ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
പഞ്ചസാര പൂഴ്ത്തിവെപ്പ് തടയാനും ഉത്സവകാലത്ത് പഞ്ചസാര ലഭ്യത ഉറപ്പാക്കാനും സ്റ്റോക്ക് പരിധി പുതുക്കി കേന്ദ്ര ഗവണ്മെന്റ്
ചില്ലറ വിപണിയിൽ പഞ്ചസാര വില 15 ശതമാനവും മിൽ വില 28 ശതമാനവും കുറഞ്ഞു
പോസ്റ്റഡ് ഓണ്‍:
01 OCT 2026 12:54PM by PIB Thiruvananthpuram
ഒക്ടോബർ ഒന്നിന് പുതിയ പഞ്ചസാര സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് ന്യായവിലയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെൻ് നടപടികൾ കർശനമാക്കി. പൂഴ്ത്തിവെപ്പ് തടയുന്നതിന് പഞ്ചസാര വ്യാപാരികൾക്ക് സ്റ്റോക്ക് കൈവശം വെക്കാവുന്ന കാലാവധി 15 ദിവസമായി കുറയ്ക്കുകയും സ്റ്റോക്ക് പരിധി 1,000 ക്വിന്റലായി നിജപ്പെടുത്തുകയും ചെയ്തു. കൊൽക്കത്തയും അനുബന്ധ മെട്രോപൊളിറ്റൻ മേഖലകളും അസം സംസ്ഥാനവും ഒഴികെ രാജ്യത്തുടനീളം 2026 ഒക്ടോബർ 15 മുതൽ നവംബർ 30 വരെ ഈ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകും.
പുതുക്കിയ വ്യവസ്ഥകൾ പ്രകാരം 2026 ഒക്ടോബർ 15 മുതൽ പഞ്ചസാര വ്യാപാരികൾ ഇനിപ്പറയുന്ന നിബന്ധനകൾ പാലിക്കണം:
-
ലഭിച്ച തീയതി മുതൽ 15 ദിവസത്തിൽ കൂടുതൽ പഞ്ചസാര സ്റ്റോക്ക് സൂക്ഷിക്കാൻ പാടില്ല.
-
രാജ്യത്തൊരിടത്തും ഒരു സമയത്തും 1,000 ക്വിന്റലിൽ കൂടുതൽ പഞ്ചസാര ശേഖരിച്ചു വെക്കരുത്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് പഞ്ചസാര എത്തിച്ച് വടക്കുകിഴക്കൻ മേഖലയടക്കമുള്ള കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നത് കൊൽക്കത്ത വഴിയാണ്. വടക്കുകിഴക്കൻ മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രതിസന്ധികളും ചരക്കുനീക്ക വെല്ലുവിളികളും ഉപഭോക്തൃ താൽപര്യങ്ങളും പരിഗണിച്ചാണ് അസമിന് ഉയർന്ന പരിധി അനുവദിച്ചത്.
വിതരണ ശൃംഖലയിൽ പഞ്ചസാര അനാവശ്യമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും പഞ്ചസാര മില്ലുകളിൽ നിന്ന് വ്യാപാരികൾ വഴി ഉപഭോക്താക്കളിലേക്ക് സുഗമമായ വിതരണം ഉറപ്പാക്കാനുമാണ് നടപടി. പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സ്റ്റോക്ക് അളവും സമയപരിധിയും പരിമിതപ്പെടുത്തുന്നതിലൂടെ വിപണിയിലെ പഞ്ചസാര വിതരണം കാര്യക്ഷമമാക്കാനും ന്യായ വിലയിൽ തടസ്സമില്ലാതെ പഞ്ചസാര ലഭ്യമാക്കാനും കേന്ദ്ര ഗവൺമെൻ്റിന് സാധിക്കും.
ചില്ലറ വിപണിയിൽ പഞ്ചസാര വില 15 ശതമാനം കുറഞ്ഞു
ഓഗസ്റ്റിലെ ഉയർന്ന നിരക്കിൽ നിന്ന് പഞ്ചസാരയുടെ ശരാശരി ചില്ലറ വിൽപന വിലയിൽ 15 ശതമാനം ഇടിവുണ്ടായി. മിൽ നിരക്കിൽ വന്ന കുറവിന്റെ പ്രയോജനം വിതരണ ശൃംഖല വഴി ഉപഭോക്താക്കളിലേക്ക് എത്തുന്നതോടെ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിൽ തലത്തിലെ പഞ്ചസാര വിലയിൽ ഏകദേശം 28 ശതമാനം കുറവുണ്ടായിട്ടുണ്ട്; കഴിഞ്ഞ മൂന്നാഴ്ചയായി ഈ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാനും സുഗമമായ വിപണനം സാധ്യമാക്കാനും ഗവൺമെൻ്റ് സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായാണ് ഈ വിലക്കുറവ്.
പഞ്ചസാര വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകണമെന്നും കൃത്രിമ ക്ഷാമമോ പൂഴ്ത്തിവെപ്പോ ഉണ്ടാക്കരുതെന്നും പഞ്ചസാര മില്ലുകളോടും ഡീലർമാരോടും മൊത്തവ്യാപാരികളോടും ഗവൺമെൻ്റ് നിർദേശിച്ചു. മിൽ നിരക്കിലുണ്ടായ വലിയ കുറവിന്റെ പ്രയോജനം അടിയന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ മൊത്ത-ചില്ലറ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ പ്രദേശത്തെയും കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുസൃതമായി കരിമ്പ് ക്രഷിങ് നടപടികൾ ആരംഭിക്കാൻ മില്ലുകൾക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് ചില പഞ്ചസാര ഉൽപാദന മേഖലകളിലുണ്ടായ മഴക്കുറവ് കരിമ്പ് കൃഷിയെ എങ്ങനെ ബാധിച്ചുവെന്ന് കേന്ദ്ര ഗവൺമെൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കും. ആഭ്യന്തര ലഭ്യത, ഉപഭോക്തൃ താൽപര്യം, കരിമ്പ് കർഷകരുടെ ക്ഷേമം എന്നിവ സന്തുലിതമായി നിലനിർത്താനാവശ്യമായ നടപടികൾ യഥാസമയം സ്വീകരിക്കും. അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ക്രഷിങ് പ്രവർത്തനങ്ങളിൽ ഉചിതമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട സംസ്ഥാന ഗവൺമെൻ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കരിമ്പ് കർഷകരും ഉപഭോക്താക്കളുമാണ് ഇന്ത്യയുടെ പഞ്ചസാര നയത്തിന്റെ രണ്ട് പ്രധാന സ്തംഭങ്ങളെന്ന് ഗവൺമെൻ്റ് ആവർത്തിച്ച് വ്യക്തമാക്കി. കരിമ്പ് കർഷകർക്ക് ന്യായമായ ആദായം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുന്നതിനൊപ്പം അനാവശ്യ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും രാജ്യത്തുടനീളം മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും ഗവൺമെൻ്റ് തുല്യ പ്രാധാന്യം നൽകുന്നു.
***
( റിലീസ് ഐ.ഡി: 2317805)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada