ധനകാര്യ മന്ത്രാലയം
IDBI-യിലെ സർക്കാർ ഓഹരി പങ്കാളിത്തം സംബന്ധിച്ച നിയമനിർമ്മാണ നടപടികളിൽ വ്യക്തത വരുത്തി കേന്ദ്ര ഗവണ്മെന്റ്
പോസ്റ്റഡ് ഓണ്:
17 OCT 2026 7:41AM by PIB Thiruvananthpuram
IDBI-യിലെ ഗവണ്മെന്റിന്റെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് 2003-ലുണ്ടായ നിയമനിർമ്മാണ നടപടികളെ പരാമർശിച്ച് ചില മാധ്യമ വാർത്തകളും അഭിപ്രായങ്ങളും പുറത്തുവന്നിട്ടുണ്ട്. 2003-ലെ കേന്ദ്ര ബജറ്റ് ചർച്ചകളിലും IDBI (റദ്ദാക്കൽ) നിയമം 2003 സംബന്ധിച്ച പാർലമെന്റ് ചർച്ചയിലും ഗവണ്മെന്റിന്റെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഭേദഗതി അവതരിപ്പിച്ചിരുന്നെങ്കിലും അത് ഒടുവിൽ നിരസിക്കപ്പെടുകയായിരുന്നുവെന്നും അതിനാൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭാഗമായിട്ടില്ലെന്നും കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി.
ഈ വിഷയം പിന്നീട് ഓൾ ഇന്ത്യ IDBI ഓഫീസേഴ്സ് അസോസിയേഷൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ ആന്റ് അദേഴ്സ് കേസിൽ ദില്ലി ഹൈക്കോടതി വിശദമായി പരിശോധിക്കുകയും 2018 ഡിസംബർ 17-ന് വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഹർജി തള്ളിക്കൊണ്ട് വിധിന്യായത്തിലെ 41, 42 ഖണ്ഡികകളിൽ കോടതി വ്യക്തമാക്കിയത് ഇപ്രകാരമാണ്:
ഖണ്ഡിക 41:
"ഒരു നിയമനിർമ്മാണ നടപടിയുമായി ബന്ധപ്പെട്ട് ഏതാണ്ട് 15 വർഷങ്ങൾക്ക് മുന്പ് സഭയിൽ നടന്ന ചർച്ചകളിൽ പറഞ്ഞ കാര്യങ്ങൾ IDBI ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിൽ നിന്ന് കേന്ദ്ര ഗവണ്മെന്റിനെ തടയുന്ന ഒന്നല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ചർച്ചകൾക്ക് ശേഷം പാർലമെന്റ് പാസാക്കിയ നിയമത്തിൽ നിർദിഷ്ട ഭേദഗതി ഉൾപ്പെടുത്തിയിരുന്നില്ല എന്നത് തർക്കരഹിതമായ വസ്തുതയാണ്. സഭയിൽ പറഞ്ഞ കാര്യങ്ങൾക്ക് പാർലമെന്റ് പാസാക്കിയ നിയമത്തിന് പകരമാവാനോ അതിനെ മറികടക്കാനോ സാധിക്കില്ല. നിർദിഷ്ട വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്താതിരുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പാർലമെന്റിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. 'പ്രോമിസറി എസ്റ്റോപ്പൽ' (വാഗ്ദാന പാലന ബാധ്യത) തത്വം ഇവിടെ പൂർണമായും അപ്രസക്തമാണ്. പാർലമെന്റിൽ നടത്തിയ പ്രസ്താവനകൾ ജീവനക്കാർക്ക് നൽകിയ വാഗ്ദാനമായിരുന്നെന്നും അതില് വിശ്വസിച്ച് പ്രവർത്തിച്ചതിലൂടെ അവർക്ക് ദോഷം സംഭവിച്ചുവെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. നിയമനിർമ്മാണത്തിന്റെ (IDBI റദ്ദാക്കൽ നിയമം, 2003) പശ്ചാത്തലത്തിലായിരുന്നു സഭയിൽ ആ പ്രസ്താവനകൾ നടത്തിയത്. നിയമവ്യാഖ്യാനത്തിന്റെ സ്ഥാപിത തത്വങ്ങൾക്ക് അനുസൃതമായി മാത്രമേ പ്രസ്തുത നിയമം വ്യാഖ്യാനിക്കേണ്ടതുള്ളൂ."
ഖണ്ഡിക 42:
"IDBI റദ്ദാക്കൽ നിയമം 2003-ന്റെ ഭാഷയിൽ യാതൊരു അവ്യക്തതയുമില്ല. IDBI ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിൽ നിന്നോ ഓഹരി വിറ്റഴിക്കുന്നതിൽ നിന്നോ ഗവണ്മെന്റിനെ വിലക്കുന്ന യാതൊരു വ്യവസ്ഥയും പ്രസ്തുത നിയമനിർമ്മാണത്തിൽ വായിച്ചെടുക്കാനാവില്ല."
ഗവണ്മെന്റിന്റെ ഓഹരി പങ്കാളിത്തം കുറയ്ക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഉയർത്തിയ 'പ്രോമിസറി എസ്റ്റോപ്പൽ' തത്വത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നു എന്നതിനാൽ മേൽപ്പറഞ്ഞ വിധി അതീവ പ്രാധാന്യമർഹിക്കുന്നതാണ്. IDBI ലിമിറ്റഡിലെ ഓഹരി കുറയ്ക്കുന്നതിൽ നിന്നോ വിറ്റഴിക്കുന്നതിൽ നിന്നോ ഗവണ്മെന്റിനെ തടയാൻ ഈ തത്വം പ്രയോഗിക്കാനാവില്ലെന്ന് വിധി വ്യക്തമാക്കുന്നു.
IDBI ബാങ്കിന്റെ പുനഃസംഘടനയും തന്ത്രപ്രധാന ഓഹരി വിറ്റഴിക്കലും സംബന്ധിച്ച ഗവണ്മെന്റ് നയം പാർലമെന്റിലെ തുടർച്ചയായ കേന്ദ്ര ബജറ്റ് പ്രസംഗങ്ങളിൽ ആവർത്തിച്ചതാണ്.
കേന്ദ്ര ബജറ്റ് 2016–17 — അന്നത്തെ ധനമന്ത്രി ശ്രീ അരുൺ ജെയ്റ്റ്ലിയുടെ പ്രസംഗം (ഖണ്ഡിക 93):
"നമ്മുടെ പൊതുമേഖലാ ബാങ്കുകൾ ശക്തവും മത്സരക്ഷമതയാര്ന്നതുമായി മാറേണ്ടതുണ്ട്. ബാങ്ക് ബോർഡ് ബ്യൂറോ 2016-17 കാലയളവിൽ പ്രവർത്തനക്ഷമമാക്കുകയും പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണ രൂപരേഖ വ്യക്തമാക്കുകയും ചെയ്യും. IDBI ബാങ്കിന്റെ പരിവർത്തന പ്രക്രിയ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഗവണ്മെന്റ് ഇത് മുന്നോട്ട് കൊണ്ടുപോകുകയും ഓഹരി പങ്കാളിത്തം 50 ശതമാനത്തിൽ താഴെയായി കുറയ്ക്കാനുള്ള സാധ്യത പരിഗണിക്കുകയും ചെയ്യും."
കേന്ദ്ര ബജറ്റ് 2021–22 — അന്നത്തെ ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ പ്രസംഗം (ഖണ്ഡിക 84):
"കോവിഡ്-19 വെല്ലുവിളികൾക്കിടയിലും തന്ത്രപ്രധാന ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട നടപടികളുമായി ഗവണ്മെന്റ് മുന്നോട്ട് പോയിട്ടുണ്ട്. BPCL, എയർ ഇന്ത്യ, ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, IDBI ബാങ്ക്, BEML, പവൻ ഹൻസ്, നീലാചൽ ഇസ്പാത് നിഗം ലിമിറ്റഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ 2021-22-ൽ പൂർത്തിയാക്കും. IDBI ബാങ്കിന് പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയുടെയും സ്വകാര്യവൽക്കരണ നടപടികൾ 2021-22-ൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് നിയമനിർമ്മാണ ഭേദഗതികൾ ആവശ്യമാണ്; ഈ സമ്മേളനത്തിൽ തന്നെ ഈ ഭേദഗതികൾ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്."
IDBI (റദ്ദാക്കൽ) നിയമം 2003-ന്റെ നിയമനിർമ്മാണ ചരിത്രം, ബഹു. ദില്ലി ഹൈക്കോടതിയുടെ സുപ്രധാന വിധിന്യായം, തുടർച്ചയായ കേന്ദ്ര ബജറ്റ് പ്രസംഗങ്ങൾ എന്നിവയെല്ലാം IDBI ബാങ്കിന്റെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കലിലേക്കുള്ള ഗവണ്മെന്റിന്റെ നയപരമായ പരിണാമം വ്യക്തമാക്കുന്നു. പാർലമെന്റ് ചർച്ചകളിലെ പ്രസ്താവനകളെ അടിസ്ഥാനമാക്കി IDBI ബാങ്ക് ലിമിറ്റഡിലെ ഗവണ്മെന്റിന്റെ ഓഹരി പങ്കാളിത്തം കുറയ്ക്കാനുള്ള അധികാരത്തെ തടയാൻ 'പ്രോമിസറി എസ്റ്റോപ്പൽ' തത്വം പ്രയോഗിക്കാനാവില്ലെന്ന് 2018 ഡിസംബർ 17-ലെ കോടതി വിധി സംശയരഹിതമായി പ്രസ്താവിക്കുന്നുണ്ട്. പാർലമെന്റ് പാസാക്കിയ നിയമത്തിൽ IDBI ബാങ്ക് ലിമിറ്റഡിലെ ഗവണ്മെന്റ് ഓഹരി കുറയ്ക്കുന്നതിന് യാതൊരു വിലക്കുമില്ലെന്നും കോടതി വിധിയിൽ അസന്നിഗ്ധമായി വ്യക്തമാക്കുന്നു.
****
( റിലീസ് ഐ.ഡി: 2324648)
സന്ദര്ശക കൗണ്ടര് : 8