സംസ്കാരത്തിൻ്റെയും പ്രായത്തിൻ്റെയും അതിരുകൾക്കപ്പുറം ലളിതമായ ചിത്രരചനകളെ ആഴത്തിൽ സ്പർശിക്കുന്ന കഥകളാക്കി മാറ്റാനുള്ള സവിശേഷമായ കഴിവ് ആനിമേഷനുണ്ട്. ചലച്ചിത്ര ആവിഷ്കാരങ്ങളുടെ അതിരുകൾ കൂടുതൽ വിപുലമാക്കിക്കൊണ്ട്, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI 2026) ആനിമേഷൻ കഥപറച്ചിലിൻ്റെ കലാപരമായ മികവും വൈകാരിക ആഴവും ആഘോഷിക്കുന്നതിനായി പ്രത്യേക ആനിമേഷൻ വിഭാഗം അവതരിപ്പിക്കുന്നു. ജപ്പാൻ, ഫ്രാൻസ്, ചൈന, സിംഗപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള ശ്രദ്ധേയമായ അഞ്ച് അന്താരാഷ്ട്ര ആനിമേഷൻ ഫീച്ചർ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഈ വിഭാഗം, ദൃശ്യവിസ്മയങ്ങൾക്കൊപ്പം ഹൃദയത്തെയും സ്പർശിക്കുന്ന ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.
ആധുനിക പ്രണയത്തിൻ്റെയും സാമൂഹിക ഉത്കണ്ഠകളുടെയും നേർത്ത തലങ്ങളിലേക്ക് ഹൃദ്യമായൊരു കാഴ്ചയൊരുക്കുന്ന ജാപ്പനീസ് ആനിമേഷൻ ചിത്രമാണ് മസാനാവോ കവാജിരി സംവിധാനം ചെയ്ത 'ചെറി ആൻഡ് വിർജിൻ'. സ്ത്രീകളോട് സംസാരിക്കാൻ ബുദ്ധിമുട്ടുന്ന 32 വയസ്സുകാരനായ ഇറോട്ടിക് മാംഗ ചിത്രകാരൻ റിയോയും യഥാർത്ഥ ജീവിതത്തിൽ പുരുഷന്മാരുമായി ഇടപഴകാൻ അതുപോലെതന്നെ പ്രയാസപ്പെടുന്ന 28 വയസ്സുകാരിയായ ആമിയുമാണ് 2026-ൽ പുറത്തിറങ്ങിയ ഈ ആനിമേഷൻ ഫീച്ചർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. തങ്ങളുടെ ഭയങ്ങളും പ്രണയാനുഭവങ്ങളുടെ അഭാവവും നിലനിൽക്കുമ്പോഴും ഇരുവരും കണ്ടുമുട്ടുകയും പതുക്കെ പരസ്പരം മനസ്സിലാക്കാൻ തുടങ്ങുകയും ചെയ്യുന്നു. സ്വന്തം അരക്ഷിതാവസ്ഥകളെ മറികടന്ന്, ആത്മാർഥമായൊരു സ്നേഹബന്ധത്തിലൂടെ ലഭിക്കുന്ന നിശ്ശബ്ദമായ സന്തോഷം അവർ കണ്ടെത്തുന്നു.
ലൈവ്-ആക്ഷൻ ദൃശ്യങ്ങളും മാംഗ ആനിമേഷനും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൃദ്യമായ ഊഷ്മളതയും നർമ്മവും നിറഞ്ഞതാണ് ചിത്രത്തിൻ്റെ ആഖ്യാനശൈലി. ഒസാക്ക യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയ കവാജിരി, 2018-ൽ പുറത്തിറങ്ങിയ 'എ ജാപ്പനീസ് ബോയ് ഹൂ ഡ്രോസ്' എന്ന ആനിമേഷൻ ഹ്രസ്വചിത്രത്തിലൂടെ ചലച്ചിത്രമേളകളിൽ വ്യാപകമായ അംഗീകാരം നേടിയിരുന്നു. ലൈവ്-ആക്ഷനും ആനിമേഷനും സംയോജിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ ഈ സവിശേഷ ശൈലി ജപ്പാനിലും വിദേശത്തും ഒരുപോലെ പ്രശംസ പിടിച്ചുപറ്റുന്നു.

സമകാലിക ആക്ഷേപഹാസ്യത്തിന് മൂർച്ചയേറിയ നർമ്മവും ഹൃദയസ്പർശിയായ ആവിഷ്കാരവും പകരുന്ന ഫ്രഞ്ച് ആനിമേഷൻ ചിത്രമാണ് നിക്കോളാസ് അഥാനെയും മാർക്കോ നുയെനും ചേർന്ന് സംവിധാനം ചെയ്ത 'ജിം ക്വീൻ'. പാരീസിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന 2026-ലെ ഈ ആനിമേഷൻ ഫീച്ചർ ചിത്രം, നഗരത്തിലെ സ്വവർഗ്ഗാനുരാഗ സമൂഹത്തിനിടയിൽ ഏറെ ആരാധകരുള്ള പ്രശസ്ത ഫിറ്റ്നസ് ഇൻഫ്ലുവൻസറായ ജിമ്മിൻ്റെ കഥയാണ് പറയുന്നത്. ഹെറ്ററോസിസ് എന്ന നിഗൂഢ വൈറസ് ബാധിച്ച് സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർ എതിർലിംഗാനുരാഗികളായി മാറാൻ തുടങ്ങുന്നതോടെ ജിമ്മിൻ്റെ ലോകം ഒറ്റരാത്രികൊണ്ട് തകിടം മറിയുന്നു. ഇതോടെ അയാൾക്ക് തൻ്റെ ഫോളോവേഴ്സിനെയും സുഹൃത്തുക്കളെയും ഒപ്പം സാമൂഹിക പദവിയും നഷ്ടപ്പെടുന്നു. അത്രകണ്ട് പ്രശസ്തനല്ലെങ്കിലും വിശ്വസ്തനായ ലൂസിയൻ എന്ന യുവാവ് മാത്രം ഒപ്പം നിൽക്കുമ്പോൾ, രോഗത്തിന് പ്രതിവിധിയുണ്ടെന്ന് പറയപ്പെടുന്ന ഒരു ഡോക്ടറെ തേടി മാരേയിലെ തിരക്കേറിയ തെരുവുകളിലൂടെ ജിം യാത്ര തിരിക്കുന്നു. പ്രശസ്തമായ ഗോബെലിൻസ് ആനിമേഷൻ സ്കൂളിൽ നിന്നാണ് ഇരുസംവിധായകരും പരിശീലനം നേടിയത്. റേമാൻ വീഡിയോ ഗെയിമുകൾ, ദി റബ്ബീസ് ക്യാറ്റ്, ദി റെഡ് ടർട്ടിൽ എന്നിവയിൽ നിക്കോളാസ് അഥാനെ പ്രവർത്തിച്ചിട്ടുണ്ട്. മിസ്റ്റർ ഫ്ലാപ്പ്, സ്റ്റാർട്ടപ്പ് ഹീറോസ്, പീപ്പൂഡോ തുടങ്ങിയ ആനിമേഷൻ പരമ്പരകളുടെ സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു. ദി റബ്ബീസ് ക്യാറ്റ്, ഏണസ്റ്റ് ആൻഡ് സെലസ്റ്റിൻ, ദി സമ്മിറ്റ് ഓഫ് ദി ഗോഡ്സ് എന്നീ ചിത്രങ്ങൾക്ക് നൽകിയ സംഭാവനകളിലൂടെ ശ്രദ്ധേയമായ ദൃശ്യാനുഭവസമ്പത്തുമായാണ് മാർക്കോ നുയെൻ എത്തുന്നത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഏകാന്തതയും ആഗ്രഹങ്ങളും ആത്മബന്ധങ്ങളും തേടിയുള്ള മനുഷ്യൻ്റെ യാത്രയാണ് ചൈനീസ് ആനിമേഷൻ ചിത്രമായ 'ലൈറ്റ് പില്ലർ' പറയുന്നത്. രചനയും സംവിധാനവും പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ച സൂ സാവോയുടെ ആദ്യ ആനിമേഷൻ ഫീച്ചർ ചിത്രമാണിത്. 2026-ൽ പുറത്തിറങ്ങിയ ഈ ചിത്രം, ബഹിരാകാശ യാത്രകൾ നിത്യസംഭവമായി മാറിയ ഭാവികാലത്തിൻ്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കടക്കെണിയിലായി പ്രവർത്തനം നിലച്ച ഒരു ഫിലിം സ്റ്റുഡിയോയുടെ പരിസരം വൃത്തിയാക്കുന്ന ഴാ എന്ന ഏകാകിയായ ശുചീകരണത്തൊഴിലാളി, മനോഹരമായ ഒരു വെർച്വൽ ലോകത്ത് കഴിയുന്ന സ്ത്രീയുമായി പ്രണയത്തിലാകുന്നു. ചന്ദ്രനിലുള്ള അവളോടൊപ്പം ചേരാനുള്ള ടിക്കറ്റ് വാങ്ങുന്നതിനായി ഴാ അധികസമയം ജോലി ചെയ്യുന്നു. എന്നാൽ, ഏറെ പ്രതീക്ഷയോടെ വാങ്ങിയ ടിക്കറ്റ് അസാധുവാണെന്ന് വൈകാതെ അയാൾ തിരിച്ചറിയുന്നു. ഒരു സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനായി പഴയ സ്റ്റുഡിയോ പൊളിച്ചുമാറ്റാൻ സിനിമാസംഘം എത്തുന്നു. തനിക്ക് ഇതുവരെ പരിചിതമായ ഒരേയൊരു ലോകംകൂടി ഇല്ലാതാകാനിരിക്കെ, അവിടെത്തന്നെ തുടരാനും ആ ലോകത്തോടൊപ്പം സ്വയം ഇല്ലാതാകാനും ഴാ ഹൃദയസ്പർശിയായ ഒരു തീരുമാനം കൈക്കൊള്ളുന്നു. 1991-ൽ ചൈനയിലെ അൻഷാനിൽ ജനിച്ച സൂ സാവോ ബീജിംഗ് ഫിലിം അക്കാദമിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFR) പ്രീമിയർ ചെയ്ത നോ ചേഞ്ചസ് ഹാവ് ടേക്കൺ ഇൻ അവർ ലൈഫ് എന്ന ആനിമേഷൻ ഹ്രസ്വചിത്രത്തിലൂടെ അദ്ദേഹം നേരത്തേ ശ്രദ്ധ നേടിയിരുന്നു.

ഓർമ്മയുടെയും പ്രതിരോധത്തിൻ്റെയും ഹൃദയസ്പർശിയായ രൂപകമായി ഒരുക്കിയിരിക്കുന്ന സിംഗപ്പൂരിൽ നിന്നുള്ള ചൈനീസ് ഭാഷാ ആനിമേഷൻ ചിത്രമാണ് 'മാജിക് അറ്റ്ലസ്'. സൺ സൂൺ സംവിധാനം ചെയ്ത ഈ ചിത്രം 2026-ലാണ് പുറത്തിറങ്ങിയത്. ഒറ്റപ്പെട്ട കൽക്കരി രാജ്യമായ ലുവോച്ചയിലേക്ക് ഒരു നിഗൂഢ മന്ത്രവാദി എത്തുന്നതോടെ, നേരത്തെ തന്നെ സംഘർഷഭരിതമായിരുന്ന ആ സമൂഹത്തിൽ ഭയവും അസ്വസ്ഥതയും പടരുന്നു. സിയാവോ ഷി എന്ന അനാഥ ബാലനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് തടവിലാക്കപ്പെടുന്ന മന്ത്രവാദി, പൗരന്മാരെ അവരുടെ ഭൂതകാലം മറക്കാൻ നിർബന്ധിക്കുന്ന ഔദ്യോഗിക ആചാരമായ 'മിമെങ്' നടക്കുന്നതിനിടെ തീയിലിട്ട് ചുട്ടുകൊല്ലപ്പെടാൻ വിധിക്കപ്പെടുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുൻപ് അയാൾ ആ കുട്ടിക്ക് ഒരു മാന്ത്രിക ഭൂപടം രഹസ്യമായി കൈമാറുന്നു. 1980-ൽ ചൈനയിലെ ഫുക്സിനിൽ ജനിച്ച സൺ സൂൺ, ബീജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരനും ചൈന അക്കാദമി ഓഫ് ഫൈൻ ആർട്സിലെ ബിരുദധാരിയുമാണ്. 2005-ൽ അദ്ദേഹം പൈ ആനിമേഷൻ സ്റ്റുഡിയോ സ്ഥാപിച്ചു. വെനീസ്, ബെർലിൻ ചലച്ചിത്രമേളകളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ 'മാജിക് അറ്റ്ലസ്', ലൊക്കാർണോ, ടോക്കിയോ ചലച്ചിത്രമേളകളിലെ മത്സരവിഭാഗങ്ങളിൽ പങ്കെടുത്തതിനുശേഷമാണ് IFFI-ലേക്ക് എത്തുന്നത്.

ഓസ്കാർ ജേതാവായ ചലച്ചിത്രകാരൻ ബ്രാഡ് ബേർഡ് 2026-ൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള അമേരിക്കൻ ആനിമേഷൻ ചിത്രമാണ് 'റേ ഗൺ'. പറക്കുന്ന കാറുകൾ നിറഞ്ഞ ആകാശത്തിന് കീഴെ മനുഷ്യരും അന്യഗ്രഹജീവികളും സഹവർത്തിത്വത്തോടെ കഴിയുന്ന, എല്ലാറ്റിനും വില നൽകേണ്ടിവരുന്ന മെട്രോപിയ എന്ന ഭാവികാല മഹാനഗരത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നഗരത്തിൻ്റെ തിളക്കമാർന്ന പുറംമോടിക്ക് പിന്നിൽ വ്യാപകമായ അഴിമതി ഒളിഞ്ഞിരിക്കുന്നു. തൻ്റെ തൊഴിൽ കാലഹരണപ്പെട്ടതാണെന്ന് ലോകം കരുതുന്നൊരിടത്ത്, സ്വന്തം മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ പാടുപെടുന്ന, പരമ്പരാഗത രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കുറ്റാന്വേഷകനായ റേ ഗൺ, തൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ കേസിലേക്ക് വലിച്ചിഴക്കപ്പെടുന്നു. വൈകാരികതയും നർമ്മവും ആക്ഷനും അനായാസം കോർത്തിണക്കുന്ന കഥപറച്ചിലിലൂടെ ആഗോളതലത്തിൽ പ്രശസ്തനായ എഴുത്തുകാരനും സംവിധായകനും നിർമാതാവും ശബ്ദതാരവുമാണ് ബ്രാഡ് ബേർഡ്. ദി ഇൻക്രെഡിബിൾസ്, റാറ്ററ്റൂയി, മിഷൻ: ഇംപോസിബിൾ - ഗോസ്റ്റ് പ്രോട്ടോക്കോൾ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലെ അദ്ദേഹത്തിൻ്റെ തനത് കഥപറച്ചിൽ വൈഭവം, പഴമയുടെ ഭാവവും ഭാവികാല സങ്കൽപ്പങ്ങളും സമന്വയിപ്പിക്കുന്ന ഈ ആനിമേഷൻ നോയർ ചിത്രത്തിലും പ്രകടമാണ്.
ഈ പുതിയ വിഭാഗത്തിലൂടെ, ആനിമേഷൻ എന്ന മാധ്യമത്തിൻ്റെ അതിരുകൾക്കപ്പുറത്തേക്ക് കടന്ന്, നമ്മുടെ പ്രതീക്ഷകളുടെയും ദൗർബല്യങ്ങളുടെയും പങ്കുവെക്കപ്പെടുന്ന മാനുഷികതയുടെയും ആത്മപ്രതിഫലനമായി ആനിമേഷനെ അനുഭവിച്ചറിയാൻ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI 2026) സിനിമാപ്രേമികളെ ക്ഷണിക്കുന്നു.

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയെക്കുറിച്ച്:
1952-ൽ സ്ഥാപിതമായ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൊന്നാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഗോവ ഗവണ്മെൻ്റിൻ്റെയും എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവയുടെയും (ESG) സഹകരണത്തോടെ സംഘടിപ്പിക്കുന്ന IFFI, ലോകസിനിമയിലെ മികച്ച സൃഷ്ടികളെ ആഘോഷിക്കുന്നതിനൊപ്പം ഇന്ത്യൻ സിനിമകൾക്കും പ്രതിഭകൾക്കും ആഗോള വേദിയിൽ പ്രോത്സാഹനം നൽകുന്നു. എല്ലാ വർഷവും ഗോവയിൽ സംഘടിപ്പിക്കുന്ന ഈ മേള, സർഗ്ഗാത്മകമായ ആശയവിനിമയത്തിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും സിനിമയിലൂടെ സാംസ്കാരിക ധാരണ വളർത്തിയെടുക്കുന്നതിനുമുള്ള വേദിയായി വർത്തിക്കുന്നു.
****