വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

"തിരുക്കുറൽ പയിൽവോം -തിരുക്കുറൽ അഭ്യാസ് കരേൻ" എന്ന പ്രമേയത്തിൽ 2026 നവംബർ 28 മുതൽ ഡിസംബർ 12 വരെ അഞ്ചാമത് കാശി തമിഴ് സംഗമം സംഘടിപ്പിക്കുന്നു

പോസ്റ്റഡ് ഓണ്‍: 22 OCT 2026 2:24PM by PIB Thiruvananthpuram
2026 നവംബർ 28 മുതൽ ഡിസംബർ 12 വരെ നടത്താൻ നിശ്ചയിച്ച 'കാശി തമിഴ് സംഗമം അഞ്ചാം പതിപ്പിന്റെ (KTS 5.0) രജിസ്‌ട്രേഷൻ പോർട്ടൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. പ്രഹ്ലാദ് ജോഷി ഇന്ന് ഉദ്ഘാടനം ചെയ്തു. പുരാതന വിജ്ഞാന കേന്ദ്രങ്ങളായ തമിഴ്നാടും കാശിയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക ബന്ധങ്ങളെ കൊണ്ടാടുന്നതിനും, അവയെ ഊട്ടിയുറപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ഈ പരിപാടി, 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തിന്റെ ചൈതന്യത്തെ ശാക്തീകരിക്കുന്നു.
 


 
ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെ, പുരാതന കാലം മുതൽക്കേ ഈ രാജ്യത്തിന് ശക്തമായ സാംസ്‌കാരിക ഐക്യമുണ്ടെന്ന് ശ്രീ. പ്രഹ്ലാദ് ജോഷി പറഞ്ഞു. മതപരമായ ആചാരങ്ങളുടെ ഭാഗമായി പലരും കാശിയിലേക്കും രാമേശ്വരത്തേക്കും യാത്ര ചെയ്തിരുന്നുവെന്നും, ഇത് ഇന്ത്യയുടെ ഉത്തര, ദക്ഷിണ ഭാഗങ്ങൾ തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സാംസ്‌കാരിക ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 


 
വിദ്യാർത്ഥികൾ, അധ്യാപകർ, എഴുത്തുകാർ, വിവിധ മേഖലകളിലെ വിദഗ്ധർ, കർഷകർ, കലാകാരന്മാർ, സ്ത്രീകൾ, ആത്മീയ പണ്ഡിതർ എന്നിവരെ ഈ പരിപാടി ഒന്നിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 'കാശി തമിഴ് സംഗമ'ത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക വിദ്യാഭ്യാസ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയുടെ പൊതുവായ നാഗരിക പൈതൃകം ആഘോഷിക്കുന്നതിലും 'കാശി തമിഴ് സംഗമം' സുപ്രധാന പങ്കുവഹിച്ചുവെന്ന് കേന്ദ്രമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.

പ്രഥമ 'കാശി തമിഴ് സംഗമം' 2022-ലാണ് നടന്നത്. കഴിഞ്ഞ നാല് പതിപ്പുകളിലൂടെ, ഈ രണ്ട് മേഖലകളും തമ്മിൽ അറിവ്, ഭാഷ, പാരമ്പര്യങ്ങൾ, ജീവിതാനുഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള അർത്ഥവത്തായ വിനിമയങ്ങൾക്ക് ഇത് വഴിയൊരുക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐ.ഐ.ടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു), ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (സി.ഐ.സി.ടി), ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. അതോടൊപ്പം സാംസ്‌കാരികം, റെയിൽവേ, സ്‌കൂൾ വിദ്യാഭ്യാസം, വിനോദസഞ്ചാരം, ടെക്‌സ്‌റ്റൈൽസ്, ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾ, വാർത്താവിതരണ പ്രക്ഷേപണം, നൈപുണ്യ വികസനവും സംരംഭകത്വവും തുടങ്ങിയ കേന്ദ്ര സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും പരിപാടിയോട് സഹകരിക്കുന്നു.

2026-ലെ പ്രമേയം: ''തിരുക്കുറൽ പയിൽവോം -തിരുക്കുറൽ അഭ്യാസ് കരേൻ''

''തിരുക്കുറൽ പയിൽവോം - തിരുക്കുറൽ അഭ്യാസ് കരേൻ (തിരുക്കുറൽ പഠിക്കാം)'' എന്നതാണ് കാശി തമിഴ് സംഗമം അഞ്ചാം പതിപ്പിന്റെ പ്രമേയം. തമിഴ് ക്ലാസിക്കൽ കൃതിയായ 'തിരുക്കുറളി'ലെ കാലാതീതമായ ധാർമികവും നൈതികവുമായ ജ്ഞാനത്തെ, രാജ്യത്തുടനീളമുള്ള യുവാക്കളിലേക്കും പഠിതാക്കളിലേക്കും എത്തിക്കുക എന്നതാണ് ഈ അഞ്ചാം പതിപ്പ് ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസപരമായ ഇടപെടലുകൾ, ബഹുഭാഷാപരമായ വിഭവങ്ങൾ, വിപുലമായ പൊതുജന സമ്പർക്ക പരിപാടികൾ എന്നിവയിലൂടെ, ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്ന സാർവത്രിക മൂല്യങ്ങൾ വായിച്ചറിയാനും മനസ്സിലാക്കാനും, അവ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാനും പ്രോത്സാഹിപ്പിക്കുന്നതിന് ഈ പരിപാടി ലക്ഷ്യമിടുന്നു.

പങ്കാളിത്തവും യാത്രാപദ്ധതിയും

ഈ പരിപാടിയുടെ ഭാഗമായി, ഇതിൽ പങ്കെടുക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഏകദേശം 1,400 പേരെ ഇരുന്നൂറോളം പേർ വീതമുള്ള ഏഴ് സംഘങ്ങളായി തിരിച്ചിരിക്കുന്നു. എട്ടു ദിവസം നീളുന്ന പര്യടനത്തിൽ നാലു ദിവസം യാത്രയ്ക്കും, ബാക്കി നാലു ദിവസം സന്ദർശനങ്ങൾക്കും ചിട്ടയായ പരിപാടികൾക്കുമായി നീക്കിവച്ചിരിക്കുന്നു. ഈ യാത്രാപദ്ധതിയിൽ വാരണാസി, പ്രയാഗ്രാജ്, അയോധ്യ എന്നിവ ഉൾപ്പെടുന്നു; സാംസ്‌കാരികവും അക്കാദമികവും വിഷയാധിഷ്ഠിതവും ആദ്ധ്യാത്മികവുമായ ഇടപെടലുകളും ഇതിന്റെ സവിശേഷതയായിരിക്കും. യുവജന പങ്കാളിത്തത്തിന് നൽകുന്ന ഊന്നൽ, ഇന്ത്യയുടെ ക്ലാസിക്കൽ വിജ്ഞാന പാരമ്പര്യങ്ങളുമായി അർത്ഥവത്തായ രീതിയിൽ ഇടപഴകാനും, അവയിലെ മൂല്യങ്ങളെ സമകാലിക അക്കാദമിക, ഔദ്യോഗിക, സാമൂഹിക ജീവിതത്തിലേക്ക് കൊണ്ടുവരാനും ഒരു പുതിയ തലമുറയെ പ്രാപ്തരാക്കും.

രജിസ്‌ട്രേഷൻ വിശദാംശങ്ങൾ:

താൽപ്പര്യമുള്ള അപേക്ഷകർക്ക്, 2026 ഒക്ടോബർ 22 മുതൽ ഐ.ഐ.ടി മദ്രാസ് ഒരുക്കിയിട്ടുള്ള https://kashitamil.iitm.ac.in/ എന്ന ഔദ്യോഗിക പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2026 നവംബർ 13 വരെ ഏഴ് വിഭാഗങ്ങളിലായി ഈ പോർട്ടലിലൂടെ അപേക്ഷകൾ സ്വീകരിക്കും: (1) വിദ്യാർത്ഥികൾ, (2) അധ്യാപകർ, (3) എഴുത്തുകാരും മാധ്യമപ്രവർത്തകരും, (4) കൃഷിയും അനുബന്ധ മേഖലകളും, (5) പ്രൊഫഷണലുകളും കരകൗശല വിദഗ്ധരും, (6) സ്ത്രീകൾ, (7) ആത്മീയ നേതാക്കൾ.

കെ.ടി.എസ് 5.0യ്ക്ക് കീഴിലുള്ള പ്രധാന സംരംഭങ്ങൾ

* വിവിധ അക്കാദമിക മേഖലകളിൽ നിന്നുള്ളവരും വ്യത്യസ്ത ഭാഷാ പശ്ചാത്തലമുള്ളവരുമായ വിദ്യാർത്ഥികൾക്കിടയിൽ 'തിരുക്കുറളി'നെക്കുറിച്ചുള്ള അവബോധം വിശാലമാക്കുന്നതിനായി, രാജ്യത്തുടനീളമുള്ള 1,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ഒരു 'ദേശവ്യാപക വിദ്യാർത്ഥി പങ്കാളിത്ത പരിപാടി' നടപ്പിലാക്കും. തിരുക്കുറളിലെ തത്വങ്ങളും മൂല്യങ്ങളും കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിനായുള്ള ചിട്ടയായ പഠനം, ഗവേഷണം, കാമ്പസ് അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ www.kts.cict.in എന്ന പോർട്ടലിൽ ലഭ്യമാണ്.

*  തമിഴ്നാട്ടിൽ നിന്നുള്ള തിരുക്കുറൾ വിദഗ്ധർ വാരണാസിയിലെ വിവിധ സ്‌കൂളുകളും കോളേജുകളും സന്ദർശിക്കുകയും, ഓറിയന്റേഷൻ മൊഡ്യൂളുകൾ, സംവാദാത്മക സെഷനുകൾ, പ്രശ്‌നോത്തരികൾ തുടങ്ങിയവയിലൂടെ ഈ ഗ്രന്ഥത്തിലെ അടിസ്ഥാന മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്യും. രാഷ്ട്രീയ ഇ-പുസ്തകാലയയുടെ സഹകരണത്തോടെ നാഷണൽ ബുക്ക് ട്രസ്റ്റ്, വാരണാസിയിലെ സ്‌കൂളുകളിൽ വായനാശീലങ്ങൾ, കഥാഖ്യാനം, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദാത്മക സെഷനുകൾ സംഘടിപ്പിക്കും.

* ഇന്ത്യയിലുടനീളമുള്ള കൂടുതൽ ആളുകളിലേക്ക് തിരുക്കുറളിലെ ആശയങ്ങൾ എത്തിക്കുന്നതിനായി കെ.ടി.എസ് 5.0, സാങ്കേതികവിദ്യയുടെ സാധ്യതകളെയും പ്രയോജനപ്പെടുത്തും.

തമിഴ്നാട്ടിൽ നിന്നുള്ള അർഹരായ അപേക്ഷകരെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാർത്ഥികളെയും, 'കാശി തമിഴ് സംഗമം 5.0'-ൽ രജിസ്റ്റർ ചെയ്യാനും, ഇന്ത്യയുടെ സാംസ്‌കാരിക ഏകത, ഭാഷാപരമായ വൈവിധ്യം, പൊതുവായ നാഗരിക പൈതൃകം എന്നിവയുടെ ഈ ആഘോഷത്തിൽ പങ്കുചേരാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ക്ഷണിക്കുന്നു.
 
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
 

Detail

Information

Registration Portal

https://kashitamil.iitm.ac.in/

Registration Starts on Portal

22 October 2026

Last Date for Registration

13 November 2026

Programme Dates

28 November – 12 December 2026

Location

Varanasi, Prayagraj, Ayodhya

Theme

“Thirukkural Payilvom – Thirukkural Abhyas Karen”

Number of Participants

Around 1,400 (7 groups of ~200 each)

 
*****

( റിലീസ് ഐ.ഡി: 2326660) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Kannada , Assamese , English , Urdu , Marathi , Gujarati , Tamil