ആഭ്യന്തരകാര്യ മന്ത്രാലയം
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിൽ നടത്തിയ ഓപ്പറേഷനിൽ, ലഷ്കർ-ഇ-തയ്ബയുടെ മുതിർന്ന കമാൻഡറായ മൂസ എന്നറിയപ്പെടുന്ന ആസിഫ് ഫൗജിയെ ഇന്ത്യൻ സുരക്ഷാസേന വധിച്ചു
പോസ്റ്റഡ് ഓണ്‍:
30 SEP 2026 4:09PM by PIB Thiruvananthpuram
ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഖാൻസാഹിബ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുർവത്കലനിൽ, സാങ്കേതികവും മാനുഷികവുമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സുരക്ഷാസേന ഭീകരർക്കെതിരെ ഒരു സംയുക്ത ഓപ്പറേഷൻ നടത്തുകയുണ്ടായി. ഓപ്പറേഷനിൽ ലഷ്കർ-ഇ-തയ്ബയുടെ മുതിർന്ന കമാൻഡറായ ‘ആസിഫ് ഫൗജി’ എന്നറിയപ്പെടുന്ന മൂസ കൊല്ലപ്പെട്ടു. ഏറെക്കാലമായി സുരക്ഷാസേന ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മൂസയുടെ നീക്കങ്ങളും സാന്നിധ്യവും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന്, ബന്ധപ്പെട്ട എല്ലാ സുരക്ഷാ ഏജൻസികളെയും ഏകോപിപ്പിച്ച് ഇയാളെ കണ്ടെത്തുന്നതിനും നിർവ്വീര്യമാക്കുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു.
ജമ്മു കശ്മീരിലെ ലഷ്കർ-ഇ-തയ്ബ (LeT) ശൃംഖലയ്ക്ക് മൂസയുടെ വധം കനത്ത തിരിച്ചടിയാണെന്ന് സുരക്ഷാ സേന വിലയിരുത്തുന്നു. 2022 മുതൽ ജമ്മു കശ്മീരിൽ സജീവമായിരിക്കുകയും 2023 മുതൽ 2025 വരെ നടന്ന നിരവധി പ്രധാന ആക്രമണങ്ങളിൽ പങ്കാളികളാകുകയും ചെയ്ത നാല് മുതിർന്ന LeT കമാൻഡർമാരിൽ ജീവനോടെ ശേഷിച്ച അവസാനത്തെയാളായിരുന്നു മൂസ. ഈ സംഘത്തിലെ മറ്റ് മൂന്ന് കമാൻഡർമാരായ ജുനൈദ് ഭട്ട്, സുലൈമാൻ, യാസിർ എന്നിവരെ യഥാക്രമം 2024 ഡിസംബർ 3-ന് ദച്ചിഗാം, 2025 ജൂലൈ 28-ന് ഓപ്പറേഷൻ മഹാദേവ്, 2026 സെപ്റ്റംബർ 4-ന് ഓപ്പറേഷൻ അസ്ധാർ എന്നിവയിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. ഹലാൻ (2023 ഓഗസ്റ്റ്), ഡി.കെ.ജി (2023 ഡിസംബർ), കാണ്ടി (2023 മെയ്), ഷാസിതാർ (2024 മെയ്), ശിവ് ഖോരി (2024 ജൂൺ), ഗഗൻഗിർ (2024 ഒക്ടോബർ), ബൂട്ടപത്രി (2024 ഒക്ടോബർ), ബൈസാരൻ (2025 ഏപ്രിൽ) തുടങ്ങിയ ആക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടായിരുന്നു. മൂസയെ ലക്ഷ്യമിട്ടുള്ള നിലവിലെ ഓപ്പറേഷൻ ദീർഘകാലമായി തുടരുന്ന സുരക്ഷാ നടപടികളുടെ ഭാഗമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ കരസേന, കേന്ദ്ര സായുധ പോലീസ് സേനകൾ (CAPF) എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഏകോപനത്തോടെയും സഹകരണത്തോടെയും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. വിവിധ ഏജൻസികളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഭീകരവിരുദ്ധ നടപടികളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി
****
( റിലീസ് ഐ.ഡി: 2317235)
സന്ദര്‍ശക കൗണ്ടര്‍ : 6