ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും ചികിത്സാ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര നിർദേശം
പോസ്റ്റഡ് ഓണ്‍:
12 OCT 2026 1:05PM by PIB Thiruvananthpuram
ക്ലിനിക്കൽ സ്ഥാപനങ്ങൾ ഈടാക്കുന്ന ചികിത്സാ നിരക്കുകളും ലഭ്യമായ സൗകര്യങ്ങളും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ചികിത്സാ രംഗത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനും രോഗീസൗഹൃദ സേവനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി.
നിലവിലെ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചികിത്സാ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വ്യക്തമായി കാണാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ രീതിയിൽ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കുന്നത്, പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവ് മുൻകൂട്ടി മനസിലാക്കാനും അനുയോജ്യമായ ചികിത്സാ തീരുമാനങ്ങളെടുക്കാനും ചെലവുകൾ ആസൂത്രണം ചെയ്യാനും രോഗികളെയും അവരുടെ കുടുംബങ്ങളയും സഹായിക്കുമെന്ന് ചികിത്സാ ചെലവുകളിലെ സുതാര്യതയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. സുതാര്യത ഉറപ്പാക്കുന്നത് ബില്ലിംഗുമായി ബന്ധപ്പെട്ട അനാവശ്യ ആശയക്കുഴപ്പങ്ങളും തർക്കങ്ങളും ഒഴിവാക്കാനും ആരോഗ്യ പരിപാലന സംവിധാനത്തിലെ വിശ്വാസ്യത വർദ്ധിപ്പിക്കാനും വഴിയൊരുക്കും.
ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണ ചട്ടക്കൂട് നൽകുന്ന 'ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമം - 2010', 'ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (സെൻട്രൽ ഗവൺമെന്റ്) റൂൾസ് 2012' എന്നിവ കത്തിൽ പരാമർശിക്കുന്നുണ്ട്. ഈ നിയമം ബാധകമായ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ക്ലിനിക്കൽ സ്ഥാപനങ്ങൾ, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകര്യാർത്ഥം ഓരോ സേവനത്തിനും സൗകര്യത്തിനും ഈടാക്കുന്ന നിരക്കുകൾ വ്യക്തമായി കാണാവുന്ന സ്ഥലത്ത് പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നു.
ഈ നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അതത് പ്രാദേശിക നിയമ ചട്ടക്കൂടുകൾക്ക് കീഴിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിൽ പലതിലും ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുന്നുണ്ട്.
ആരോഗ്യം സംസ്ഥാന വിഷയമാണെന്നതും നിലവിലെ ചട്ടങ്ങൾ നടപ്പാക്കാനും കർശനമാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരമുണ്ടെന്നതും കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ വഴി നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിമാരോട് ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.
വിദേശ രോഗികളുടെ ചികിത്സാ നിരക്കുകളിലെ സുതാര്യതയ്ക്കും കത്തിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. മെഡിക്കൽ അല്ലെങ്കിൽ ആയുഷ് വിസകളിൽ ഇന്ത്യയിലെത്തുന്ന വിദേശ രോഗികൾക്ക് നൽകുന്ന പാക്കേജ് നിരക്കുകൾ അനുയോജ്യമായ രീതിയിൽ വ്യക്തമായി പ്രദർശിപ്പിക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യാന്തര രോഗികളെ ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന ഈ നടപടി ബില്ലിങ് സംബന്ധിച്ച പരാതികൾ കുറയ്ക്കും. ഒപ്പം മെഡിക്കൽ, ആയുഷ് ചികിത്സാരംഗത്ത് വിശ്വസനീയ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.
വിഷയത്തിൽ ചീഫ് സെക്രട്ടറിമാരുടെ വ്യക്തിപരമായ ശ്രദ്ധ അഭ്യർത്ഥിച്ച ആരോഗ്യ സെക്രട്ടറി ബാധകമായ ചട്ടങ്ങൾക്ക് വിധേയമായി നിരക്കുകൾ എളുപ്പത്തിൽ കാണാവുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത് ഉൾപ്പെടെ ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്കും ആശുപത്രികൾക്കും ഉചിതമായ മാർഗനിർദേശങ്ങൾ നൽകാനും ആവശ്യപ്പെട്ടു.
ചികിത്സാ സംവിധാനങ്ങളെ കൂടുതൽ സുതാര്യവും ഉത്തരവാദിത്തപൂര്‍ണവും രോഗികളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതുമാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് നടപടിയിലൂടെ വ്യക്തമാകുന്നത്. ചികിത്സാ നിരക്കുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ രോഗികൾക്ക് ലഭ്യമാക്കുന്നത് രോഗീസൗഹൃദ പരിചരണത്തിന്റെ അവിഭാജ്യ ഘടകമാണ്.
*****
( റിലീസ് ഐ.ഡി: 2322231)
സന്ദര്‍ശക കൗണ്ടര്‍ : 7