.എം പ്രവര്‍ത്തകര്‍, ശുചിത്വതൊഴിലാളികള്‍ എന്നിങ്ങളെയുള്ള മുന്‍നിര പോരാളികള്‍ക്കു മനോവിര്യവും ശുഷ്‌ക്കാന്തിയും ഉള്ളതുകൊണ്ട് ഇന്ത്യക്ക് ഈ യുദ്ധത്തില്‍ ശക്തമായ പോരാട്ടം നടത്താന്‍ കഴിയും. രാജ്യത്തിന് അവരുടെ ആരോഗ്യത്തെക്കുറിച്ചും ജാഗ്രതയുണ്ട്. അതുകൊണ്ട് ഈ മേഖലയിലുള്ള ഏകദേശം 20 ലക്ഷം സഹപ്രവര്‍ത്തകര്‍ക്ക് ഗവണ്‍മെന്റ് 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു. അതുകൊണ്ട് ഈ യുദ്ധത്തെ അവര്‍ക്ക് വലിയ ആത്മവിശ്വാസത്തോടെ നയിക്കാന്‍ കഴിയും'', അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിതരണ ശൃംഖല തടസപ്പെടാതിരിക്കാന്‍ അവിരാമം പ്രവര്‍ത്തിക്കുന്ന അയല്‍പക്കത്തുള്ള ചെറുകിട ചില്ലറ കടക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ അദ്ദേഹം പ്രശംസിച്ചു. ബാങ്കിംഗ് മേഖലയില്‍ പണിയെടുക്കുന്നവര്‍ ഈ പോരാട്ടത്തില്‍ നമ്മെ നയിക്കുകയാണെന്ന് ശ്രീ. മോദി പറഞ്ഞു. ഇ-കോമേഴ്സ് കമ്പനികളുമായി ബന്ധപ്പെട്ട് വിതരണക്കാരായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ ഈ പരീക്ഷണ സമയത്ത് പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്യുകയാണ്.
ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് സാമൂഹിക അകലമാണ് ഉറപ്പാക്കേണ്ടത്, അല്ലാതെ മാനുഷികമോ അല്ലെങ്കില്‍ വികാരപരമോ  ആയ അകലമല്ലെന്നു ജനങ്ങള്‍ മനസിലാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമ്പര്‍ക്കവിലക്കിലുള്ളവരെ ചിലര്‍ ഭീരുവെന്ന് മുദ്രകുത്തുകയും മോശമായി പെരുമാറുകയും ചെയ്യുന്നത് കാണുന്നത് തനിക്ക് വേദനയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടാകാതെ സംരക്ഷിക്കുന്നതിനായി സ്വയം സമ്പര്‍ക്കവിലക്കില്‍ പോയ ആളുകളെ അദ്ദേഹം പ്രശംസിച്ചു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ഏറ്റവും കാര്യക്ഷമമായ വഴിയാണ് സാമൂഹിക അകലം പാലിക്കലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പോരാട്ടം വിജയിക്കുന്നതിനായി ശ്രദ്ധയോടെയും സുരക്ഷിതമായും വീടുകളിലിരിക്കാന്‍ അദ്ദേഹം വീണ്ടും ആഹ്വാനം ചെയ്തു.

(Release ID: 1609172) Visitor Counter : 280