പോസ്റ്റഡ് ഓണ്:
26 OCT 2026 1:37PM by PIB Thiruvananthpuram
ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയും രാജ്യത്തിന്റെ ഏകീകരണത്തിന്റെ ശില്പിയുമായ 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ സ്മരണാർത്ഥം ആകാശവാണി സംഘടിപ്പിക്കുന്ന 67-ാമത് സർദാർ പട്ടേൽ സ്മാരക പ്രഭാഷണം ഒക്ടോബർ 27-ന് നടക്കും. അദ്ദേഹത്തിന്റെ പൈതൃകത്തെ അനുസ്മരിക്കാൻ 1955 മുതൽ ആകാശവാണി പ്രതിവർഷം സംഘടിപ്പിച്ചു വരുന്നതാണ് ഈ പ്രശസ്തമായ പ്രഭാഷണ പരമ്പര.
ന്യൂഡൽഹി സംസദ് മാർഗിലുള്ള ആകാശവാണി രംഗ് ഭവൻ ഓഡിറ്റോറിയത്തിൽ നാളെ വൈകുന്നേരം 3 മണിയ്ക്കാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.ഈ പ്രഭാഷണം സർദാർ പട്ടേൽ ജയന്തി ദിനമായ ഒക്ടോബർ 31-ന് രാത്രി 9.30-ന് ആകാശവാണിയുടെ എല്ലാ ശൃംഖലകളിലൂടെയും പ്രക്ഷേപണം ചെയ്യും.

ഈ പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നിർവ്വഹിച്ചത് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായ ഭാരതരത്ന ശ്രീ സി. രാജഗോപാലാചാരിയായിരുന്നു. അതിനുശേഷം പ്രമുഖരായ നേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും ഒരു വലിയ നിര തന്നെ ഈ വേദി അലങ്കരിച്ചിട്ടുണ്ട്. ഡോ. സാക്കിർ ഹുസൈൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം, ശ്രീ മൊറാർജി ദേശായി, ഡോ. കരൺ സിംഗ്, ഡോ. എം.എസ്. സ്വാമിനാഥൻ, ജസ്റ്റിസ് (ശ്രീമതി) ലീല സേത്ത്, ശ്രീ രാംനാഥ് കോവിന്ദ്, ശ്രീ അരുൺ ജെയ്റ്റ്ലി, ശ്രീ അജിത് ഡോവൽ, ഡോ. എസ്. ജയശങ്കർ, ജനറൽ ബിപിൻ റാവത്ത്, ഡോ. എസ്. സോമനാഥ് എന്നിവർ ഈ പ്രമുഖരിൽ ചിലരാണ്. കഴിഞ്ഞ വർഷം നടന്ന പ്രഭാഷണ പരമ്പരയുടെ 66-ാമത് പതിപ്പിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് പ്രഭാഷണം നടത്തിയത്.
വിവിധ വിഷയങ്ങളിലുള്ള ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും സമ്പന്നമായ ഒരു വിവരശേഖരമായാണ് ഈ വാർഷിക ചടങ്ങ് നിലകൊള്ളുന്നത്. നമ്മുടെ വൈവിധ്യമാർന്ന സംസ്കാരത്തിന്റെയും വികസന വിഷയങ്ങളുടെയും ആഴവും വ്യാപ്തിയും മികച്ച രീതിയിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ഭാരതത്തെക്കുറിച്ച് ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അമൂല്യമായ അറിവ് പകരുന്ന ഒന്നായി വർഷങ്ങളായി ഈ പ്രഭാഷണ പരമ്പര മാറിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രമുഖരുടെ ചിന്തോദ്ദീപകമായ പങ്കാളിത്തമാണ് ഇതിനെ സമാനതകളില്ലാത്ത ഒരു പാരമ്പര്യമാക്കി മാറ്റിയത്.
ചടങ്ങിലേക്കുള്ള പ്രവേശനം ഏവർക്കും സൗജന്യമാണ്. ഓഡിറ്റോറിയത്തിലെ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് 'ആദ്യം എത്തുന്നവർക്ക് ആദ്യം' എന്ന അടിസ്ഥാനത്തിലായിരിക്കും പ്രവേശനം അനുവദിക്കുക.
സർദാർ പട്ടേൽ സ്മാരക മുൻ പ്രഭാഷണങ്ങൾ
പ്രമുഖ നേതാക്കളും വിശിഷ്ട വ്യക്തികളും പങ്കെടുത്ത സർദാർ പട്ടേൽ സ്മാരക മുൻകാല പ്രഭാഷണ പരമ്പരകൾ പ്രസാർ ഭാരതിയുടെ ഔദ്യോഗിക യൂട്യൂബ് ആർക്കൈവിൽ കാണാവുന്നതാണ്.
***