വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
നടൻ അനന്ത് നാഗിന് 2024-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം; ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കും ശ്രദ്ധേയമായ ചലച്ചിത്ര ജീവിതത്തിനും ആദരം
പോസ്റ്റഡ് ഓണ്‍:
16 SEP 2026 6:18PM by PIB Thiruvananthpuram
ദാദാസാഹിബ് ഫാൽക്കെ പുരസ്കാര തിരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശയെ തുടർന്ന്, ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ മികച്ചതും വിലമതിക്കാനാവാത്തതുമായ സംഭാവനകൾ പരിഗണിച്ച് മുതിർന്ന നടൻ ശ്രീ അനന്ത് നാഗിന് 2024-ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സമ്മാനിക്കുമെന്ന് ഇന്ത്യാ ഗവണ്മെൻ്റ് സന്തോഷപൂർവ്വം അറിയിക്കുന്നു. തലമുറകളായി കലാകാരന്മാർക്ക് പ്രചോദനമേകുകയും രാജ്യത്തിൻ്റെ സാംസ്കാരിക മേഖലയെ സമ്പന്നമാക്കുകയും ചെയ്ത, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചലച്ചിത്ര ജീവിതത്തെയാണ് ഈ പുരസ്കാരം അംഗീകരിക്കുന്നത്. 2026 സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ ശ്രീ അനന്ത് നാഗിന് പുരസ്കാരം സമ്മാനിക്കും.
ശ്രീ അനന്ത് നാഗിനെക്കുറിച്ച്
ഇന്ത്യൻ സിനിമയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി വേറിട്ട അഭിനയ മികവിലൂടെയും ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകളിലൂടെയും ശ്രദ്ധേയനായ മുതിർന്ന നടനാണ് ശ്രീ അനന്ത് നാഗ് (ജനനം: 1948 സെപ്റ്റംബർ 4, കർണാടക). സങ്കൽപ് എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം അങ്കൂർ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമയിലേക്ക് ചുവടുവെച്ചത്. തുടർന്ന്, ഏറെ ശ്രദ്ധേയമായ മാൽഗുഡി ഡേയ്സ് ഉൾപ്പെടെ കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, മറാത്തി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകിയിട്ടുണ്ട്.
ശ്രീ അനന്ത് നാഗ് അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങളും കർണാടക സംസ്ഥാനത്തിൻ്റെ മികച്ച നടനുള്ള അഞ്ച് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൂടാതെ കർണാടക രാജ്യോത്സവ പുരസ്കാരം, കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, കർണാടക സംസ്ഥാന ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബെംഗളൂരു നോർത്ത് സർവകലാശാലയിൽ നിന്നുള്ള ഓണററി ഡോക്ടറേറ്റ് പദവിയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 2023-ൽ, സിനിമാ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം സുവർണ്ണ ജൂബിലിയും ആഘോഷിച്ചു.
സിനിമയ്ക്ക് പുറമെ, 1988 മുതൽ 1994 വരെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും, 1994 മുതൽ 1999 വരെ കർണാടക നിയമസഭാംഗമായും ശ്രീ അനന്ത് പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ അദ്ദേഹം ബെംഗളൂരു നഗര വികസന സഹമന്ത്രിയായും ചുമതല വഹിച്ചു. 2025-ൽ ഇന്ത്യാ ഗവണ്മെൻ്റ് അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു. അഭിനയത്തിലെ വൈവിധ്യവും വിനയവും ഇന്ത്യൻ സിനിമയ്ക്ക് നൽകിയ എക്കാലത്തെയും മികച്ച സംഭാവനകളും മുൻനിർത്തി ആദരിക്കപ്പെടുന്ന, ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സാംസ്കാരിക വ്യക്തിത്വങ്ങളിൽ ഒരാളായി ശ്രീ അനന്ത് നാഗ് ഇന്നും നിലകൊള്ളുന്നു.
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തെക്കുറിച്ച്
1913-ൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഫീച്ചർ ചിത്രമായ രാജാ ഹരിശ്ചന്ദ്ര സംവിധാനം ചെയ്ത ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് 1969-ലാണ് ഇന്ത്യാ ഗവണ്മെൻ്റ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയത്. ആദ്യ പുരസ്കാരം ദേവികാ റാണിക്കാണ് സമ്മാനിച്ചത്. സിനിമാരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം, 'ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ മികച്ച സംഭാവനകൾ' മുൻനിർത്തിയാണ് സമ്മാനിക്കുന്നത്. സ്വർണ്ണ കമലം പതക്കവും പൊന്നാടയും 10 ലക്ഷം രൂപയും അടങ്ങുന്നതാണ് ഈ പുരസ്കാരം.
***
( റിലീസ് ഐ.ഡി: 2311112)
സന്ദര്‍ശക കൗണ്ടര്‍ : 13