പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ഭാരത് പുനരുപയോഗ ഊര്‍ജ്ജ ഉച്ചകോടിയില്‍ ആഗോള സൗരോർജ്ജ സഹകരണത്തിന് പ്രതിബദ്ധത ആവർത്തിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി

പോസ്റ്റഡ് ഓണ്‍: 03 NOV 2026 4:31PM by PIB Thiruvananthpuram

അന്താരാഷ്ട്ര സൗരോർജ്ജ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും പുരോഗതിയുടെ നേട്ടങ്ങൾ എല്ലാവരിലേക്കും തുല്യമായി എത്തിക്കാനും ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധത കേന്ദ്ര നവ പുനരുപയോഗ ഊർജ്ജ, വിദ്യാഭ്യാസ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി ആവർത്തിച്ച് വ്യക്തമാക്കി.  ഭാരത് പുനരുപയോഗ ഊർജ്ജ (ബിആർഇ) ഉച്ചകോടിയും പ്രദര്‍ശനവും 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.  

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ  ‘ശാക്തീകരണത്തിനായുള്ള ഊർജ്ജം’ എന്ന കാഴ്ചപ്പാടിലൂന്നി ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്’ എന്ന തത്വത്തില്‍  അന്താരാഷ്ട്ര സൗരോർജ്ജ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്ന് ശ്രീ പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി.   അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ (ഐഎസ്എ) അധ്യക്ഷപദവിയിലേക്ക് ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

 

ആഗോള സൗരോര്‍ജ്ജ സഹകരണത്തിലെ ഈ ഉറച്ച ബോധ്യമാണ് 2015-ൽ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം രൂപീകരിക്കാൻ ഇന്ത്യയെയും ഫ്രാൻസിനെയും ഒന്നിപ്പിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ന് സഖ്യത്തില്‍ ഒപ്പുവെച്ച 130 അംഗരാജ്യങ്ങള്‍ക്കൊപ്പം ഈ കാഴ്ചപ്പാട്  ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ അന്താരാഷ്ട്ര സഹകരണത്തിന് കരുത്തുറ്റ വേദിയായി മാറിയിരിക്കുന്നു.

 

2026 നവംബർ 2-ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഭാരത് പുനരുപയോഗ ഊര്‍ജ്ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബർ 5-ന് സമാപിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെയും വരും ദിവസങ്ങളിലെയും ചർച്ചകൾ സൗരോര്‍ജ്ജ വാഗ്ദാനങ്ങളിൽ നിന്ന് നിക്ഷേപങ്ങളിലേക്കും പങ്കാളിത്തങ്ങളിൽ നിന്ന് പദ്ധതികളിലേക്കും അഭിലാഷങ്ങളിൽ നിന്ന് പ്രായോഗിക നേട്ടങ്ങളിലേക്കും മുന്നേറാനുള്ള വ്യക്തമായ മുൻഗണനയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് ശ്രീ ജോഷി വ്യക്തമാക്കി.

 

സഖ്യത്തിന്റെ പ്രധാന മുൻഗണനകൾ വ്യക്തമാക്കിയ മന്ത്രി സൗരോർജ്ജ വിന്യാസത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മേഖലകളിൽ ധനസഹായമെത്തിക്കേണ്ടതിന്റെ പ്രാധാന്യം  എടുത്തുപറഞ്ഞു. ആഫ്രിക്കയിലെ വികേന്ദ്രീകൃത പുനരുപയോഗ ഊർജ്ജ മേഖലയിലെ നിക്ഷേപ സാധ്യതകൾ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് 200 ദശലക്ഷം യുഎസ് ഡോളറിന്റെ 'ആഫ്രിക്ക സോളാർ ഫെസിലിറ്റി'. പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ സൗരോർജ്ജം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന് കരുത്തേകുന്നതാണ് ഇന്ത്യ നൽകുന്ന ഏകദേശം 225 കോടി രൂപയുടെ (25 ദശലക്ഷം യുഎസ് ഡോളർ) സംഭാവനയെന്ന് അദ്ദേഹം വ്യക്തമാക്കി. 300 ദശലക്ഷം യുഎസ് ഡോളറിന്റെ നൈജീരിയ വികേന്ദ്രീകൃത പുനരുപയോഗ ഊർജ്ജ നിധി ഈ സമീപനം ഭൂഖണ്ഡത്തിലുടനീളം വ്യാപിപ്പിക്കുന്നതിനുള്ള മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ജനജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ സൗരോർജ്ജത്തിന്റെ പങ്ക് വ്യക്തമാക്കിയ ശ്രീ ജോഷി, പരിഹാരങ്ങൾ വിപുലമായ തോതിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. ഫിജി, മഡഗാസ്കർ, കൊമോറോസ്, സീഷെൽസ് എന്നിവിടങ്ങളിൽ ഐഎസ്എയുടെ പിന്തുണയോടെ  നടപ്പാക്കുന്ന സംരംഭങ്ങൾ ആരോഗ്യ കേന്ദ്രങ്ങൾക്കും സ്കൂളുകൾക്കും വൈദ്യുതി നൽകിയും ശുദ്ധജലം ലഭ്യമാക്കിയും കാർഷിക മേഖലയിലെ ശീതീകരണ സംഭരണ സംവിധാനങ്ങളെ  സഹായിച്ചും ജനങ്ങളുടെ ഉപജീവനമാർഗങ്ങളും കാലാവസ്ഥാ പ്രതിരോധ ശേഷിയും എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് തെളിയിച്ചു. ചെറുകിട ദ്വീപ് വികസ്വര രാജ്യങ്ങൾക്കായി  വിപുലീകരിക്കാനാവുന്ന മാതൃകകൾ സൃഷ്ടിക്കുന്നതിന്  മൗറീഷ്യസ് മുതൽ സൗരോര്‍ജ്ജ-സംഭരണ പദ്ധതികൾ സംയോജിപ്പിക്കുന്ന നടപടികൾ സഖ്യം മുന്നോട്ട് കൊണ്ടുപോകുന്നതായും അദ്ദേഹം അറിയിച്ചു.

 

സൗരോർജ്ജത്തിലൂടെ 30 ലക്ഷം കർഷകരെ ശാക്തീകരിക്കേണ്ടതിന്റെയും  അഗ്രി-ഫോട്ടോവോൾട്ടായിക്സ് പദ്ധതികൾ വ്യാപിപ്പിക്കേണ്ടതിന്റെയും പ്രാധാന്യവും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കൃഷിക്ക് ജലസേചനച്ചെലവ് കുറയ്ക്കാനും കർഷകർക്ക് അധിക വരുമാനം നൽകാനും സാധിക്കുമെന്ന് ഇന്ത്യയുടെ പിഎം-കുസും  പദ്ധതി തെളിയിച്ചിട്ടുണ്ട്. സൗരോർജ്ജ സഖ്യം വഴി ഈ മാതൃക മറ്റ് അംഗരാജ്യങ്ങളിലേക്ക് - പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് - വ്യാപിപ്പിക്കാന്‍  ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഊർജ്ജ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി കർഷകരെ പ്രതിഷ്ഠിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ദേശീയ ശേഷികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 17 സോളാർ ടെക്നോളജി ആപ്ലിക്കേഷൻ റിസോഴ്സ് സെന്ററുകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ–ഷൈൻ (സ്ട്രാറ്റജിക് ഹബ്ബ് ഫോർ ഇന്നൊവേഷൻ ആൻഡ് എക്സിക്യൂഷൻ), എഐ അധിഷ്ഠിത ഐഎസ്എ അക്കാദമി എന്നിവ സ്ഥാപിച്ചതിനെക്കുറിച്ചും ശ്രീ ജോഷി സംസാരിച്ചു. സൗരോർജ്ജ വിന്യാസം വേഗത്തിലാക്കാന്‍ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിലും നൈപുണ്യ വികസനത്തിലും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

സാങ്കേതിക മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംശുദ്ധോർജ്ജത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മന്ത്രി, നിര്‍മ്മിതബുദ്ധി സമ്പദ്‌വ്യവസ്ഥകളെ പുനർനിർമ്മിക്കുമ്പോൾ താങ്ങാനാവുന്നതും വിശ്വസനീയവും ശുദ്ധവുമായ വൈദ്യുതി ലഭ്യമാക്കുകയെന്നത് അതിലേറെ വലിയ തന്ത്രപ്രധാന ആവശ്യമായി മാറുമെന്ന് നിരീക്ഷിച്ചു.

 

സംയുക്ത ഉത്തരവാദിത്തം, സുസ്ഥിര നിക്ഷേപം, കൂട്ടായ പ്രവർത്തനം എന്നിവയിലൂടെയായിരിക്കണം സൗരോർജ്ജത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടതെന്നായിരുന്നു  ഐഎസ്എ അസംബ്ലിയുടെ വ്യക്തമായ സന്ദേശമെന്ന് ശ്രീ ജോഷി ചൂണ്ടിക്കാട്ടി.

 

ഇന്ത്യയിൽ വിശ്വാസമർപ്പിച്ച് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ അധ്യക്ഷപദവിയിലേക്ക് തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുത്തതിന് എല്ലാ അംഗരാജ്യങ്ങൾക്കും അദ്ദേഹം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പേരിൽ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. ഐഎസ്എയുടെ സഹ-അധ്യക്ഷസ്ഥാനത്തേക്ക്  വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിനെയും ഫ്രഞ്ച് മന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു.

 

ഇന്ത്യയുടെ പുതിയ കാലാവധി ആരംഭിക്കുമ്പോൾ നിക്ഷേപം സമാഹരിക്കുന്നതിലും വിന്യാസം വേഗത്തിലാക്കുന്നതിലും കൂട്ടായ ലക്ഷ്യങ്ങളെ ജനങ്ങൾക്കും രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന യഥാർത്ഥ നേട്ടങ്ങളാക്കി മാറ്റുന്നതിലും ശ്രദ്ധ തുടരുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ ജോഷി പറഞ്ഞു. തുടർച്ചയായ വിശ്വാസത്തിനും പങ്കാളിത്തത്തിനും അദ്ദേഹം എല്ലാ അംഗരാജ്യങ്ങളോടും നന്ദി പറഞ്ഞു.

 

കേന്ദ്ര നവ പുനരുപയോഗ ഊർജ്ജ മന്ത്രാലയ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ സാരംഗി, ഐഎസ്എ ഡയറക്ടർ ജനറൽ ആശിഷ് ഖന്ന, പരിസ്ഥിതി പരിവർത്തനത്തിനായുള്ള ഫ്രഞ്ച് ഡെലിഗേറ്റ് മന്ത്രി മാത്യു ലെഫെവ്ര്, ഡെന്മാർക്ക് ബിസിനസ്-മത്സരശേഷി മന്ത്രി മാർട്ടിൻ ലിഡെഗോർ, സുരിനാം പ്രകൃതിവിഭവ മന്ത്രി ഡേവിഡ് അബിയാമോഫോ, സീഷെൽസ് വ്യവസായ-സംരംഭക മന്ത്രി ജെറാൾഡ ഡെസോബിൻ, ശ്രീലങ്കൻ ഊർജ സഹമന്ത്രി മുഹമ്മദു അർക്കാം ഇല്യാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

*****


( റിലീസ് ഐ.ഡി: 2332386) സന്ദര്‍ശക കൗണ്ടര്‍ : 19