ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

VB–G RAM G ദൗത്യത്തിന് കീഴില്‍ 375 ഗ്രാമീണ തൊഴില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം

പോസ്റ്റഡ് ഓണ്‍: 06 OCT 2026 8:29AM by PIB Thiruvananthpuram
വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ - ഗ്രാമീൺ (VB–G RAM G) നിയമം 2025-ന് കീഴിൽ നടപ്പാക്കാവുന്ന 375 ഗ്രാമീണ തൊഴിൽ പദ്ധതികളുടെ പട്ടിക കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിജ്ഞാപനം ചെയ്തു. പുതിയ ഗ്രാമീണ തൊഴിൽ ചട്ടക്കൂട് പ്രകാരമുള്ള തൊഴില്‍ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

മുൻ ചട്ടക്കൂടിലെ 266 പദ്ധതികളെ അപേക്ഷിച്ച് പുതിയ പട്ടികയില്‍ 41 ശതമാനം വർധനയുണ്ട്. ജലസുരക്ഷ, അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങൾ, ഉപജീവന അനുബന്ധ സൗകര്യങ്ങൾ, പ്രതികൂല കാലാവസ്ഥാ പ്രതിരോധവും ദുരന്തനിവാരണവും എന്നീ നാല് പ്രധാന മുൻഗണനാ മേഖലകളെ  അടിസ്ഥാനമാക്കിയാണ് പദ്ധതികൾ പുനഃക്രമീകരിച്ചിരിക്കുന്നത്.  

പരമ്പരാഗതമായി ആസ്തികൾ സൃഷ്ടിക്കുന്ന ശൈലിയിൽ നിന്ന് മാറി,  വേതനാധിഷ്ഠിത തൊഴിലുകളെ ദീർഘകാലം ഈടുനിൽക്കുന്ന ഗ്രാമീണ ആസ്തി നിർമാണവുമായും വ്യക്തമായ വികസന നേട്ടങ്ങളുമായും സംയോജിപ്പിക്കാനാണ് പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നത്. ഗ്രാമസഭകൾ അംഗീകരിക്കുന്ന 'വികസിത് ഗ്രാമപഞ്ചായത്ത് പ്ലാനി'ന് കീഴിൽ അടിസ്ഥാനതല വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് ഓരോ പദ്ധതിയും രൂപീകരിക്കുക.  'വികസിത് ഭാരത് ദേശീയ ഗ്രാമീണ അടിസ്ഥാനസൗകര്യ വിവരശൃംഖല' വഴി ഇവ തത്സമയം നിരീക്ഷിക്കും.

128 പദ്ധതികളുമായി ജലസുരക്ഷയ്ക്ക് പരമാവധി മുൻഗണന

നാല് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തിയിരിക്കുന്നത് ജലസുരക്ഷാ മേഖലയിലാണ് - 128 പദ്ധതികൾ. ചെക്ക് ഡാമുകൾ, നീർച്ചാൽ തടയണകൾ, ഭൂഗർഭ തടയണകൾ, ഭൂഗർഭ ജലപോഷണ കുഴികൾ, ജലനിക്ഷേപ കിണറുകൾ, നദികളുടെയും തോടുകളുടെയും അരുവികളുടെയും പുനരുജ്ജീവനം, വെള്ളക്കെട്ടുള്ള പ്രദേശങ്ങളെ വീണ്ടെടുക്കൽ, പാടങ്ങളിലെ ജലവിതരണ ചാലുകളുടെ നവീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഡ്രിപ് ഇറിഗേഷന്‍, സ്പ്രിങ്ക്ലർ സംവിധാനങ്ങൾ, മേൽക്കൂര മഴവെള്ള സംഭരണികൾ,  പരമ്പരാഗത ജലസംഭരണികൾ എന്നിവയ്ക്കൊപ്പം ജലസംരക്ഷണത്തിനും ജലസേചനത്തിനും 'ഐസ് സ്തൂപങ്ങൾ', കൃത്രിമ ഹിമാനികൾ  തുടങ്ങിയ നൂതന സാങ്കേതിക ഇടപെടലുകളും പട്ടികയിലുണ്ട്.

അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങൾക്ക് 111 പദ്ധതികൾ

ഗ്രാമപ്രദേശങ്ങളിലെ അവശ്യ പൗര-സാമൂഹ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 111 പദ്ധതികളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

സൗരോർജ തെരുവ് വിളക്കുകൾ, മാലിന്യ പുനരുപയോഗ സംസ്കരണ പ്ലാന്റുകൾ, ഉപയോഗിച്ച ജലം സംസ്കരിക്കുന്ന യൂണിറ്റുകൾ, മാലിന്യം തരംതിരിക്കുന്ന കേന്ദ്രങ്ങള്‍,  ഗ്രാമീണ വായനശാലകൾ, മൃഗാശുപത്രികളും ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളും, പൊതു സേവന കേന്ദ്രങ്ങള്‍ (സിഎസ്‍സി), വിവിധോദ്ദേശ്യ യുവജന കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി സൗകര്യങ്ങൾ, ഗവണ്‍മെന്റ് സ്കൂളുകളിലെ അധിക ക്ലാസ് മുറികളും ലബോറട്ടറികളും എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജൽ ജീവൻ മിഷന്റെ കുടിവെള്ള വിതരണ ശൃംഖലകളുടെ അറ്റകുറ്റപ്പണികളും സംരക്ഷണവും, ഗ്രാമീണ പാർക്കുകൾ, നടപ്പാതകൾ, മറ്റ് ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ പരിധിയിൽ വരും.

ഗ്രാമീണ ഉപജീവനത്തിനും മൂല്യവർധനയ്ക്കും 98 പദ്ധതികൾ

ഉപജീവന അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾക്കാണ് പുതിയ ചട്ടക്കൂടിൽ വലിയ പ്രാധാന്യം നൽകിയിരിക്കുന്നത്.  98 പദ്ധതികളാണ് ഈ വിഭാഗത്തിലുള്ളത്.  

കാർഷിക സംസ്കരണ-മൂല്യവർധന കേന്ദ്രങ്ങൾ, ഗ്രേഡിങ്-ക്ലീനിങ്-പാക്കേജിങ് കേന്ദ്രങ്ങള്‍, ശീതീകരണ സംഭരണ സൗകര്യങ്ങൾ, ചെറുകിട പൊടിമില്ലുകൾ, സംഭരണ-വിപണന കേന്ദ്രങ്ങൾ, ക്ഷീര വികസന സൗകര്യങ്ങൾ, കൂൺ കൃഷി കേന്ദ്രങ്ങള്‍, പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രങ്ങള്‍, ഹരിതഗൃഹങ്ങൾ, മത്സ്യകൃഷി സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്.

സ്വയംസഹായ സംഘങ്ങൾക്കും അവയുടെ ഫെഡറേഷനുകൾക്കുമായി തയ്യാറാക്കിയ തൊഴിൽശാലകള്‍, 'ഷീ മാർട്ട്', ഫെഡറേഷൻ കെട്ടിടങ്ങൾ, പരിശീലന-നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവയും ഒരുക്കും. മുൻ ചട്ടക്കൂടിൽ ഉപജീവന പദ്ധതികൾ വെറും 1.1 ശതമാനം മാത്രമായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തിൽ ഇത് ആകെ പദ്ധതികളുടെ 26 ശതമാനമായി ഗണ്യമായി ഉയർന്നു.

കാലാവസ്ഥാ പ്രതിരോധത്തിനും ദുരന്തനിവാരണത്തിനും 38 പദ്ധതികൾ

ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ചരിത്രത്തിലാദ്യമായി കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും ദുരന്തനിവാരണത്തിനുമായി 38 പദ്ധതികൾ ഉൾപ്പെടുത്തി പ്രത്യേക വിഭാഗം രൂപീകരിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍, സംരക്ഷണ ഭിത്തികൾ, ബണ്ടുകൾ ബലപ്പെടുത്തൽ, പ്രളയ സംരക്ഷണ പ്രവർത്തനങ്ങൾ, ദുരന്താനന്തര ഗ്രാമീണ റോഡുകളുടെയും പൊതു ആസ്തികളുടെയും പുനരുദ്ധാരണം, കാട്ടുതീ തടയുന്ന ഫയർ ലൈനുകളും ഇന്ധന ബഫർ സോണുകളും ഉള്‍പ്പെടെ വനസംരക്ഷണ നടപടികൾ എന്നിവ ഇതിലുൾപ്പെടുന്നു.

വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, വരൾച്ച, ഉരുൾപൊട്ടൽ, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ നിന്നും പ്രതികൂല കാലാവസ്ഥാ ആഘാതങ്ങളിൽ നിന്നും ഗ്രാമീണ ജനതയെയും ആസ്തികളെയും സംരക്ഷിക്കുകയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം.

കർഷകർ, പാർശ്വവൽക്കരിക്കപ്പെട്ടവര്‍,  സ്ത്രീകൾ, ഗ്രാമീണ യുവജനങ്ങള്‍ എന്നിവർക്ക് പ്രത്യേക മുൻഗണന

കര്‍ഷകര്‍, പാർശ്വവൽകൃത വിഭാഗങ്ങൾ, സ്ത്രീകൾ, ഗ്രാമീണ യുവജനങ്ങള്‍ എന്നിവരുടെ ഉന്നമനത്തിന് പട്ടികയിൽ പ്രത്യേക ഊന്നൽ നൽകുന്നു.

കർഷകരെ നേരിട്ട് സഹായിക്കുന്ന ജലം, ഭൂമി, തോട്ടവിളകൾ, കന്നുകാലികൾ, ഉല്പാദനക്ഷമമായ മറ്റ് ആസ്തികൾ എന്നിവ ഉൾപ്പെടുന്ന 181 പദ്ധതികൾ കൃഷി-അനുബന്ധ മേഖലയിലുണ്ട്. ഇതിൽ 52 എണ്ണം വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളാണ്.

ഭവനങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, ഊർജം, ജലസേചനം, തോട്ടവിളകൾ, കന്നുകാലി വളര്‍ത്തുകേന്ദ്രങ്ങള്‍, വീടുകളിലെ മറ്റ് ആസ്തികൾ എന്നിവയുൾപ്പെടെ അന്ത്യോദയ/പാർശ്വവൽകൃത വിഭാഗങ്ങൾക്കായി 107 പദ്ധതികൾ മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ 68 എണ്ണം വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളാണ്.

കൂടാതെ 'നാരി ശക്തി' വിഭാഗത്തിൽ 36 പദ്ധതികളും 'യുവ ശക്തി' വിഭാഗത്തിൽ 36 പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ കൂട്ടായ്മകൾക്കും സ്വയംസഹായ സംഘങ്ങൾക്കും അവയുടെ ഫെഡറേഷനുകൾക്കും അടിസ്ഥാന സൗകര്യങ്ങൾ, യുവജന കേന്ദ്രങ്ങൾ, നൈപുണ്യ വികസനം, സംരംഭകത്വ അധിഷ്ഠിത സൗകര്യങ്ങൾ എന്നിവ ഇതിന്റെ പരിധിയിൽ വരും.

സമഗ്രവും ഭാവിസജ്ജവുമായ ഗ്രാമീണ സൗകര്യങ്ങൾ

ഗവണ്‍മെന്റ് കെട്ടിടങ്ങളിൽ പടികളും റാംപുകളും നിർമിക്കുന്നതടക്കം  ഭിന്നശേഷി സൗഹൃദ ക്രമീകരണങ്ങൾക്ക് പുതിയ പട്ടികയിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. അതിർത്തി പ്രദേശങ്ങളിലെ അടിയന്തര ഒഴിപ്പിക്കൽ-ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍, പുനരുപയോഗ ഊർജ സൗകര്യങ്ങൾ, മാലിന്യ പുനരുപയോഗ സംവിധാനങ്ങൾ, ഉപയോഗിച്ച ജലം ശുദ്ധീകരിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങി ചാക്രിക സമ്പദ്‌വ്യവസ്ഥയെ  പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകളും ഇതിൽ ഉൾപ്പെടുന്നു.
 


 
പദ്ധതി ആസൂത്രണം   'വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ' വഴി

VB–G RAM G ദൗത്യത്തിന് കീഴിലെ പദ്ധതികൾ പ്രാദേശിക ആവശ്യങ്ങൾ മുൻനിർത്തി ഗ്രാമസഭകളുടെ അംഗീകാരത്തോടെ 'വികസിത് ഗ്രാമപഞ്ചായത്ത് പ്ലാനി'ലൂടെയാണ് ആസൂത്രണം ചെയ്യുക. 'വികസിത് ഭാരത് ദേശീയ ഗ്രാമീണ അടിസ്ഥാനസൗകര്യ വിവരശൃംഖല' വഴി ഡിജിറ്റൽ നിരീക്ഷണ സംവിധാനം കേന്ദ്ര, സംസ്ഥാന, പ്രാദേശിക പദ്ധതികളുടെ സംയോജനത്തിന് സഹായിക്കുകയും പദ്ധതികളുടെ ആവർത്തനം ഒഴിവാക്കുകയും ചെയ്യും.

ജലസുരക്ഷ, ഈടുനിൽക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന മാർഗങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമഗ്ര വികസനം എന്നിവയുമായി ഗ്രാമീണ തൊഴിലവസര സൃഷ്ടിയെ സംയോജിപ്പിച്ച് 2047-ലെ വികസിത ഭാരത ലക്ഷ്യത്തിലേക്ക് സംഭാവന നൽകാനാണ് പുതിയ പട്ടിക ലക്ഷ്യമിടുന്നത്.
 
*****

( റിലീസ് ഐ.ഡി: 2319485) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: Kannada , English , Urdu , हिन्दी , Bengali , Bengali-TR , Gujarati