പോസ്റ്റഡ് ഓണ്‍:
04 NOV 2026 4:14PM by PIB Thiruvananthpuram
സൈന്യത്തിന്റെ ആവശ്യങ്ങളും പ്രവര്‍ത്തനക്ഷമതയും മുന്‍നിര്‍ത്തി നടത്തിയ വസ്തുനിഷ്ഠമായ വിലയിരുത്തലില്‍, നൈപുണ്യം, പ്രചോദനം, ശാരീരികക്ഷമത, സാങ്കേതിക പ്രാവീണ്യം തുടങ്ങി വിവിധ മേഖലകളില്‍ അഗ്നിവീരന്മാര് മികച്ച പ്രകടനം കാഴ്ചവെച്ചതായി കണ്ടെത്തി. നേരത്തെ തീരുമാനിച്ചതിന് പ്രകാരം, 25 ശതമാനം അഗ്നിവീരന്മാരെ മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുകയും, അവര്‍ക്ക് സ്ഥിരം ഉദ്യോഗസ്ഥരായി പ്രതിരോധ സേനയില്‍ (Defence Forces) നിയമനം നല്‍കുകയും ചെയ്യും.
പ്രതിരോധ സേനയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, ബാക്കിയുള്ള 75% അഗ്നിവീരന്മാര്ക്ക് സേവന കാലാവധിയില്‍ അധികമായി രണ്ട് വര്‍ഷം കൂടി നല്കാന് മന്ത്രിസഭ അനുമതി നല്കി. ഈ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം, തുടര്‍ന്നും സേവനമനുഷ്ഠിക്കാന്‍ താത്പര്യമുള്ളവര്‍, നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പക്ഷം, അവര്‍ക്ക് സ്ഥിരമായി പ്രതിരോധ സേനയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.
അഗ്നിവീരന്മാരുടെ തൊഴില്‍പരമായ അഭിലാഷങ്ങളും പ്രതീക്ഷകളും, പ്രതിരോധ സേനയുടെ പ്രവര്‍ത്തനപരമായ ആവശ്യങ്ങളും മൊത്തത്തിലുള്ള കാര്യക്ഷമതയും തമ്മില്‍ സന്തുലിതത്വം കൈവരിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ, സമഗ്രവും യുക്തിസഹവും വിശദവുമായ വിലയിരുത്തലുകള്‍ക്കും അഭിപ്രായരൂപീകരണത്തിനും ശേഷമാണ്, താത്പര്യമുള്ള 75% അഗ്നിവീരന്മാര്ക്കായി രണ്ട് വര്‍ഷത്തെ അധിക സേവന കാലയളവ് കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അഗ്നിപഥ് പദ്ധതിയുടെ നേട്ടങ്ങള്‍
അഗ്നിപഥ് പദ്ധതി നടപ്പിലാക്കി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, അതിന്റെ കാര്യക്ഷമതയെക്കുറിച്ചും അഗ്നിവീരന്മാരുടെ പ്രകടനത്തെക്കുറിച്ചും വിശദമായ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങളില്‍ ചിലത് താഴെ പറയുന്നു:
- രാജ്യത്തെ വിവിധ ജില്ലകളിലേക്ക് അഗ്നിവീര്‍ നിയമനത്തിന്റെ വ്യാപ്തി വിപുലീകരിച്ചു.
- കൂടുതല്‍ ഏകീകൃതവും സുതാര്യവുമായ നിയമന നടപടിക്രമം ഉറപ്പാക്കി.
- ഉയര്‍ന്ന ശാരീരികക്ഷമത, മനോവീര്യം, ആത്മവിശ്വാസം, പ്രചോദനം, മത്സരബുദ്ധി, അച്ചടക്കം എന്നിവ വളര്‍ത്തിയെടുക്കുന്നു.
- സേവനകാലയളവില്‍ നൈപുണ്യ വികസനം, സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാനുള്ള ശേഷി, വിദ്യാഭ്യാസ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നു.
- പ്രതിരോധ സേനയുടെ വിവിധ വിഭാഗങ്ങളില്‍ വനിതകള്‍ക്ക് സേവനമനുഷ്ഠിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നു.
ഈ നേട്ടങ്ങള്‍ പരിഗണിച്ച്, അഗ്നിപഥ് പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സേവനത്തിന്റെ രണ്ടാം ഘട്ടത്തിലെ രണ്ട് വര്‍ഷത്തെ സേവന കാലയളവില്‍, അഗ്നിവീരന്മാര്ക്ക് ഉയര്‍ന്ന ശമ്പളവും, വര്‍ദ്ധിപ്പിച്ച സേവാ നിധി പാക്കേജും, സീനിയോറിറ്റിയുമായി ബന്ധപ്പെട്ട അധിക ആനുകൂല്യങ്ങളും ലഭിക്കും.
രണ്ട് വര്‍ഷത്തെ അധിക സേവന കാലയളവും, അതിനുശേഷം എല്ലാ അഗ്നിവീരന്മാരെയും സ്ഥിരം സൈനികരായി നിയമിക്കുന്നതിനുള്ള വ്യവസ്ഥയും ഏര്‍പ്പെടുത്തിയതിലൂടെ, എല്ലാ അഗ്നിവീരന്മാര്ക്കും പ്രതിരോധ സേനയില്‍ സ്ഥിരമായി അംഗങ്ങളാകാനുള്ള അവസരമാണ് കേന്ദ്ര മന്ത്രിസഭ ഒരുക്കിയിരിക്കുന്നത്.
****