വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കാത്തിരിപ്പിന് വിരാമം: ഇന്ത്യൻ സിനിമയുടെ മികവിന്റെ ആഘോഷത്തിനായി 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിന് സെപ്റ്റംബർ 22-ന് വേദിയൊരുങ്ങി
പോസ്റ്റഡ് ഓണ്‍:
21 SEP 2026 3:10PM by PIB Thiruvananthpuram
അരങ്ങുണർന്നു, ദീപങ്ങൾ തെളിഞ്ഞു, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളെ ആദരിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 2026 സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവഡിയയിലുള്ള ഏക്താ നഗറിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർണ്ണതോതിൽ പുരോഗമിക്കുകയാണ്. 2024-ൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളെ ആദരിച്ചുകൊണ്ട് രാഷ്ട്രപതി ഈ വിശിഷ്ട പുരസ്‌കാരങ്ങൾ സമ്മാനിക്കും.
ഇന്ത്യൻ സിനിമയിലെ ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളിൽ ഒന്നാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം. 1954-ൽ ആരംഭിച്ച ഈ പുരസ്‌കാരം, വിവിധ ഭാഷകളും പ്രദേശങ്ങളും സിനിമാ നിർമ്മാണ രീതികളും ഉൾക്കൊള്ളിച്ചുകൊണ്ട് ഫീച്ചർ ഫിലിം, നോൺ-ഫീച്ചർ ഫിലിം, സിനിമാ മേഖലയിലെ രചനകൾ എന്നീ വിഭാഗങ്ങളിലെ മികവിനെയാണ് ആദരിക്കുന്നത്.
ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം:
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് മുതിർന്ന നടൻ അനന്ത് നാഗിന് 2024-ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം നൽകും. 2026 സെപ്റ്റംബർ 22-ന് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഈ വിശിഷ്ട ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കും.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ, വൈവിധ്യമാർന്ന ചിത്രങ്ങളിലൂടെ കന്നഡ ചലച്ചിത്ര മേഖലയിലും ഇന്ത്യൻ സിനിമയ്ക്കാകെയും അനശ്വരമായ സംഭാവനകളാണ് അനന്ത് നാഗ് നൽകിയിട്ടുള്ളത്.
അദ്ദേഹത്തിന്റെ സവിശേഷ കലാസപര്യയെയും ഇന്ത്യൻ സിനിമയുടെ സമ്പന്നമായ പാരമ്പര്യത്തിന് നൽകിയ നിതാന്ത സംഭാവനകളെയും ഈ പുരസ്കാരദാനം പ്രകീർത്തിക്കുന്നു.
ഇന്ത്യൻ സിനിമയിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നു:
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം രാജ്യത്തുടനീളമുള്ള ഏറ്റവും മികച്ച സിനിമകളെയും പ്രകടനങ്ങളെയും ക്രിയാത്മക പ്രതിഭകളെയും ഒരുമിച്ച് കൊണ്ടുവരും. മികച്ച ഫീച്ചർ ഫിലിമായി 'ആർട്ടിക്കിൾ 370' തിരഞ്ഞെടുക്കപ്പെട്ടു. 'ഭംഗാർ' മികച്ച നോൺ-ഫീച്ചർ ഫിലിമായും 'രാം-നാമി' മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു.
അഭിനയ വിഭാഗത്തിൽ, 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹരായി. 'ആർട്ടിക്കിൾ 370' എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും.
'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രത്തിലൂടെ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ സിനിമയുടെ വൈവിധ്യവും സമ്പന്നതയും പ്രതിഫലിപ്പിച്ചുകൊണ്ട് മറ്റ് നിരവധി ചലച്ചിത്രങ്ങളും കലാകാരന്മാരും വിവിധ വിഭാഗങ്ങളിലായി ആദരിക്കപ്പെടും.
'കൽക്കി 2898 എഡി', 'അമരൻ', 'പുഷ്പ: ദി റൂൾ പാർട്ട്-02', 'ഭൂൽ ഭുലയ്യ 3', 'സ്ത്രീ 2' എന്നീ ചിത്രങ്ങളും വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നേടും.
രാജ്യവ്യാപക ആഘോഷം:
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ത്യൻ സിനിമയുടെ ആഘോഷത്തിൽ ഒരു പുതിയ അധ്യായത്തിന് കൂടിയാണ് തുടക്കം കുറിക്കുന്നത്. ദേശീയ തലസ്ഥാനത്തിന് പുറത്തേക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിനെ എത്തിച്ചുകൊണ്ട് ഗുജറാത്തിലെ ഏകത നഗറിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.
വരും വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന പരിപാടി സംഘടിപ്പിക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ സംരംഭം ഇന്ത്യൻ സിനിമയുടെ ആഘോഷങ്ങളെ വിവിധ പ്രദേശങ്ങളിൽ എത്തിക്കുകയും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക, ചലച്ചിത്ര വൈവിധ്യത്തെ പ്രദർശിപ്പിക്കുകയും ചെയ്യും.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, വേദി തയ്യാറായതോടെ , 2026 സെപ്റ്റംബർ 22-ലേക്ക് ഏവരും മിഴിനട്ടിരിക്കുന്നു. ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും ഇന്ത്യൻ സിനിമാ ലോകത്തെ മറ്റ് അംഗങ്ങളും 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി ഏക്താ നഗറിൽ ഒന്നിക്കും.
അരങ്ങൊരുങ്ങി. താരങ്ങൾ തയ്യാറായി . ഇന്ത്യൻ സിനിമ ആഘോഷത്തിനായി കാത്തിരിക്കുന്നു.
******
( റിലീസ് ഐ.ഡി: 2313030)
സന്ദര്‍ശക കൗണ്ടര്‍ : 18