ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ന്യൂഡൽഹിയിൽ ഭാരത് പുനരുപയോഗ ഊർജ്ജ ഉച്ചകോടി- എക്സ്പോ 2026ന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 05 NOV 2026 2:43PM by PIB Thiruvananthpuram
പുനരുപയോഗ ഊർജ്ജ മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി, പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രതിബദ്ധതകൾ സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമല്ലെന്ന് തെളിയിക്കുന്നതാണെന്നും ഇവ രാജ്യത്തിന്റെ വികസന യാത്രയിലെ ചാലകശക്തിയാണെന്നും   ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു.
 
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന 'ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് ആൻഡ് എക്സ്പോ 2026'-ന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുനരുപയോഗ ഊർജ്ജ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, സുസ്ഥിര വികസനത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഗാർഹിക-കർഷക-സാമൂഹിക മേഖലകളെ ശാക്തീകരിക്കുന്നതിൽ ഹരിത ഊർജ്ജം വഹിക്കുന്ന നിർണ്ണായക പങ്കിനേയും തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ഇന്ത്യയെപ്പോലെ വിശാലമായ ഒരു വികസ്വര രാജ്യത്തിന് അതിവേഗ സാമ്പത്തിക വളർച്ച നിലനിർത്താൻ കഴിയുമോ എന്ന സംശയങ്ങൾക്ക് സ്വന്തം നേട്ടങ്ങളിലൂടെയാണ് രാജ്യം മറുപടി നൽകിയതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
 
ഇന്ത്യയുടെ ഫോസിൽ ഇന്ധനേതര അധിഷ്ഠിത സ്ഥാപിത ശേഷി  300 ജിഗാവാട്ട് പിന്നിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിശ്ചിത ലക്ഷ്യത്തിന് അഞ്ച് വർഷം മുമ്പ്, അതായത് 2025-ൽ തന്നെ രാജ്യം മൊത്തം വൈദ്യുതോൽപ്പാദന ശേഷിയുടെ 50 ശതമാനവും ഫോസിൽ ഇന്ധനേതര സ്രോതസ്സുകളിൽ നിന്ന് കൈവരിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൗരോർജ്ജ ശേഷി 3 ജിഗാവാട്ടിൽ താഴെയായിരുന്നത് 170 ജിഗാവാട്ടിലധികമായി വർദ്ധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
 
ഒരു കാലത്ത് കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതിയെക്കാൾ പലമടങ്ങ് വിലയേറിയതായിരുന്ന സൗരോർജ്ജം, ഇന്ന് ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതി സ്രോതസ്സുകളിലൊന്നായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ നയങ്ങളുടെയും സ്വകാര്യ സംരംഭങ്ങളുടെയും സംസ്ഥാനങ്ങളുടെയും പൗരന്മാരുടെയും കൂട്ടായ പ്രയത്നത്തിന്റെയും ഫലമാണ് ഈ പരിവർത്തനമെന്ന് അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയിൽ ഹൈഡ്രജൻ ഊർജ്ജ മേഖല പ്രോത്സാഹനജനകമായ മുന്നേറ്റം കുറിക്കുകയാണെന്ന് നിരീക്ഷിച്ച ഉപരാഷ്ട്രപതി, ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതി വരും വർഷങ്ങളിൽ ഹൈഡ്രജൻ ഊർജ്ജത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ ഈ പരിവർത്തനം രാജ്യത്തിന്  മാത്രമല്ല, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ആകെതന്നെ മികച്ചൊരു മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രതിബദ്ധതകൾ രാജ്യത്തിന്റെ വളർച്ചയുടെ ചാലകശക്തിയാണെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ശരിവെക്കുന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം കൊണ്ട് രാജ്യം കൈവരിച്ച പുരോഗതിയെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പ്രസ്താവിച്ചു.വ്യവസായ ശൃംഖലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ ശക്തമായ സഹകരണം വേണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, "2040-ലെ സാങ്കേതികവിദ്യകൾ ഇന്നത്തെ ലബോറട്ടറികളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നുമായിരിക്കും ഉരുത്തിരിയുക" എന്ന് പ്രസ്താവിക്കുകയും ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയുടെ പ്രാധാന്യത്തെ ഊന്നിപ്പറയുകയും ചെയ്തു.
 
'പി.എം സൂര്യഘർ മുഫ്ത് ബിജ്ലി യോജന'യ്ക്ക്  കീഴിൽ 65 ലക്ഷത്തിലധികം കുടുംബങ്ങൾ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായെന്നും ഇതിലൂടെ കുറഞ്ഞ ചെലവിൽ ശുദ്ധമായ ഊർജ്ജം ലഭ്യമാക്കാൻ കഴിഞ്ഞെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 'പി.എം-കുസും'  പദ്ധതി വഴി 30 ലക്ഷത്തോളം കർഷകർക്ക് പ്രയോജനം ലഭിച്ചതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, സോളാർ പമ്പുകൾ കർഷകരുടെ ഡീസൽ ചെലവ് കുറയ്ക്കാനും അധിക വരുമാനം ഉണ്ടാക്കാനും സഹായിക്കുമെന്നും, ഇതിലൂടെ ഭക്ഷ്യദാതാക്കളായ കർഷകർ 'ഉർജ്ജദാതാക്കൾ' കൂടിയായി മാറുകയാണെന്നും നിരീക്ഷിച്ചു.
 
പരമ്പരാഗത വൈദ്യുതി ഗ്രിഡുകൾ എത്തിക്കാൻ സാധിക്കാത്ത വിദൂര ഗോത്രവർഗ്ഗ മേഖലകളിലേക്ക് 'പി.എം-ജൻമൻ', 'ധർത്തി ആബാ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ' എന്നീ പദ്ധതികളിലൂടെ വൈദ്യുതി എത്തിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, വാർത്താവിനിമയം, ഉപജീവനമാർഗ്ഗങ്ങൾ എന്നിവ വ്യാപിപ്പിക്കുന്നതിലൂടെ വൈദ്യുതിയുടെ ലഭ്യത ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. നഗരങ്ങൾ, ഗ്രാമങ്ങൾ, വിദൂര പ്രദേശങ്ങൾ എന്നിവയുടെ വേറിട്ട ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഊർജ്ജ പരിഹാരങ്ങളാണ് നടപ്പിലാക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
പുനരുപയോഗ ഊർജ്ജ രംഗത്തെ മാറ്റത്തെ പ്രധാനമന്ത്രി വിഭാവനം ചെയ്തതുപോലുള്ള ഒരു 'ജനകീയ പ്രസ്ഥാനമായി'  വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഇത്തരം  മുന്നേറ്റം സർക്കാരിന് മാത്രം ഒറ്റയ്ക്ക് നയിക്കാനാകില്ലെന്ന് വ്യക്തമാക്കി. അധ്യാപകർ, വിദ്യാർത്ഥികൾ, സംരംഭകർ, പൊതുജനങ്ങൾ എന്നിവരുടെ സജീവമായ പങ്കാളിത്തം അദ്ദേഹം അഭ്യർത്ഥിച്ചു. ഈ പ്രസ്ഥാനത്തിലെ ജനപങ്കാളിത്തം പുനരുപയോഗ ഊർജ്ജത്തിന്റെ വ്യാപനത്തിന് വേഗത കൂട്ടുക മാത്രമല്ല, പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും ഉപജീവനമാർഗ്ഗങ്ങൾ ഉൽപ്പാദിപ്പിക്കാനും കുടുംബങ്ങളിൽ സമൃദ്ധി കൊണ്ടുവരാനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
'മിഷൻ ലൈഫി'നെ പരാമർശിച്ചുകൊണ്ട്, ഊർജ്ജ ഉപഭോഗത്തിലെ മിതത്വം, ശ്രദ്ധാപൂർവ്വമായ ഉപയോഗം, ഉത്തരവാദിത്തത്തോടെയുള്ള മാലിന്യ സംസ്കരണം എന്നിവ നടപ്പിലാക്കാൻ ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ഒരു പുതിയ ഊർജ്ജനിലയം സ്ഥാപിക്കുന്നതിന് തുല്യമായ വലിയ മാറ്റം കൊണ്ടുവരാൻ കോടിക്കണക്കിന് ജനങ്ങളുടെ ചെറിയ ചെറിയ വ്യക്തിഗത പ്രവർത്തികൾക്ക് സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
 
ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വരും പതിറ്റാണ്ട് നിർണ്ണായകമാണെന്ന് പ്രസ്താവിച്ച ഉപരാഷ്ട്രപതി, 2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലെത്താനും 2070-ഓടെ 'ശൂന്യ കാർബൺ പുറന്തള്ളൽ' കൈവരിക്കാനുമുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. 2070-ഓടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഏഴിരട്ടിയോളം വർദ്ധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് തന്നെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ  വിശ്വസനീയവും ചെലവുകുറഞ്ഞതുമായ ഊർജ്ജത്തിലൂടെ നിറവേറ്റേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു.
 
ഉച്ചകോടിയിലെ ചർച്ചകൾ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റാൻ പങ്കെടുത്തവരോട് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി "ചർച്ചകളെ പദ്ധതികളായും പദ്ധതികളെ ഊർജ്ജമായും മാറ്റണ"മെന്ന് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ, "ലോകം സൂര്യപ്രകാശത്താൽ പ്രകാശിതമാകണമെങ്കിൽ, അത് ഒന്നിച്ചുപ്രവർത്തിക്കുന്ന കൈകളാൽ പ്രകാശിക്കട്ടെ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ചടങ്ങിൽ, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ, സർക്കാർ വകുപ്പുകൾ, വെണ്ടർമാർ, ബ്രാൻഡ് ഉടമകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവർക്കുള്ള 'എക്സലൻസ് ഇൻ റിന്യൂവബിൾ എനർജി' പുരസ്കാരങ്ങളും 'പി.എം സൂര്യഘർ' പുരസ്കാരങ്ങളും ഉപരാഷ്ട്രപതി വിതരണം ചെയ്തു.

കേന്ദ്ര നവീന-പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി, നവീന-പുനരുപയോഗ ഊർജ്ജ സഹമന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക്, കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ ഡോ. അജയ് കുമാർ സൂദ്, നവീന-പുനരുപയോഗ ഊർജ്ജ മന്ത്രാലയം സെക്രട്ടറി ശ്രീ സന്തോഷ് കുമാർ സാരംഗി എന്നിവരെക്കൂടാതെ,പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, നോളജ് പാർട്ണർമാർ, എക്സിബിറ്റർമാർ, മറ്റ് പ്രതിനിധികൾ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുത്തു.
 
***
 

( റിലീസ് ഐ.ഡി: 2333286) സന്ദര്‍ശക കൗണ്ടര്‍ : 11