പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്-19 മഹാവ്യാധിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെ സംബന്ധിച്ചു രാഷ്ട്രത്തോടായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 24 MAR 2020 8:57PM by PIB Thiruvananthpuram

 

 

നമസ്‌കാരം!

 

പ്രിയപ്പെട്ട എന്റെ സഹ പൗരന്‍മാരേ, 

മാര്‍ച്ച് 22നു ജനത കര്‍ഫ്യൂവിനുള്ള ദൃഢനിശ്ചയം നാം കൈക്കൊണ്ടു. ഒരു രാഷ്ട്രമെന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും അതിന്റെ വിജയം ഉറപ്പാക്കാന്‍ സംഭാവനകള്‍ അര്‍പ്പിച്ചു. 

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയും, വലിയവരും ചെറിയവരും, ദരിദ്രരും മധ്യവര്‍ഗവും ഉപരിവര്‍ഗവും എന്നു തുടങ്ങി എല്ലാവരും പ്രതിസന്ധിയുടെ ഈ അവസരത്തില്‍ ഒരുമിച്ചു. 

ഓരോ ഇന്ത്യക്കാരനും ചേര്‍ന്ന് ജനതാ കര്‍ഫ്യൂ വിജയമാക്കി. 

ജനതാ കര്‍ഫ്യൂവിന്റെ ഒരു ദിനത്തിലൂടെ നമ്മുടെ രാജ്യത്തിന് ഉണ്ടാവുന്ന പ്രതിസന്ധിയില്‍, മാനവികതയ്ക്ക് ഉണ്ടാവുന്ന പ്രതിസന്ധിയില്‍, അവയെ നേരിടാന്‍ എങ്ങനെ ഓരോ ഇന്ത്യക്കാരനും ഒരുമിക്കുന്നു എന്നു ഇന്ത്യ തെൡയിച്ചു.

സുഹൃത്തുക്കളേ, 

നിങ്ങള്‍ ഓരോരുത്തരും കൊറോണയെന്ന ആഗോള മഹാവ്യാധിയെ തുടര്‍ന്നു ലോകത്തുള്ള സാഹചര്യത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ. 

ഈ മഹാവ്യാധി നിമിത്തം ലോകത്തിലെ മുന്‍നിര രാഷ്ട്രങ്ങള്‍ നിസ്സഹായാവസ്ഥയില്‍ ചെന്നെത്തിയതിനു നിങ്ങള്‍ സാക്ഷ്യം വഹിക്കുകയുമാണ്. 

ഈ രാജ്യങ്ങള്‍ വേണ്ടത്ര ശ്രമം നടത്തുന്നില്ല എന്നതോ അവിടങ്ങളില്‍ വിഭവലഭ്യതയില്‍ കുറവുണ്ടെന്നതോ അല്ല കാര്യം. 

എല്ലാ തയ്യാറെടുപ്പുകളെയും ശ്രമങ്ങളെയും മറകടന്ന് അതിവേഗമാണ് കൊറോണ വൈറസ് പടരുന്നത് എന്നതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ ഈ രാജ്യങ്ങള്‍ക്കു സാധിക്കാത വരികയാണ്. 

അത്തരം രാജ്യങ്ങളിലെ കഴിഞ്ഞ രണ്ടു മാസത്തെ അനുഭവവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് കൊറോണയെ ഫലപ്രദമായി നേരിടാന്‍ ഒരു വഴിയേ ഉള്ളൂ എന്നാണ്- സാമൂഹിക അകലം പാലിക്കല്‍. 

എന്നുവെച്ചാല്‍, മറ്റുള്ളവരില്‍നിന്നു ശാരീരികമായി അകലം പാലിക്കുകയും അവനവന്റെ വീടുകളില്‍ കഴിയുകയും ചെയ്യുക. 

കൊറോണ വൈറസില്‍നിന്നു രക്ഷനേടാന്‍ മറ്റു വഴികളില്ല. 

കൊറോണ വൈറസ് പടരുന്നതു തടയണമെങ്കില്‍ അണുബാധയുടെ ശൃംഖല ഭേദിക്കാന്‍ നമുക്കു സാധിക്കണം. 

രോഗ ബാധിതര്‍ മാത്രമേ സാമൂഹിക അകലം പാലിക്കേണ്ടതുള്ളൂ എന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. 

അതു തെറ്റാണ്. 

ഓരോ പൗരനും ഓരോ കുടുംബത്തിനും കുടുംബത്തിലെ ഓരോ അംഗത്തിനും സാമൂഹിക അകലം ആവശ്യമാണ്. 

ചുരുക്കം പേരുടെ അശ്രദ്ധയും തെറ്റിദ്ധാരണയും നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും നിങ്ങളുടെ രക്ഷിതാക്കളെയും നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ സുഹൃത്തുക്കളെയും എന്നു വേണ്ട, രാജ്യത്തെയാകെ വിപത്തില്‍ പെടുത്താം. 

ഈ അശ്രദ്ധ തുടരുന്നപക്ഷം അതിന് ഇന്ത്യ നല്‍കേണ്ടിവരുന്ന വില ഊഹിക്കാവുന്നതല്ല. 

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. 

സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തുന്ന ഈ ശ്രമങ്ങള്‍ അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെ കാണണം. 

ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ഉപദേശവും മറ്റു രാജ്യങ്ങളിലെ അനുഭവവും മുന്‍നിര്‍ത്തി രാജ്യം ഇന്നു പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊള്ളുകയാണ്. 

ദയവായി ശ്രദ്ധിക്കുക, ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യമൊന്നാകെ സമ്പൂര്‍ണ ലോക്ഡൗണിലേക്കു പോവുകയാണ്. 

രാഷ്ട്രത്തെയും ഓരോ പൗരന്‍മാരെയും സംരക്ഷിക്കുന്നതിനായി ഇന്ന് അര്‍ധരാത്രി മുതല്‍ ജനങ്ങള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിനു പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുകയാണ്. 

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളും ഓരോ ജില്ലയും ഓരോ മുനിസിപ്പാലിറ്റിയും ഓരോ ഗ്രാമവും ഓരോ പ്രദേശവും ലോക്ഡൗണിലായിരിക്കും. 

കര്‍ഫ്യൂ പോലെ ആയിരിക്കും ഇത്. 

ജനത കര്‍ഫ്യൂവിനെക്കാള്‍ അല്‍പംകൂടി ഗൗരവമാര്‍ന്നതും കര്‍ശനവും ആയിരിക്കും ഇത്. 

ഇതു കൊറോണ മഹാവ്യാധിക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ അത്യാവശ്യമായ ചുവടാണ്. 

ലോക്ഡൗണ്‍ നിമിത്തം രാഷ്ട്രത്തിനു സാമ്പത്തിക നഷ്ടം സംഭവിക്കും. 

അതെന്തായാലും, ഓരോ ഇന്ത്യക്കാരെന്റെയും ജീവന്‍ രക്ഷിക്കുക എന്നുള്ളത് എന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും ഓരോ സംസ്ഥാന ഗവണ്‍മെന്റിന്റെയും ഓരോ പ്രാദേശിക ഘടകത്തിന്റെയും ഏറ്റവും പ്രധാന പരിഗണനയാണ്. 

അതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഏതു ഭാഗത്താണോ ഉള്ളത്, അവിടെ തുടരണമെന്നാണ് എന്റെ അഭ്യര്‍ഥന. 

നിലവിലുള്ള സാഹചര്യമനുസരിച്ച് ഈ ലോക്ഡൗണ്‍ 21 ദിവസം നീളും. 

അടുത്ത 21 ദിവസം നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. 

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് കൊറോണ വൈറസ് വ്യാപനത്തിന്റെ ശൃംഖല ഭേദിക്കുന്നതില്‍ അടുത്ത 21 ദിവസ കാലയളവു നിര്‍ണായകമാണ്. 

21 ദിവസത്തിനകം രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യവും നിങ്ങളുടെ കുടുംബവും 21 വര്‍ഷം പിന്നോട്ടു പോകും. 

21 ദിവസത്തിനകം കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ഒട്ടേറെ കുടുംബങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാവും. 

എന്നിരിക്കെ, അടുത്ത 21 ദിവസത്തിനിടെ പുറത്തു പോവുക എന്ന കാര്യം നിങ്ങള്‍ മറക്കണം.

വീട്ടില്‍ കഴിയുക, വീട്ടില്‍ കഴിയുക, ഒരു കാര്യ മാത്രം ചെയ്യുക- വീട്ടിനകത്തു കഴിയുക. 

സുഹൃത്തുക്കളേ, 

ദേശീയ ലോക്ഡൗണിന് ഇന്നു കൈക്കൊണ്ട തീരുമാനം വഴി നിങ്ങളുടെ വാതില്‍പ്പടിയില്‍ 'ലക്ഷ്മണരേഖ' വരയ്ക്കുകയാണ്. 

വീടിനു പുറത്തേക്ക് ഒരു ചുവടുപോലും വെക്കുന്നതു കൊറോണ പോലുള്ള അപടകരമായ മഹാമാരിയെ വീട്ടിലേക്കു വരുത്തുമെന്നു നിങ്ങള്‍ ഓര്‍ക്കണം.

കൊറോണ ബാധിതനായ ഒരു വ്യക്തി രോഗബാധയുടെ തുടക്കത്തില്‍ പൂര്‍ണ ആരോഗ്യവാനായിരിക്കും എന്നതും ഓര്‍ക്കണം.  

അതിനാല്‍, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി വീട്ടില്‍ കഴിയുക. 

അതിനിടെ, വീടുകളില്‍ കഴിയുന്നവര്‍ സാമൂഹിക മാധ്യമങ്ങള്‍ നൂതനശൈലിയില്‍ വിവരങ്ങള്‍ കൈമാറുന്നതിനായി പുതിയ വഴികള്‍ തേടുകയാണ്. 

എനിക്ക് ഇഷ്ടപ്പെട്ട ഒരു ബാനറുണ്ട്. അതു നിങ്ങളെല്ലാം കാണണമെന്ന് ആഗ്രഹിക്കുന്നു. 

കൊറോണ, അതായത്, കോയീ റോഡ് പേ നികലേ (ആരും പുറത്തു റോഡിലേക്ക് ഇറങ്ങരുത്).

 

സുഹൃത്തുക്കളേ,

കൊറോണ വൈറസ് ഒരാള്‍ക്ക് ബാധിച്ചാല്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദിവസങ്ങളെടുക്കും എന്നാണ് വിദഗ്ധര്‍ പോലും പറയുന്നത്.

ഈ കാലയളവില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അയാള്‍ അറിയാതെതന്നെ വൈറസിനെ പകര്‍ന്നു നല്‍കുന്നു.

ഒരാള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ ഏഴു മുതല്‍ 10 വരെ ദിവസങ്ങള്‍കൊണ്ട് നൂറുകണക്കിനാളുകളിലേക്ക് അയാളില്‍ നിന്നു പകരും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

അതായത് കാട്ടുതീ പോലെ ഇതു പകരും എന്നര്‍ത്ഥം.

ലോകാരോഗ്യ സംഘടന നല്‍കിയ മറ്റൊരു കണക്ക് വളരെ പ്രധാനമാണ്.

 

സുഹൃത്തുക്കളേ,

ലോകമെമ്പാടുമായി ആദ്യത്തെ ഒരു ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചത് 67 ദിവസം കൊണ്ടാണ്.

എന്നാല്‍ അടുത്ത ഒരു ലക്ഷം പേരിലേക്ക് പകരാന്‍ 11 ദിവസം മാത്രമാണ് എടുത്തത്.

ആലോചിച്ചു നോക്കൂ, ആദ്യത്തെ ഒരു ലക്ഷം പേര്‍ക്ക് 67 ദിവസം കൊണ്ടു പകര്‍ന്നെങ്കില്‍ അടുത്ത 11 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷമായി.

ഒരു ലക്ഷത്തിന്റെ സ്ഥാനത്തു മൂന്നു ലക്ഷം പേര്‍ രോഗബാധിതരായി മാറുന്നതിന് അടുത്ത നാല് ദിവസം മാത്രമാണെടുത്തത് എന്നതാണ് കൂടുതല്‍ ഞെട്ടിക്കുന്ന കാര്യം.

എത്ര വേഗത്തിലാണ് കൊറോണ വൈറസ് പടരുന്നത് എന്ന് നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാം.

ഒരിക്കല്‍ ഇത് പടര്‍ന്നു തുടങ്ങിയാല്‍പ്പിന്നെ അടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

 

സുഹൃത്തുക്കളേ,

ചൈന, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍, ഇറ്റലി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയ ശേഷം സാഹചര്യങ്ങള്‍ അനിയന്ത്രിതമായി മാറിയതിനു കാരണം ഇതാണ്.

ഇറ്റലിയിലാകട്ടെ അമേരിക്കയിലാകട്ടെ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ലോകത്തിലെത്തന്നെ ഏറ്റവും മികച്ചതാണ് എന്നുകൂടി ചിന്തിക്കണം. എന്നിട്ടും കൊറോണ വൈറസിന്റെ പ്രത്യാഘാതം തടയാന്‍ ഈ രാജ്യങ്ങള്‍ക്കു സാധിച്ചില്ല. ഈ സാഹചര്യത്തില്‍ പ്രത്യാശയുടെ കിരണം എവിടെയാണ് കാണുക എന്നതാണ് ചോദ്യം. എന്താണു പരിഹാരം? എന്തൊക്കെയാണ് മാര്‍ഗ്ഗങ്ങള്‍?

 

സുഹൃത്തുക്കളേ,

കൊറോണക്കെതിരായ ഈ രാജ്യങ്ങളുടെ പോരാട്ടത്തിന്റെ അനുഭവത്തില്‍ നിന്ന് കൊറോണയെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും എന്ന പ്രത്യാശയുടെ കിരണം വന്നിട്ടുണ്ട്.

ഈ രാജ്യങ്ങളിളെ പൗരന്മാര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് ആഴ്ചകളോളം പുറത്തിറങ്ങിയില്ല.

ഈ രാജ്യങ്ങളിലെ പൗരന്മാര്‍ ഗവണ്‍മെന്റ് നിര്‍ദേശം പൂര്‍ണമായി അനുസരിക്കുകയും ഇപ്പോള്‍ പകര്‍ച്ചവ്യാധിയെ മറികടന്നു തുടങ്ങുകയും ചെയ്തിരിക്കുന്നു.

നമ്മുടെ മുന്നിലുള്ള വഴി ഇതു മാത്രമാണെന്ന് നമ്മളും അംഗീകരിക്കണം. നാമും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. എന്തുതന്നെ സംഭവിച്ചാലും നാം അകത്തുതന്നെ കഴിയണം. നമ്മുടെ വീടുകളുടെ ലക്ഷ്മണരേഖ മറികടക്കാതിരുന്നാല്‍ മാത്രമേ നമുക്ക് നമ്മളെത്തന്നെ കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുകയുള്ളു. ഈ രോഗം പടരുന്നതു നമുക്കു തടയണം, രോഗബാധയുടെ കണ്ണികള്‍ പൊട്ടിക്കുകയും വേണം.

 

സുഹൃത്തുക്കളേ,

ഇപ്പോള്‍ നമ്മള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ദുരന്തത്തിന്റെ പ്രത്യാഘാതം എത്രത്തോളം ലഘൂകരിക്കാന്‍ സാധിക്കും എന്നു നിര്‍ണയിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യ.

നമ്മുടെ ഇച്ഛാശക്തി സുസ്ഥിരമായി നിലനിര്‍ത്തേണ്ട സമയമാണിത്. ഓരോ ചുവടുവയ്പിലും ജാഗ്രത പാലിക്കേണ്ട സമയമാണിത്.

 

സുഹൃത്തുക്കളേ,

ക്ഷമയുടെയും അച്ചടക്കത്തിന്റെയും സമയമാണ് ഇത്. ലോക്ഡൗണ്‍ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം നാം നമ്മുടെ ഇച്ഛാശക്തി നിലനിര്‍ത്തുകയും വാഗ്ദാനം പാലിക്കുകയും ചെയ്തേ പറ്റുകയുള്ളു.

സ്വന്തം ചുമതലകള്‍ പൂര്‍ത്തീകരിക്കുകയും സ്വയം സമര്‍പ്പിച്ച് വലിയ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയും ചെയ്യുന്നവരുടെ നന്മയ്ക്കു വേണ്ടി നിങ്ങള്‍ വീടുകളില്‍ കഴിയുമ്പോള്‍ പ്രാര്‍ത്ഥിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന.

ഓരോ ജീവനും രക്ഷിക്കുന്നതിന് രാപ്പകലില്ലാതെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെക്കുറിച്ചും നഴ്സുമാരെക്കുറിച്ചും പാരാമെഡിക്കല്‍ ജീവനക്കാരെക്കുറിച്ചും പതോളജിസ്റ്റുകളെക്കുറിച്ചുമൊക്കെ ചിന്തിക്കണം. ഈ പ്രതിസന്ധിയുടെ ദിനങ്ങളില്‍ മറ്റുള്ളവരെ സേവിക്കുന്ന ആശുപത്രി ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരേക്കുറിച്ചും ചിന്തിക്കണം. നിങ്ങളുടെ പ്രദേശം വൃത്തിയാക്കാന്‍ പ്രവര്‍ത്തിക്കുന്ന, വൈറസ് പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നു എന്നുറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന, ആളുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം.

 

തെരുവുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും വാര്‍ത്തകള്‍ അപ്പപ്പോള്‍ എത്തിക്കുന്നതിന് ദിവസം മുഴുവനും സാഹസികമായി രോഗപ്പകര്‍ച്ചയുടെ സാഹചര്യത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തരെക്കുറിച്ച് ഓര്‍ക്കുക.

 

സ്വന്തം കുടുംബത്തേക്കുറിച്ച് വിഷമിക്കാന്‍ നില്‍ക്കാതെ കഠിന സാഹചര്യങ്ങളില്‍ നിങ്ങളുടെ ചുറ്റുവട്ടത്തു പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ രക്ഷയ്ക്കു വേണ്ടി രാപ്പകലില്ലാതെ വിവിധ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പൊതുജനത്തിന്റെ രോഷം ഏറ്റുവാങ്ങേണ്ടി വരുന്നവരുമാണ് അവര്‍.

 

സുഹൃത്തുക്കളേ,

കൊറോണ ആഗോള പകര്‍ച്ചവ്യാധി രൂപപ്പെട്ടതു മുതല്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ അതിവേഗം പ്രവര്‍ത്തിക്കുകയാണ്. ആളുകള്‍ക്ക് ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുത് എന്നുറപ്പിച്ച് നാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ വിതരണം സുഗമമായി തുടരും എന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഈ പ്രതിസന്ധി പാവപ്പെട്ടവര്‍ക്ക് ഉറപ്പായും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കൊപ്പം സമൂഹത്തിലെ വ്യക്തികളും സ്ഥാപനങ്ങളും പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാവപ്പെട്ടവരെ സഹായിക്കാനുള്ള അവരുടെ ശ്രമങ്ങളുമായി മറ്റു നിരവധിയാളുകള്‍ സഹകരിക്കുന്നു.

 

സുഹൃത്തുക്കളേ,

്അടിസ്ഥാന ആവശ്യങ്ങള്‍ക്കും ജീവന്‍രക്ഷയ്ക്കുള്ള നിര്‍ബന്ധിത കാര്യങ്ങള്‍ക്കും ഉയര്‍ന്ന മുന്‍ഗണന നല്‍കണം.

മുമ്പുണ്ടായിട്ടില്ലാത്ത ഈ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെയും രാജ്യത്തെ ഉന്നത വൈദ്യശാസ്ത്ര, ഗവേഷണ സംഘടനകളുടെയും ഉയര്‍ന്ന ആരോഗ്യ വിദഗ്ധരുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് തീരുമാനങ്ങളെടുക്കുന്നത്.

കൊറോണ വൈറസ് രോഗികളെ ചികില്‍സിക്കുന്നതിനും രാജ്യത്തെ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും 15000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് അനുവദിക്കുന്നു.

കൊറോണ പരിശോധനാ കേന്ദ്രങ്ങള്‍, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, ഐസലേഷന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, മറ്റ് അവശ്യ ഉപകരണങ്ങള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഒപ്പം തന്നെ, മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരിശീലനത്തിനും ഈ തുക വിനിയോഗിക്കും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യ പരിരക്ഷയ്ക്കായിരിക്കണം ഏറ്റവും ഉയര്‍ന്ന പരിഗണന എന്ന് സംസ്ഥാന ഗവണ്‍മെന്റുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

സ്വകാര്യ മേഖലയും സഹജീവികള്‍ക്കൊപ്പം ഈ നിര്‍ണായക ഘട്ടത്തില്‍ തോളോടുതോള്‍ ചേര്‍ന്നു പൂര്‍ണശേഷിയോടെ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്.

വെല്ലുവിളിയുടെ ഈ വേളയില്‍ സ്വകാര്യ ലാബുകളും ആശുപത്രികളും വളരെ താല്‍പര്യത്തോടെ ഗവണ്‍മെന്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നു.

 

പക്ഷേ, സുഹൃത്തുക്കളേ, ഇപ്പോള്‍പ്പോലും അറിഞ്ഞോ അറിയാതെയോ നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനേക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം. ഏതുതരത്തിലുള്ള ഊഹാപോഹങ്ങളെയും അന്ധവിശ്വാസങ്ങളെയും കുറിച്ച് ജാഗരൂകരായിരിക്കണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക എന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

രോഗബാധയുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളില്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാത്ത ഒരു തരത്തിലുള്ള മരുന്നും കഴിക്കരുത് എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. മരുന്നിന്റെ കാര്യത്തില്‍ പരീക്ഷണത്തിനു മുതിര്‍ന്നാല്‍ അതു നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കും.

സുഹൃത്തുക്കളേ, ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ മുഴുവന്‍ ഇന്ത്യക്കാരും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

21 ദിവസത്തെ ലോക്ഡൗണ്‍ എന്നത് നീണ്ട കാലയളവാണ്. പക്ഷേ, നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് അത് അത്രതന്നെ അനിവാര്യമാണ്.

മുഴുവന്‍ ഇന്ത്യക്കാരും ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തോട് വിജയകരമായി പൊരുതുക മാത്രമല്ല വിജയം നേടുകയും ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.

 

നിങ്ങളുടെയും നിങ്ങള്‍ സ്നേഹിക്കുന്നവരുടെയും രക്ഷ ഉറപ്പാക്കുക.

 

ജയ്ഹിന്ദ്.

******



(Release ID: 1608027) Visitor Counter : 10416