സാംസ്‌കാരിക മന്ത്രാലയം
പ്രധാനമന്ത്രിയ്ക്ക് ലഭിച്ച ഉപഹാരങ്ങളുടെ ഇ-ലേലത്തിൻ്റെ എട്ടാം പതിപ്പ് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
16 SEP 2026 6:26PM by PIB Thiruvananthpuram
പ്രധാനമന്ത്രിയ്ക്ക് ലഭിച്ച ഉപഹാരങ്ങളുടെ ഇ-ലേലത്തിൻ്റെ (പിഎം മെമെൻ്റോസ് ഇ-ലേലം) എട്ടാം പതിപ്പ് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് അഗർവാളിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവിധ അവസരങ്ങളിലായി പ്രധാനമന്ത്രിക്ക് ലഭിച്ച സവിശേഷമായ ഉപഹാരങ്ങൾ സ്വന്തമാക്കാൻ പൗരന്മാർക്കും കളക്ടർമാർക്കും സ്ഥാപനങ്ങൾക്കും, കലാ- സാംസ്കാരിക പ്രേമികൾക്കും ഈ ലേലം അവസരമൊരുക്കുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള എട്ടാമത് ഇ-ലേലം 2026 സെപ്റ്റംബർ 17 മുതൽ ഔദ്യോഗിക പോർട്ടലായ www.pmmementos.gov.in ൽ ആരംഭിക്കും.
എട്ടാമത് പതിപ്പിൽ ആകെ 1,498 ഉപഹാരങ്ങളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ശേഖരമെന്നും, രാജ്യത്തിൻ്റെ കലാപാരമ്പര്യങ്ങൾ, പരമ്പരാഗത കരകൗശല വൈദഗ്ദ്ധ്യം, സാംസ്കാരിക ആചാരങ്ങൾ, ആത്മീയ പാരമ്പര്യങ്ങൾ, കായിക നേട്ടങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന വസ്തുക്കൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഈ ഉപഹാരങ്ങൾ ലഭിച്ചിട്ടുള്ളത്. ഇത് ഈ ശേഖരത്തിന് വ്യതിരിക്തമായ അഖിലേന്ത്യാ തനിമ നൽകുന്നു.
ശേഖരത്തിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യത്തെ കൂടുതൽ വ്യക്തമാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, അസം, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള ഉപഹാരങ്ങൾക്കാണ് കൂടുതൽ പ്രാതിനിധ്യമുള്ളതെന്ന് അദ്ദേഹം പരാമർശിച്ചു. ഈ എട്ടാമത് പതിപ്പിൽ ശേഖരത്തിലെ സവിശേഷമായ ചില വസ്തുക്കളെ പ്രതിനിധീകരിക്കുന്ന 50 ഹീറോ ഒബ്‌ജക്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ ഷെഖാവത്ത് അറിയിച്ചു. കർണാടകയിൽ നിന്നുള്ള ശ്രീരാമൻ്റെ വെള്ളി ഉപഹാരം (അടിസ്ഥാന വില 13.50 ലക്ഷം രൂപ), കാകതീയ കലാ തോരണത്തിൻ്റെ വെള്ളി പകർപ്പ് (അടിസ്ഥാന വില 9 ലക്ഷം രൂപ), ഫ്രെയിം ചെയ്ത ട്രീ ഓഫ് ലൈഫ് ഗോണ്ട് ആർട്ട് പെയിൻ്റിംഗ് (അടിസ്ഥാന വില 7.50 ലക്ഷം രൂപ), രഥത്തിലുള്ള ജഗന്നാഥ പരിവാർ (അടിസ്ഥാന വില 6 ലക്ഷം രൂപ), ഫ്രെയിം ചെയ്ത 99.99 ഫൈൻ ഗോൾഡ് പൂശിയ രാധാകൃഷ്ണ കലാസൃഷ്ടി (അടിസ്ഥാന വില 5.40 ലക്ഷം രൂപ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തുടർച്ചയായ പതിപ്പുകളിലൂടെ സംഘടിപ്പിച്ചുവരുന്ന പിഎം മെമെൻ്റോസ് ഇ-ലേലത്തിൽ പൗരന്മാർ, കളക്ടർമാർ, സ്ഥാപനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിട്ടുണ്ടെന്ന് ശ്രീ ഷെഖാവത്ത് പറഞ്ഞു. ഈ ഉപഹാരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സുതാര്യമായ സംവിധാനം ഒരുക്കുന്നതിനൊപ്പം, ഇന്ത്യയുടെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പാരമ്പര്യങ്ങളെ അടുത്തറിയാനും വിലമതിക്കാനും ഈ സംരംഭം അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ച മന്ത്രി, പിഎം മെമെൻ്റോസ് ഇ-ലേലത്തിൽ നിന്നുള്ള വരുമാനം നമാമി ഗംഗാ പദ്ധതിയിലേക്ക് കൈമാറുന്നുവെന്നതാണ് പ്രധാന സവിശേഷതയെന്നും വ്യക്തമാക്കി. ഇതുവഴി, ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ഗംഗാ നദിയുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമുള്ള ദേശീയ ദൗത്യവും തമ്മിൽ അർത്ഥവത്തായ ബന്ധം ഈ സംരംഭം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടാണ് (NGMA) ഈ ഉദ്യമത്തിൻ്റെ ഡോക്യുമെൻ്റേഷൻ, പ്രദർശനം, പ്രവർത്തനപരമായ ക്രമീകരണങ്ങൾ എന്നിവ ഏകോപിപ്പിച്ചിരിക്കുന്നത്. സാങ്കേതിക, പോർട്ടൽ സംബന്ധമായ പിന്തുണയ്ക്കായി എൻ.ഐ.സി, മൂല്യനിർണ്ണയത്തിനും വിലനിർണ്ണയത്തിനുമായി ബന്ധപ്പെട്ട അധികാരികൾ, പേയ്‌മെൻ്റ് ഗേറ്റ്‌വേ പിന്തുണയ്ക്കായി എസ്.ബി.ഐ, ലേലത്തിൽ വിജയകരമായി സ്വന്തമാക്കിയ വസ്തുക്കൾ പാക്ക് ചെയ്യുന്നതിനും എത്തിച്ചുനൽകുന്നതിനുമായി ചുമതലപ്പെടുത്തിയ ഫൈൻ ആർട്ട് ഹാൻഡ്‌ലിംഗ് ഏജൻസി എന്നിവരുൾപ്പെടെ വിവിധ പങ്കാളികളുമായുള്ള ഏകോപനം ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.
ഇ-ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് വസ്തുക്കൾ നേരിൽ കാണാനും അവയുടെ കലാപരവും സാംസ്കാരികവുമായ പ്രാധാന്യം മനസ്സിലാക്കാനും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള പ്രദർശനം അവസരമൊരുക്കും. ഈ ശേഖരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഇന്ത്യയുടെ പരമ്പരാഗത കരകൗശല വൈദഗ്ദ്ധ്യം, കലാപരമായ ശൈലികൾ, സാംസ്കാരിക ആവിഷ്കാരങ്ങൾ എന്നിവയുടെ വൈവിധ്യം അടുത്തറിയാൻ ഈ പ്രദർശനം പൊതുജനങ്ങളെ സഹായിക്കും.
പ്രദർശനം സന്ദർശിക്കുന്നതിനും ഈ ശേഖരം അടുത്തറിയുന്നതിനും പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങളുടെ എട്ടാമത് ഇ-ലേലത്തിൽ പങ്കെടുക്കുന്നതിനുമായി പൗരന്മാർ, കളക്ടർമാർ, സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, കലാപ്രേമികൾ, രാജ്യത്തെ പൊതുജനങ്ങൾ എന്നിവരെ സാംസ്കാരിക മന്ത്രാലയം ക്ഷണിക്കുന്നു.
ഇന്ത്യയുടെ പൈതൃകം, കല, കരകൗശല വൈദഗ്ദ്ധ്യം, സാംസ്കാരിക വൈവിധ്യം എന്നിവയെ ആഘോഷിക്കുന്നതോടൊപ്പം പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയും, നമാമി ഗംഗാ പദ്ധതിയിലൂടെ ഒരു സുപ്രധാന ദേശീയ ദൗത്യത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു സംരംഭമാണ് പിഎം മെമെൻ്റോസ് ഇ-ലേലം.
****
( റിലീസ് ഐ.ഡി: 2311137)
സന്ദര്‍ശക കൗണ്ടര്‍ : 6