പോസ്റ്റഡ് ഓണ്:
11 NOV 2026 8:52PM by PIB Thiruvananthpuram
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങൾക്കുള്ള 2025–26 ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ന്യൂഡൽഹിയിൽ ഇന്ന് (2026 നവംബർ 11) വിതരണം ചെയ്തു.
ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ മാത്രം പരിശ്രമം കൊണ്ട് ശുചിത്വം എന്നത് സാധ്യമാകുന്നതല്ലെന്നും, ഇതിനായി എല്ലാ വിഭാഗം ആളുകളുടെയും സജീവമായ പങ്കാളിത്തം ആവശ്യമാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി.പൊതുസ്ഥലങ്ങളുടെ സൗന്ദര്യം നിലനിർത്തുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ശുചിത്വം എന്ന് അവർ ചൂണ്ടിക്കാട്ടി. അത് നമ്മുടെ ആരോഗ്യം, സാമൂഹിക ബോധം, ഭരണപരമായ ഉത്തരവാദിത്തം എന്നിവയുടെ അടയാളമാണ്. വീടുകളിൽ നാം പുലർത്തുന്ന ശീലങ്ങളുടെ പ്രതിഫലനം കൂടിയാണ് നഗരങ്ങളിലെ ശുചിത്വമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
നഗരങ്ങളിലെ ശുചിത്വ പരിപാലനത്തിൽ യുവാക്കൾ, സ്ത്രീകൾ, റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ , സാമൂഹിക സംഘടനകൾ എന്നിവരുൾപ്പെടെയുള്ള എല്ലാ പൗരന്മാരും സജീവമായി പങ്കാളികളാകണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ആഹ്വാനം ചെയ്തു.ജനങ്ങൾക്ക് ശുചിത്വ മേഖലയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും കുറവുകൾ ചൂണ്ടിക്കാണിക്കാനും സാധിക്കണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നത് നഗരങ്ങളെ കൂടുതൽ വൃത്തിയുള്ളതും ആരോഗ്യകരവുമാക്കാൻ സഹായിക്കും. ഇത് നഗരസഭാ ഭരണകൂടവും പൗരന്മാരും തമ്മിൽ നിരന്തരമായ ആശയവിനിമയത്തിന് വഴിയൊരുക്കുകയും, അതുവഴി വിശ്വാസ്യത, സുതാര്യത, ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുകയും ചെയ്യുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
തങ്ങളുടെ ചുറ്റുപാടിന്റെ ശുചിത്വം വിലയിരുത്തുന്നതിൽ ഏറ്റവും മികച്ച വിധികർത്താക്കൾ ജനങ്ങൾ തന്നെയാണ്. അതിനാൽ, പൗരന്മാരുടെ അഭിപ്രായങ്ങൾ കേവലം സർവേകളിലോ റാങ്കിംഗുകളിലോ മാത്രം ഒതുക്കി നിർത്തരുത് . മറിച്ച്, നഗരസഭകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക വെല്ലുവിളികൾ പരിഹരിക്കുന്നതിനുമുള്ള സുപ്രധാന ഉപകരണമായി പൊതുജനാഭിപ്രായങ്ങളെ ഉപയോഗിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ശുചിത്വ മേഖലയിൽ കൂടുതൽ കാര്യക്ഷമവും ചെലവുകുറഞ്ഞതും സുരക്ഷിതവുമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത രാഷ്ട്രപതി ദ്രൗപദി മുർമു എടുത്തുപറഞ്ഞു. രാജ്യത്തെ പ്രമുഖ ഐ.ഐ.ടി കൾ ഉൾപ്പെടെയുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ ഈ ലക്ഷ്യത്തോടെ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നതിൽ അവർ സന്തുഷ്ടി രേഖപ്പെടുത്തി.
ശുചിത്വ മേഖലയിൽ നിരവധി പുതിയ സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുന്നത് സ്വാഗതാർഹമാണ്. ഇത്തരം സംരംഭങ്ങൾക്ക് യാഥാർത്ഥ്യലോകത്തിലെ ശുചിത്വ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കുന്നതോടൊപ്പം വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു .
ടയർ-2, ടയർ-3 നഗരങ്ങൾ അതിവേഗം വളരുന്ന നഗര കേന്ദ്രങ്ങളായതിനാൽ അവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.ഈ നഗരങ്ങൾക്ക് തനിമയാർന്ന ആവശ്യങ്ങളും സവിശേഷമായ വെല്ലുവിളികളുമാണുള്ളത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കത്തക്കവിധം തയ്യാറാക്കിയ ദേശീയ കാഴ്ചപ്പാടോടെയായിരിക്കണം അവയുടെ വികസനം നടപ്പാക്കേണ്ടത്.ടയർ-1 നഗരങ്ങൾ നേരിട്ട വെല്ലുവിളികളിൽ നിന്നും അനുഭ സമ്പത്തിൽ നിന്നും പാഠമുൾക്കൊണ്ട് പ്രവർത്തിക്കാൻ ടയർ-2 നഗരങ്ങളിലെ പ്ലാനർമാർക്ക് സാധിക്കണം. ഇതിനായി വലിയ നഗരങ്ങളിലെ വിദഗ്ദ്ധരുടെ അനുഭവങ്ങൾ അവർ കണ്ടുപഠിക്കണമെന്നും രാഷ്ട്രപതി നിർദ്ദേശിച്ചു.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങൾ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ ആദരിക്കുകയും 'സ്വച്ഛ് ഭാരത് മിഷൻ - അർബൻ' പദ്ധതിക്ക് നൽകിയ മികച്ച സംഭാവനകൾക്ക് അംഗീകാരം നൽകുകയും ചെയ്യുന്നതാണ്.
രാഷ്ട്രപതിയുടെ ഹിന്ദി പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക-
***