57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോയുടെ (CMOT) ആറാം പതിപ്പിന് തുടക്കമായി

'റൂട്ട്സ് ആൻഡ് വിംഗ്സ്: നമ്മുടെ വേരുകളെ ആദരിക്കാം, ഭാവിയെ സ്വീകരിക്കാം’ എന്ന പ്രമേയത്തിൽ നടക്കുന്ന 48 മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രനിർമ്മാണ ചലഞ്ചിൽ രാജ്യത്തുടനീളമുള്ള 100 യുവ സർഗാത്മക പ്രതിഭകൾ പങ്കെടുക്കും

സ്വന്തം വേരുകളിൽ നിന്നും സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാൻ യുവ ചലച്ചിത്രകാരന്മാരോട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ ആഹ്വാനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 21 NOV 2026 2:39PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339671Views: 14

ഗോവ, 2026 നവംബർ 21

 

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സംരംഭമായ ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോയുടെ (CMOT) ആറാം പതിപ്പിന്  ഗോവയിലെ കലാ അക്കാദമിയിൽ ഇന്ന് തുടക്കമായി. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനാണ് (NFDC) ഈ സംരംഭം നടപ്പാക്കുന്നത്.

 

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 യുവ സർഗാത്മക പ്രതിഭകളെ ഒരുമിച്ചുകൊണ്ടുവരുന്ന ഈ സംരംഭം, പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും തങ്ങളുടെ  കഴിവുകൾ പ്രകടിപ്പിക്കാനും ചലച്ചിത്ര മേഖലയുമായി നേരിട്ട് ഇടപഴകാനും അവർക്ക് വേദിയൊരുക്കുന്നു.

 

ഉദ്ഘാടന ചടങ്ങിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ പങ്കെടുത്തു. കൂടാതെ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) രജിസ്ട്രാർ ശ്രീ ലൗകിക് പരാഖ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ്  സെക്രട്ടറി ശ്രീ കെ. കെ. നിരാല, എൻ.എഫ്.ഡി.സി ചെയർമാൻ ശ്രീ ജി. കൃഷ്ണകുമാർ, എൻ.എഫ്.ഡി.സി ജനറൽ മാനേജർ ശ്രീ ഗൗതം ഭാനോട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

ചലച്ചിത്രനിർമ്മാണ ചലഞ്ചിൽ പങ്കെടുക്കുന്ന ഓരോരുത്തരും ഇതിനകം തന്നെ തങ്ങളുടെ കഴിവ് തെളിയിച്ചവരാണെന്നും ആ പ്രതിഭയെ ഒരു ചലച്ചിത്രമാക്കി മാറ്റാനുള്ള അവസരമാണ് അടുത്ത 48 മണിക്കൂർ നൽകുന്നതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ പറഞ്ഞു.

 

സംസ്കാരം, ഭാഷ, അനുഭവങ്ങൾ എന്നിവയിൽ നിന്നാണ് വേരുകൾ രൂപപ്പെടുന്നതെന്നും ഭാവന, ജിജ്ഞാസ, പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ധൈര്യം എന്നിവയിൽ നിന്നാണ് സ്വപ്നങ്ങൾ ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് തത്ത്വചിന്തകനായ ജോസഫ് ജൂബെർട്ടിനെ ഉദ്ധരിച്ചുകൊണ്ട്, ഭാവന സ്വപ്നം കാണാൻ സഹായിക്കുന്നുവെന്നും, ചലച്ചിത്രനിർമ്മാണത്തിലെ സാങ്കേതികവശങ്ങൾ പഠിക്കുന്നത് ആ സ്വപ്നങ്ങൾക്ക് ദിശാബോധം നൽകുന്നുവെന്നും വേരുകളാണ് കഥകൾക്ക് ശബ്ദം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

തങ്ങളുടെ കഥകളുടെ വ്യാപ്തി പരിമിതപ്പെടുത്താതെ സ്വന്തം വേരുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ അദ്ദേഹം പങ്കാളികളോട് ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഉടലെടുക്കുന്ന കഥ പോലും സത്യസന്ധമായി അവതരിപ്പിച്ചാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ ഒരു കൂട്ടായ കലാരൂപമാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം പറയുന്നത് ശ്രദ്ധിക്കാനും സഹപ്രവർത്തകരെ വിശ്വസിക്കാനും പരീക്ഷണങ്ങൾ നടത്താനും സർഗാത്മകമായ വെല്ലുവിളികൾ ഏറ്റെടുക്കാനും ചലച്ചിത്രനിർമ്മാണ പ്രക്രിയ ആസ്വദിക്കാനും അദ്ദേഹം പങ്കാളികളോട് ആഹ്വാനം ചെയ്തു. സ്വന്തം വേരുകളെ ചേർത്തുപിടിച്ചുകൊണ്ട് ഭാവനയ്ക്ക് ചിറകുകൾ നൽകാനും തങ്ങളുടെ കഥകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

 

48 മണിക്കൂർ ചലച്ചിത്രനിർമ്മാണ ചലഞ്ചിൻ്റെ ഔദ്യോഗിക തുടക്കമായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകർഷണം. ചലഞ്ചിനായി പ്രത്യേകം തയ്യാറാക്കിയ ക്ലാപ്പ്‌ബോർഡ് അടിച്ചുകൊണ്ടാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സി.എം.ഒ.ടിയുടെ  ആറാം പതിപ്പിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗും സബ്‌ടൈറ്റിലിംഗും, തിരക്കഥാരചന, പിന്നണിഗാനം, സംഗീതസംവിധാനം, ശബ്ദലേഖനം, വസ്ത്രാലങ്കാരം, ഹെയർ ആൻഡ് മേക്കപ്പ്, കലാസംവിധാനം, ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് (VFX), ഓഗ്മെൻ്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), വോയ്‌സ്-ഓവർ ആൻഡ് ഡബ്ബിംഗ് തുടങ്ങി ചലച്ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട 13 മേഖലകളെ പ്രതിനിധീകരിക്കുന്ന 100 പ്രതിഭകളാണ് 2026-ലെ ബാച്ചിലുള്ളത്.

 

എൻ.എഫ്.ഡി.സിയുമായി സഹകരിച്ച് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) സംഘടിപ്പിക്കുന്ന 48 മണിക്കൂർ ചലച്ചിത്രനിർമ്മാണ ചലഞ്ചിൽ, 5 ടീമുകളായി തിരിഞ്ഞ് പങ്കാളികൾ 48 മണിക്കൂറിനുള്ളിൽ ഹ്രസ്വചിത്രങ്ങൾ ആവിഷ്കരിച്ച് നിർമ്മിക്കും. പൂർത്തിയാക്കിയ ചിത്രങ്ങൾ IFFI-യിൽ  പ്രത്യേകമായി പ്രദർശിപ്പിക്കുകയും ചലച്ചിത്രമേഖലയിലെ പ്രമുഖർ ഉൾപ്പെട്ട ജൂറി വിലയിരുത്തുകയും ചെയ്യും.

സി.എം.ഒ.ടി ടാലൻ്റ് ക്യാമ്പ് പങ്കാളികളെ മാധ്യമ-വിനോദ വ്യവസായ മേഖലയുമായി കൂടുതൽ അടുപ്പിക്കുകയും നിർമ്മാണ കമ്പനികൾ, സ്റ്റുഡിയോകൾ, മ്യൂസിക് ലേബലുകൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, പ്രക്ഷേപകർ, വ്യവസായ മേഖലയിലെ മറ്റ് പ്രമുഖർ എന്നിവരുമായി സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യും.

2021-ൽ ആരംഭിച്ചതുമുതൽ, വളർന്നുവരുന്ന സർഗാത്മക പ്രതിഭകളെ മാധ്യമ-വിനോദ മേഖലയുമായി ബന്ധിപ്പിക്കുന്ന വേദിയായി സി.എം.ഒ.ടി വളർന്നിട്ടുണ്ട്. ഇതിലെ പൂർവ്വപങ്കാളികൾ അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാണങ്ങളിൽ പ്രവർത്തിക്കുകയും കാൻ, ബെർലിനാലെ, ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, അന്താരാഷ്ട്ര എമ്മി പുരസ്കാരങ്ങൾ തുടങ്ങിയ വേദികളിലും മേളകളിലും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. ശ്രദ്ധേയമായ നേട്ടമെന്ന നിലയിൽ, കഴിഞ്ഞ പതിപ്പിൽ പങ്കെടുത്ത 18 പ്രതിഭകളെ മുകേഷ് ഛബ്ര കാസ്റ്റിംഗ് കമ്പനി (MCCC) തെരഞ്ഞെടുത്തിരുന്നു. സി.എം.ഒ.ടിയിലൂടെ പരിപോഷിപ്പിച്ച പ്രതിഭകൾക്ക് തൊഴിൽമേഖലയിൽ അവസരങ്ങൾ ലഭിക്കുന്നതിലേക്കുള്ള പ്രോത്സാഹജനകമായ ചുവടുവെപ്പാണിത്.

 

IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

*****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339671
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026