സഹകരണ മന്ത്രാലയം
സുതാര്യത, ഉത്തരവാദിത്വം, സദ്ഭരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ബഹു-സംസ്ഥാന സഹകരണ സംഘങ്ങള്ക്ക് പുതിയ ഓഡിറ്റ് റിപ്പോര്ട്ടിംഗ് ചട്ടക്കൂട് നിര്ബന്ധമാക്കി കേന്ദ്ര സഹകരണ മന്ത്രാലയം
പോസ്റ്റഡ് ഓണ്:
14 OCT 2026 4:47PM by PIB Thiruvananthpuram
'സഹകരണത്തിലൂടെ സമൃദ്ധി' എന്ന കാഴ്ചപ്പാടോടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മാര്ഗനിര്ദേശത്തിലും കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ. അമിത് ഷായുടെ നേതൃത്വത്തിലും സഹകരണ മന്ത്രാലയം സുതാര്യവും ഉത്തരവാദിത്വമുള്ളതും സാമ്പത്തികമായി ശക്തവും പ്രൊഫഷണല് സജ്ജവുമായി സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. ഇതിന്റെ തുടര്ച്ചയായി, മള്ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളില് (MSCS) സുതാര്യത, ഉത്തരവാദിത്വം, സാമ്പത്തിക അച്ചടക്കം, സദ്ഭരണം എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മള്ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങള് (ഓഡിറ്ററുടെ റിപ്പോര്ട്ട്) ഉത്തരവ്, 2026 (MSCARO, 2026) സഹകരണ മന്ത്രാലയം നിര്ബന്ധമാക്കിയിരിക്കുകയാണ്. സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ താല്പ്പര്യങ്ങള് സംരക്ഷിക്കുന്നതിനൊപ്പം കൂടുതല് സുതാര്യവും പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നതും ഉത്തരവാദിത്വമുള്ളതുമായ സഹകരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്.
2023-ലെ മള്ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങള് (ഭേദഗതി) നിയമത്തിലെ വകുപ്പ് 73 (6) പ്രകാരം, മള്ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങള്ക്കായി ഓഡിറ്റിംഗ്, അക്കൗണ്ടിംഗ് മാനദണ്ഡങ്ങള് നിര്ദേശിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റിന് അധികാരം നല്കിയിട്ടുണ്ട്. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI), ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI), ഇന്ത്യയുടെ കണ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല് (CAG), മള്ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങള് എന്നിവരില് നിന്ന് ലഭിച്ച നിര്ദേശങ്ങളുടെ അടിസ്ഥാനത്തില് സഹകരണ മന്ത്രാലയം MSCARO, 2026 രൂപീകരിച്ചു.
കോര്പ്പറേറ്റ് മേഖലയ്ക്ക് ബാധകമായ കമ്പനീസ് (ഓഡിറ്ററുടെ റിപ്പോര്ട്ട്) നിയമത്തിന്റെ (CARO) മാതൃകയില് രൂപപ്പെടുത്തിയ MSCARO, മള്ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിയമാനുസൃത ഓഡിറ്റ് റിപ്പോര്ട്ടിംഗിനായി ഏകീകൃതവും ഘടനാപരവും അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കാന് ലക്ഷ്യമിടുന്നു. ഈ നിര്ബന്ധിത ചട്ടക്കൂടിനു കീഴില്, സാമ്പത്തികം, ഭരണനിര്വഹണം, സദ്ഭരണം, നിയമനിര്വഹണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങളെക്കുറിച്ച് ഓഡിറ്റര്മാര് നിശ്ചിത മാതൃകയിലുള്ള ഫോര്മാറ്റില് റിപ്പോര്ട്ട് ചെയ്യേണ്ടതുണ്ട്. ഇതില് 'അതെ/ഇല്ല' (Yes/No) പോലെയുള്ള വ്യക്തമായ മറുപടികളും പ്രസക്തമായ വിശദീകരണങ്ങളും ഉള്പ്പെടും. ഇത് ഓഡിറ്റ് റിപ്പോര്ട്ടിംഗില് ഏകീകരണം വര്ധിപ്പിക്കുകയും ക്രമക്കേടുകള് കണ്ടെത്തുന്നത് എളുപ്പമാക്കുകയും നിയന്ത്രണ ചട്ടങ്ങള് ശക്തിപ്പെടുത്തുകയും ചെയ്യും.
അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ മേല്നോട്ടം അവതരിപ്പിക്കുന്നതാണ് ഈ നിര്ബന്ധിത ചട്ടക്കൂടിന്റെ പ്രധാന സവിശേഷത. ഓഡിറ്റ് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില് ഉയര്ന്ന സാമ്പത്തിക അല്ലെങ്കില് ഭരണപരമായ അപകടസാധ്യതകള് നിലനില്ക്കുന്ന സഹകരണ സംഘങ്ങളെ തിരിച്ചറിയാന് സെന്ട്രല് രജിസ്ട്രാര് ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന് (CRCS) ഇതിലൂടെ കഴിയും. കൂടുതല് ലക്ഷ്യബോധത്തോടെയുള്ള പരിശോധനകള്, അന്വേഷണങ്ങള്, നിയന്ത്രണപരമായ ഇടപെടലുകള് എന്നിവ നടത്താന് ഇത് സഹായിക്കും. അതുവഴി ഫലപ്രാപ്തി മെച്ചപ്പെടുത്താനും സമയബന്ധിതമായ തിരുത്തല് നടപടികള് ഉറപ്പാക്കാനും സാധിക്കും.
നിഷ്ക്രിയ ആസ്തികള് (NPAs), കുടിശ്ശികയുള്ള വായ്പകള്, പണലഭ്യതാ സ്ഥിതി, നിക്ഷേപങ്ങള്, മുന്കൂര് വായ്പകള്, തിരിച്ചടവ് വീഴ്ചകള്, കടമെടുപ്പുകള് എന്നിവയെക്കുറിച്ചുള്ള ചിട്ടയായ റിപ്പോര്ട്ടിംഗിലൂടെ സാമ്പത്തിക പ്രതിസന്ധികള് നേരത്തേ തിരിച്ചറിയുന്നതിനും ഈ ചട്ടക്കൂട് സഹായിക്കും. ഇത്തരം വെളിപ്പെടുത്തലുകള് ഉയര്ന്നുവരുന്ന സാമ്പത്തികമായ ബലഹീനത കണ്ടെത്താന് സഹായിക്കുകയും അവ ഗുരുതര സാമ്പത്തിക/പ്രവര്ത്തനപര പ്രശ്നങ്ങളായി മാറുന്നതിനു മുമ്പ് സമയബന്ധിതമായ പരിഹാര നടപടികള് സ്വീകരിക്കാന് അവസരമൊരുക്കുകയും ചെയ്യും.
അംഗങ്ങളുടെ ഫണ്ടുകളും സാമ്പത്തിക താല്പ്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ് MSCARO, 2026-ന്റെ മറ്റൊരു പ്രധാന ലക്ഷ്യം. നിക്ഷേപങ്ങള്, ഫണ്ടുകളുടെ വിനിയോഗം, ഓഹരി മൂലധനം, അംഗത്വ രേഖകള്, ബന്ധപ്പെട്ട നിയമപരമായ അംഗീകാരങ്ങള് എന്നിവ സ്വതന്ത്രമായി പരിശോധിക്കാന് ഈ നിര്ബന്ധിത ഓഡിറ്റ് വ്യവസ്ഥകള് സഹായിക്കും. സാമ്പത്തിക ഇടപാടുകളുടെയും സഹകരണ വിഭവങ്ങളുടെ വിനിയോഗത്തിന്റെയും സൂക്ഷ്മപരിശോധന പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സാമ്പത്തിക സത്യസന്ധതയും സഹകരണ സ്ഥാപനങ്ങളിന്മേല് അംഗങ്ങളുടെ വിശ്വാസവും ശക്തിപ്പെടുത്താനാണ് ഈ ചട്ടക്കൂട് ലക്ഷ്യമിടുന്നത്.
സദ്ഭരണവും സ്ഥാപനപരമായ ഉത്തരവാദിത്വവും കൂടുതല് ശക്തിപ്പെടുത്തുന്നതിനായി, ഡയറക്ടര് ബോര്ഡുകളുടെ ഘടന, ഡയറക്ടര്മാരുടെ യോഗ്യതയും അയോഗ്യതയും, വാര്ഷിക പൊതുയോഗങ്ങളുടെയും ബോര്ഡ് യോഗങ്ങളുടെയും നടത്തിപ്പ്, നിയമപരമായ സമിതികളുടെ രൂപീകരണവും പ്രവര്ത്തനവും, ബന്ധപ്പെട്ട കക്ഷികളുമായുള്ള ഇടപാടുകള്, നിയമാനുസരണം എന്നിവ പതിവായി പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും ഈ ഉത്തരവില് ഉള്പ്പെടുത്തിയിട്ടുണ്ട്. സുതാര്യമായ തീരുമാനമെടുക്കല്, ജനാധിപത്യപരമായ പ്രവര്ത്തനം, നിയമപരമായ വ്യവസ്ഥകള് പാലിക്കല് എന്നിവ മള്ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളില് പ്രോത്സാഹിപ്പിക്കുകയാണ് ഈ വ്യവസ്ഥകളുടെ ലക്ഷ്യം.
ഏകീകൃത രൂപത്തിലുള്ള ഓഡിറ്റ് വിവരങ്ങള് CRCS പോര്ട്ടലുമായി സംയോജിപ്പിക്കുന്നതിലൂടെ സാങ്കേതികവിദ്യാധിഷ്ഠിത നിയന്ത്രണ മേല്നോട്ടവും MSCARO വിഭാവനം ചെയ്യുന്നു. ഇത്തരം സംയോജനം ഓട്ടോമേറ്റഡ് പരിശോധനകള്, നിയന്ത്രണ ഡാഷ്ബോര്ഡുകള്, അപകടസാധ്യതാ സ്കോറിംഗ്, നിര്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങള് എന്നിവ സാധ്യമാക്കും. ഇതിലൂടെ കൂടുതല് കാര്യക്ഷമമായ നിരീക്ഷണം, നിയമാനുസരണത്തിലെ പോരായ്മകള് കണ്ടെത്തല്, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണ ഇടപെടലുകള് എന്നിവ സാധ്യമാക്കും.
ബാധകമായ സാഹചര്യങ്ങളില് സൈബര് സുരക്ഷയും കള്ളപ്പണം വെളുപ്പിക്കല് വിരുദ്ധ നിയമ പാലനവും ഓഡിറ്റ് തലത്തില് പരിശോധിക്കുന്നതിനും ഈ ചട്ടക്കൂട് വ്യവസ്ഥ ചെയ്യുന്നു. സൈബര് സുരക്ഷാ സംവിധാനങ്ങള്, സംശയാസ്പദമായ ഇടപാടുകളുടെ റിപ്പോര്ട്ടിംഗ്, ഉപഭോക്തൃ തിരിച്ചറിയല് ആവശ്യകതകള്, കള്ളപ്പണം വെളുപ്പിക്കല് തടയല് നിയമം (PMLA) പ്രകാരം നിയുക്ത ഡയറക്ടര്മാരെയും പ്രിന്സിപ്പല് ഓഫീസര്മാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമാനുസരണം എന്നിവയുടെ പരിശോധനയും ഇതില് ഉള്പ്പെടുന്നു. സാമ്പത്തിക ക്രമക്കേടുകള്, സൈബര് അപകടസാധ്യതകള്, നിയമാനുസരണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങള് എന്നിവയ്ക്കെതിരെ സ്ഥാപനപരമായ സുരക്ഷാ സംവിധാനങ്ങള് ശക്തിപ്പെടുത്താന് ഈ നടപടികള് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഭ്യന്തര സംവിധാനങ്ങളും നടപടിക്രമങ്ങളും നവീകരിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്ക്ക് മതിയായ സമയം നല്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, MSCARO, 2026 ഘട്ടംഘട്ടമായി നടപ്പിലാക്കാന് മന്ത്രാലയം നിര്ദ്ദേശിച്ചിട്ടുണ്ട്. നിശ്ചിത സാമ്പത്തിക മാനദണ്ഡങ്ങളില് നിശ്ചയിച്ചിട്ടുള്ള 50 കോടി രൂപ പരിധി കടക്കുന്ന മള്ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളിലേക്ക് ഈ ചട്ടക്കൂട് വ്യാപിപ്പിക്കുകയാണ് ദീര്ഘകാല ലക്ഷ്യം. ആദ്യഘട്ടത്തില് 1,000 കോടി രൂപ പരിധി പിന്നിടുന്ന വലിയ സഹകരണ സംഘങ്ങളെ ഉള്പ്പെടുത്തും. ഇതിലൂടെ മെച്ചപ്പെടുത്തിയ റിപ്പോര്ട്ടിംഗ് ആവശ്യകതകള് രൂപകല്പന ചെയ്ത് തയ്യാറെടുക്കുന്നതിന് ചെറിയ സ്ഥാപനങ്ങള്ക്ക് കൂടുതല് സമയം ലഭിക്കും.
ഏകീകൃത രൂപത്തിലുള്ള നിയമാനുസൃത ഓഡിറ്റ് റിപ്പോര്ട്ടിംഗും അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള മേല്നോട്ടവും സാങ്കേതികവിദ്യാധിഷ്ഠിത നിരീക്ഷണവും സംയോജിപ്പിക്കുന്നതിലൂടെ കൂടുതല് സുതാര്യവും പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നതും ഉത്തരവാദിത്വമുള്ളതുമായ സഹകരണ ആവാസവ്യവസ്ഥയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് MSCARO, 2026.
സ്ഥാപനങ്ങളുടെ വിശ്വാസ്യത ശക്തിപ്പെടുത്താനും അംഗങ്ങളുടെ താല്പ്പര്യങ്ങള് സംരക്ഷിക്കാനും 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന ദര്ശനം മുന്നോട്ടുകൊണ്ടുപോകാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
****
( റിലീസ് ഐ.ഡി: 2323510)
സന്ദര്ശക കൗണ്ടര് : 4