മന്ത്രിസഭ
azadi ka amrit mahotsav

ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ തന്ത്രപരമായ പുനഃസംഘടനയ്ക്ക് ​ഗവൺമെൻ്റ് അംഗീകാരം നൽകി

പോസ്റ്റഡ് ഓണ്‍: 14 OCT 2026 6:30PM by PIB Thiruvananthpuram

ഐഡിബിഐ ബാങ്ക് ലിമിറ്റഡ് (IDBI Bank Ltd.), റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിയന്ത്രണത്തിലുള്ള ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കാണ്. ബാങ്കിന്റെ മോശം സാമ്പത്തിക സ്ഥിതി കാരണം, തുടക്കത്തിൽ കേന്ദ്ര ​ഗവൺമെൻ്റും പിന്നീട് എൽ.ഐ.സി.യും (LIC) ബാങ്കിലേക്ക് ആവർത്തിച്ച് മൂലധനം നിക്ഷേപിക്കേണ്ടിവന്നു. കിട്ടാക്കടങ്ങളും (NPAs) ബാങ്കിനുണ്ടായ നഷ്ടങ്ങളും കണക്കിലെടുത്ത്, 2017 മേയ് 5-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐഡിബിഐ ബാങ്കിനെ 'പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ' ചട്ടക്കൂടിന് കീഴിലാക്കുകയും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ബാങ്കിന്റെ സാമ്പത്തിക നിലയിലുണ്ടായ പുരോഗതി വിലയിരുത്തിയ ശേഷം, ചില നിബന്ധനകൾക്കും തുടർച്ചയായ നിരീക്ഷണത്തിനും വിധേയമായി, 2021 മാർച്ച് 10-ലെ കത്ത് മുഖേന ആർ.ബി.ഐ. ഐഡിബിഐ ബാങ്കിന്മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.

ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ തന്ത്രപരമായ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകിയത്. ഇതനുസരിച്ച്, ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ ആകെ ഓഹരി പങ്കാളിത്തത്തിന്റെ 60.72% ഒരു സ്ട്രാറ്റജിക് ബയർക്ക് വിൽക്കാൻ തീരുമാനിച്ചു. ഇതിൽ ഇന്ത്യാ ​ഗവൺമെൻ്റിൻ്റെ  ഓഹരി 30.48 ശതമാനവും എൽ.ഐ.സി.യുടെ  ഓഹരി 30.24 ശതമാനവുമായിരിക്കും. ശേഷിക്കുന്ന ഓഹരികളിൽ 15% ഇന്ത്യാ ഗവൺമെൻ്റിന്റെയും 19% എൽ.ഐ.സി.യുടെയും കൈവശം തുടരും.

സിസിഇഎ-യുടെ (CCEA) തീരുമാനം, ഇന്റർ-മിനിസ്റ്റീരിയൽ ഗ്രൂപ്പ് (IMG), കോർ ഗ്രൂപ്പ് ഓഫ് സെക്രട്ടറീസ് ഓൺ ഡിസ്‌ഇൻവെസ്റ്റ്‌മെന്റ് (CGD), കേന്ദ്രമന്ത്രിമാരുടെ സംഘം അടങ്ങുന്ന ആൾട്ടർനേറ്റീവ് മെക്കാനിസം (AM) എന്നിവയുൾപ്പെടെയുള്ള ബഹുതല സംയുക്ത തീരുമാനമെടുക്കൽ സംവിധാനത്തിന്റെ പിന്തുണയോടെ, രണ്ടു ഘട്ടങ്ങളായുള്ള മത്സരാധിഷ്ഠിത ലേല പ്രക്രിയ വഴി നടപ്പിലാക്കി.

താല്പര്യമുള്ള എല്ലാ വിഭാഗങ്ങളിൽ നിന്നും താല്പര്യപത്രം (EoI) ക്ഷണിച്ചുകൊണ്ടുള്ള പ്രാഥമിക വിവര പത്രം (PIM) 07.10.2022-ൽ പുറപ്പെടുവിച്ചു. ആർ.ബി.ഐ (RBI) 'ഫിറ്റ് ആൻഡ് പ്രോപ്പർ' എന്ന് കണ്ടെത്തുകയും ആഭ്യന്തര മന്ത്രാലയം (MHA) സുരക്ഷാ അനുമതി നൽകുകയും ചെയ്ത കക്ഷികൾക്ക് മാത്രമേ ലേല ഘട്ടത്തിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതിനായി യോഗ്യത നേടിയ താല്പര്യമുള്ള കക്ഷികളിൽ (QIPs) നിന്ന് സാങ്കേതിക, സാമ്പത്തിക ലേലങ്ങൾ ക്ഷണിച്ചുകൊണ്ട് പ്രൊപ്പോസൽ അഭ്യർത്ഥന (RFP) പുറപ്പെടുവിച്ചു. തുടക്കത്തിൽ താല്പര്യപത്രം സമർപ്പിച്ച അഞ്ച് കക്ഷികളിൽ, നാല് കക്ഷികൾ അതിൽ നിർദ്ദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾക്കും അയോഗ്യതാ വ്യവസ്ഥകൾക്കും അനുസൃതമായി യോഗ്യത നേടി. അതിൽ രണ്ട് കക്ഷികൾ അവസാനമായി തങ്ങളുടെ സാങ്കേതിക-സാമ്പത്തിക ലേലങ്ങൾ സമർപ്പിക്കുകയും ഈ ഇടപാടിനായുള്ള യോഗ്യതയുള്ള ലേലക്കാരായി (QBs) മാറുകയും ചെയ്തു.

സി.ജി.ഡി (CGD) നടത്തിയ സമഗ്രമായ മൂല്യനിർണ്ണയത്തിനും ആൾട്ടർനേറ്റീവ് മെക്കാനിസത്തിന്റെ (AM) ശുപാർശകൾ പരിഗണിച്ചതിനും ശേഷം, 14/10/2026-ൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി (CCEA) യോഗം, ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ (IDBI Bank Ltd) 60.72% ഓഹരികൾ വാങ്ങുന്നതിനായി മെസ്സേഴ്സ് 10955230 കാനഡ ഇൻകോർപ്പറേറ്റഡിനെ (മാതൃ കമ്പനി: മെസ്സേഴ്സ് ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ലിമിറ്റഡ്) ഈ ഇടപാടിലെ സ്ട്രാറ്റജിക് ബയറായി അംഗീകരിച്ചു. ഇന്ത്യാ ​ഗവൺമെൻ്റിൻ്റെ (GoI) കൈവശമുള്ള 30.48% ഇക്വിറ്റി ഓഹരികളും എൽ.ഐ.സി.യുടെ (LIC) കൈവശമുള്ള 30.24% ഇക്വിറ്റി ഓഹരികളും ഉൾപ്പെടുന്ന ഈ ഏറ്റെടുക്കലിനായി 52,878.0806181 കോടി രൂപയാണ് (അൻപത്തിരണ്ടായിരത്തി എണ്ണൂറ്റി എഴുപത്തിയെട്ട് കോടി എട്ട് ലക്ഷത്തി ആറായിരത്തി നൂറ്റി എൺപത്തി ഒന്ന് രൂപ മാത്രം) വാങ്ങൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്.

ഇത്തരം ഇടപാടുകളിൽ, ലേലം വിളിക്കുന്നതിന് മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡം ഉണ്ടായിരിക്കില്ല. ലേലക്കാർ സ്വന്തമായി മൂല്യനിർണ്ണയം നടത്തുകയും തങ്ങളുടെ ലേലത്തുകകൾ രഹസ്യമായി സീൽ ചെയ്ത കവറുകളിൽ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. സംരംഭത്തിന്റെ ന്യായമായ മൂല്യം നിർണയിക്കുന്നതിനായി സ്വതന്ത്ര ഏജൻസികളെ നിയോഗിക്കുന്നു. ഇത്തരത്തിൽ അതത് സമയത്ത് നിർണയിക്കുന്ന മൂല്യം, സമർപ്പിച്ച ബിഡുകളുടെ ന്യായയുക്തത വിലയിരുത്തുന്നതിനുള്ള താരതമ്യ മാനദണ്ഡമായി ഉപയോഗിക്കുന്നു.

ഈ ഇടപാടിന് കീഴിൽ, 2025-26 സാമ്പത്തിക വർഷത്തിലാണ് പ്രാഥമിക ലേലങ്ങൾ ക്ഷണിച്ചത്. താരതമ്യത്തിനായി, അക്കാലത്ത് ഓഹരിയൊന്നിന് 94.42 രൂപ കരുതൽ വില നിശ്ചയിച്ചിരുന്നു. വിപണി വില ഈ കരുതൽ വിലയെ നേരിട്ടും പരോക്ഷമായും സ്വാധീനിച്ചിരുന്നു. 07.10.2022-ൽ PIM/EoI പുറപ്പെടുവിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന വ്യാപാര ദിനത്തിൽ ഐഡിബിഐ ഓഹരിയുടെ സ്വാധീനിക്കപ്പെടാത്ത വില ഓഹരിയൊന്നിന് 42.40 രൂപയായിരുന്നു എന്നതൊഴിച്ചാൽ, വിപണിയിലെ സ്വാധീനങ്ങളില്ലാത്ത സാഹചര്യത്തിൽ ഓഹരിക്ക് ഉണ്ടാകുമായിരുന്ന വില അന്ന് വ്യക്തമായിരുന്നില്ല. ഇതിനുനേരെ വിപരീതമായി, 08.01.2026-ൽ പ്രാഥമിക ലേലങ്ങൾ ക്ഷണിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന വ്യാപാര ദിനത്തിൽ സ്വാധീനിക്കപ്പെട്ട വില ഓഹരിയൊന്നിന് 108.12 രൂപയായിരുന്നു. അന്ന് നിശ്ചയിച്ച കരുതൽ വിലയേക്കാൾ കുറവായിരുന്നു പ്രാഥമിക ലേലത്തുകകൾ എന്നതിനാൽ അവ അംഗീകരിക്കപ്പെട്ടില്ല. പ്രാഥമിക ലേലങ്ങൾ വിജയിച്ചില്ല എന്ന് വ്യക്തമായതോടെ, സ്വാധീനിക്കപ്പെട്ട ഓഹരി വിപണി വിലയിൽ തന്നെ തിരുത്തൽ സംഭവിക്കുകയും, കണ്ടെത്തിയ ലേലത്തുകയായ 75 രൂപയേക്കാൾ താഴേക്ക് ഗണ്യമായി ഇടിയുകയും ചെയ്തു.

തുടർന്ന്, സംയുക്ത തീരുമാനമെടുക്കൽ സംവിധാനത്തിൽ നിക്ഷിപ്തമാക്കിയതും നൽകിയിട്ടുള്ളതുമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടും, ഈ ഇടപാടിന്റെ മൂല്യം പരമാവധി വർദ്ധിപ്പിക്കുന്നതിനുമായി, 2026-27 സാമ്പത്തിക വർഷത്തിൽ യോഗ്യരായ ലേലക്കാരിൽ നിന്ന് അവരുടെ ഏറ്റവും മികച്ച ഓഫറുകൾ വ്യക്തമാക്കുന്ന സീൽ ചെയ്ത ലേലത്തുകകൾ ക്ഷണിച്ചു. 18.05.2026-ൽ മികച്ച ഓഫർ ലേലങ്ങൾ ക്ഷണിക്കുന്നതിന് തൊട്ടുമുമ്പുള്ള വ്യാപാര ദിനത്തിൽ ഐഡിബിഐ ഓഹരിയുടെ വില ഓഹരിയൊന്നിന് 70.38 രൂപയായിരുന്നു.

പരിമിതമായ തോതിൽ മാത്രം വ്യാപാരം നടന്ന IDBI ഓഹരിയുടെ വിപണിവിലയിൽ ചാഞ്ചാട്ടം തുടർന്നു. മൂല്യനിർണയ കാലയളവിൽ ഓഹരിയൊന്നിന് 118.38 രൂപ മുതൽ 61.01 രൂപ വരെ ഉയർന്നും താഴ്ന്നും വില മാറി. ഇത് സംരംഭത്തിന്റെ യഥാർഥ മൂല്യവുമായി പൊരുത്തപ്പെടാത്ത മൂല്യനിർണയത്തിന് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ, വിപണിവില പരിഗണിച്ചില്ല. ഇതിനുപകരം, ഈ പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും 2026 മാർച്ച് 31-ലെ ക്ലോസിംഗ് അക്കൗണ്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ ന്യായമായ വിപണി മൂല്യം നിർണ്ണയിക്കാൻ 'മാർക്കറ്റ് മൾട്ടിപ്പിൾ രീതി' ഉപയോഗിച്ചുള്ള ആപേക്ഷിക മൂല്യനിർണ്ണയ രീതിയാണ് (Relative Valuation) അവലംബിച്ചത്. കൂടാതെ, ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ 2026 മാർച്ച് 31-ലെ ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം സ്ഥാപനത്തിന്റെ ന്യായമായ അറ്റ ആസ്തി മൂല്യം നിർണ്ണയിക്കുന്നതിനായി, ബാധ്യതകൾക്കൊപ്പം ഭൂമിയും സ്വത്തുക്കളും ഉൾപ്പെടെയുള്ള ദൃശ്യവും അദൃശ്യവുമായ ആസ്തികളെ കണക്കിലെടുക്കുന്ന 'ആസ്തി മൂല്യനിർണ്ണയ രീതിയും' ഉപയോഗിച്ചു.

അതനുസരിച്ച്, മുകളിൽ വിശദീകരിച്ച രണ്ട് വ്യത്യസ്ത രീതികൾ ഉപയോഗിച്ച് രണ്ട് പ്രൊഫഷണൽ മൂല്യനിർണയ ഏജൻസികൾ സംരംഭത്തിന്റെ ന്യായമായ മൂല്യം നിർണയിച്ചു. ഈ മൂല്യനിർണയങ്ങളുടെ ശരാശരി ഓഹരിയൊന്നിന് 75.99 രൂപയായിരുന്നു. യോഗ്യത നേടിയ ബിഡുകൾ വിലയിരുത്തുന്നതിനുള്ള മാനദണ്ഡവിലയായി ഇത് സ്വീകരിച്ചു. വിജയിച്ച ഏറ്റവും മികച്ച ഓഫർ ലേലത്തുകയായ ഓഹരിയൊന്നിന് 81 രൂപയായിരുന്നു. ഇത് മാനദണ്ഡവിലയേക്കാളും രണ്ട് സ്വതന്ത്ര മൂല്യനിർണയ ഏജൻസികളും കണക്കാക്കിയ ന്യായമായ മൂല്യത്തേക്കാളും കൂടുതലായിരുന്നതിനാൽ, ഈ ഓഫർ ന്യായയുക്തമാണെന്ന് വിലയിരുത്തി അംഗീകരിച്ചു.

EoI ഘട്ടത്തിൽ നടത്തിയ ഫിറ്റ് ആൻഡ് പ്രോപ്പർ (Fit and Proper) വിലയിരുത്തലിന് അനുസൃതമായി, വിജയിച്ച ബിഡ്ഡർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മുമ്പാകെ യോഗ്യതാ രേഖകൾ ഹാജരാക്കുകയും അതിൽ നിർദേശിച്ചിട്ടുള്ള നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള കർമ്മപദ്ധതി സമർപ്പിക്കുകയും വേണം. ഈ നടപടികൾ പൂർത്തിയാകുന്നതോടെ, രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായി (FDI) ഇത് മാറും.

ഐഡിബിഐ ബാങ്ക് ലിമിറ്റഡിലെ ഇന്ത്യാ ​ഗവൺമെൻ്റിൻ്റെ ശേഷിക്കുന്ന ഓഹരി (ആകെ ഓഹരി പങ്കാളിത്തത്തിന്റെ 15%) നിശ്ചിത പ്രവർത്തന നടപടിക്രമങ്ങൾക്കനുസൃതമായി ഓപ്പൺ മാർക്കറ്റിലൂടെ വിറ്റഴിക്കാനുള്ള അധികാരവും മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി (CCEA) ആൾട്ടർനേറ്റീവ് മെക്കാനിസത്തിന് (Alternative Mechanism) നൽകിയിട്ടുണ്ട്. റെഗുലേറ്റർമാരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (LIC) അതിന്റെ ആഭ്യന്തര നടപടിക്രമങ്ങൾക്കനുസൃതമായി ശേഷിക്കുന്ന ഓഹരികൾ കൈകാര്യം ചെയ്യാവുന്നതാണ്.

Read FAQs at: https://www.pib.gov.in/PressReleasePage.aspx?PRID=2323320&v=7®=48&lang=2

***

NK


( റിലീസ് ഐ.ഡി: 2323678) സന്ദര്‍ശക കൗണ്ടര്‍ : 6